X

ഖത്തര്‍ ലോകകപ്പ്; ആദ്യനാള്‍ ടെന്‍ഷന്‍

ദോഹ: ലോകകപ്പിന്റെ ഉദ്ഘാടന ദിവസം സാധാരണ ആതിഥേയരുടെ ഒരു മല്‍സരമാണ് നടത്താറ്. ചില ലോകകപ്പുകൡ രണ്ട് മല്‍സരം ആദ്യദിനം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഖത്തറില്‍ ഉദ്ഘാടന ദിവസമായ നവംബര്‍ 21 ന് മല്‍സരങ്ങള്‍ നാലാണ്.

പല ലോകകപ്പുകളുടെയും താളം നിര്‍ണയിക്കുന്നത് പോലും ഉദ്ഘാടന മല്‍സരങ്ങളാണ്. 1990 ലെ ലോകകപ്പ് ഓര്‍മയില്ലേ…? ആ ലോകകപ്പില്‍ അര്‍ജന്റീന വന്നത് നിലവിലെ ചാമ്പ്യന്മാര്‍ എന്ന ഖ്യാതിയിലായിരുന്നു. 1986 ലെ മെക്‌സിക്കന്‍ ലോകകപ്പില്‍ ഡിയാഗോ മറഡോണ മാജിക്കില്‍ അര്‍ജന്റീന ലോകത്തോളം ഉയര്‍ന്നത് മറക്കാനാവില്ല. ആ നേട്ടത്തിന് ശേഷമാണ് അതേ മറഡോണക്ക് കീഴില്‍ അവര്‍ 1990 ല്‍ ഇറ്റലിയിലെത്തിയത്. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ റോജര്‍ മില്ലയുടെ കാമറൂണിനോട് തോറ്റു. ആ ലോകകപ്പ് അതോടെ അട്ടിമറിക്കാരുടെ ലോകകപ്പായി. കുഞ്ഞന്‍ ടീമുകള്‍ കരുത്തരായി മാറി. കാമറുണ്‍ ക്വാര്‍ട്ടര്‍ വരെയെത്തി.

2002 ല്‍ ഏഷ്യ ആതിഥേയത്വം വഹിച്ച ആദ്യ ലോകകപ്പ് ജപ്പാനിലും കൊറിയയിലുമായിട്ടാണ് നടന്നത്. ആ ലോകകപ്പിലെ ആദ്യ മല്‍സരം അന്നത്തെ ചാമ്പ്യന്മാരായ ഫ്രാന്‍സും സെനഗലും തമ്മിലായിരുന്നു. സിനദിന്‍ സിദാന്‍ എന്ന വിഖ്യാതനായ താരം കളിച്ചിട്ടും ചാമ്പ്യന്മാര്‍ തകര്‍ന്നപ്പോള്‍ ആ സെനഗല്‍ വിജയം പ്രചോദിപ്പിച്ചത് കൊച്ചു ടീമുകളെയായിരുന്നു. കൊറിയക്കാര്‍ സെമി ഫൈനല്‍ വരെ കളിച്ചു ആ ലോകകപ്പില്‍. തുര്‍ക്കി മൂന്നാം സ്ഥാനം നേടി. ഇത്തരം താളങ്ങള്‍ ഓരോ ലോകകപ്പിനെയും അടയാളപ്പെടുത്തുമ്പോള്‍ ഖത്തറിലെ ആദ്യ ദിവസം അട്ടിമറികള്‍ നടക്കുമെന്നുറപ്പ്.

നവംബര്‍ 21 ന് നടക്കുന്ന നാല് മല്‍സരങ്ങളിലൊന്ന് സെനഗലും നെതര്‍ലന്‍ഡ്‌സും തമ്മിലാണ്. ഡച്ച് സംഘത്തില്‍ സൂപ്പര്‍ താരങ്ങള്‍ നിരവധി പേരുണ്ട്. യൂറോപ്യന്‍ ക്ലബുകള്‍ക്കായി കളിക്കുന്ന വിലയേറിയ താരങ്ങള്‍. എന്നാല്‍ ഡച്ചുകാരെ സെനഗല്‍ മറിച്ചിട്ടാല്‍ ഖത്തറില്‍ പിന്നീടുള്ള ദിവസങ്ങള്‍ കൊച്ചു ടീമുകള്‍ക്ക്് കരുത്ത് നല്‍കുമെന്നുറപ്പ്. ഉദ്ഘാടന മല്‍സരത്തില്‍ നേര്‍ക്കുനേര്‍ വരുന്നത് ഖത്തറും ഇക്വഡോറും തമ്മിലാണ്. ഫിഫ റാങ്കിംഗില്‍ 51 ലാണ് ഖത്തര്‍. ലാറ്റിനമേരിക്കന്‍ ശക്തരായ ഇക്വഡോറാവട്ടെ 46 ലും.

ഘാന പകരം വീട്ടുമോ

ഖത്തറില്‍ ഘാനക്കാര്‍ക്കൊരു പ്രതികാരം തീര്‍ക്കാന്‍ അവസരം വരുന്നു. 2010 ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ഘാന എന്ന കൊച്ചു ആഫ്രിക്കന്‍ രാജ്യം ലോകകപ്പ് സെമിയുടെ പടിവാതില്‍ക്കല്‍ എത്തിയിരുന്നു. യുറഗ്വായ്‌ക്കെതിരായ മല്‍സരം നിശ്ചിത സമയത്ത് സമനിലയില്‍ കലാശിച്ചപ്പോള്‍ അധികസമയം നിശ്ചയിക്കപ്പെട്ടു. അധികസമയത്തിന്റെ അവസാനത്തില്‍ സൂപ്പര്‍ താരം അസമാവോ ഗ്യാനിന്റെ കരുത്തില്‍ പന്ത് യുറഗ്വായ് വലയിലേക്ക് പ്രവേശിക്കവെ യുറഗ്വായ് സൂപ്പര്‍ താരം ലൂയിസ് സുവാരസ് പന്ത് കൈ കൊണ്ട് തടഞ്ഞു. ഉടന്‍ തന്നെ റഫറി സുവാരസിന് ചുവപ്പ് കാര്‍ഡ് നല്‍കി. പക്ഷേ അനുവദിക്കപ്പെട്ട പെനാല്‍ട്ടി കിക്ക്്് ലക്ഷ്യത്തിലെത്തിക്കാന്‍ ഗ്യാനിന് കഴിഞ്ഞില്ല. തുടര്‍ന്ന് ഷൂട്ടൗട്ട്. ഇതില്‍ യുറഗ്വായ് വിജയിക്കുകയും ചെയ്തു. അന്നത്തെ ആ തോല്‍വിക്ക് പകരം വീട്ടാനാണ് ഗ്രൂപ്പ് എച്ചില്‍ ഘാന യുറഗ്വായുമായി കളിക്കാനിരിക്കുന്നത്. അന്ന് ഘാനയുടെ വിജയം സ്വന്തം കൈകള്‍ കൊണ്ട് തടഞ്ഞ ലൂയിസ് സുവാരസ് ഇത്തവണയും യുറഗ്വായ് സംഘത്തിലുണ്ടാവും.

 

Test User: