ലോകകപ്പിന് അപ്രതീക്ഷിത സെമിഫൈനല്‍ ചിത്രം. രണ്ട് ദിവസത്തെ വിശ്രമ ദിനങ്ങള്‍ക്ക് ശേഷം ചൊവ്വാഴ്ച രാത്രി 12.30ന് ലുസൈല്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ അര്‍ജന്റീനയും ക്രൊയേഷ്യയും തമ്മില്‍ ഒന്നാം സെമി ഫൈനലിനിറങ്ങും. ബുധനാഴ്ച അല്‍ബൈത്ത് സ്റ്റേഡിയത്തിലാണ് രണ്ടാം സെമി ഫൈനല്‍. അട്ടിമറി രാജാക്കന്മാരായ മൊറോക്കോയും മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സും തമ്മില്‍.
നവംബര്‍ 20 ന് തുടങ്ങിയ വിശ്വ ഫുട്ബോള്‍ മാമാങ്കം പരാതി രഹിതമായി സമാപനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ലോകത്തിന്റെ മുഴുവന്‍ പ്രശംസയും സ്വീകരിക്കുകയാണ് ഖത്തര്‍. 64 മല്‍സരങ്ങളില്‍ അറുപതും വിജയകരമായി പിന്നിട്ടിരിക്കുന്നു. കാണികളുടെ എണ്ണത്തില്‍, ടെലിവിഷന്‍ പ്രേക്ഷകരുടെ എണ്ണത്തില്‍, അതിവേഗ മല്‍സര സമയ ക്രമീകരണങ്ങളുടെ പേരില്‍.., ഖത്തര്‍ ചരിത്രമാവുകയാണ്. അറബ് ലോകം ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ ഒരു അറബ് രാജ്യം ആദ്യമായി ലോകകപ്പ് സെമി ഫൈനലില്‍ പ്രവേശിച്ചുവെന്നതും ഖത്തറിന് തിളക്കമാവുന്നു. കരുത്തരായ പോര്‍ച്ചുഗലിനെ തകര്‍ത്ത് വന്ന മൊറോക്കോ ആഫ്രിക്കന്‍ വന്‍കരക്കും അഭിമാനമാവുകയാണ്.
വമ്പന്‍ ടീമുകളില്‍ അര്‍ജന്റീനയും ഫ്രാന്‍സും മുന്‍നിരയില്‍ തന്നെ. മെഗാ താരങ്ങളില്‍ ലിയോ മെസിയും കിലിയന്‍ എംബാപ്പേയും. അല്‍ബൈത്ത് സ്റ്റേഡിയത്തില്‍ നടന്ന അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ തട്ടുതകര്‍പ്പന്‍ പ്രകടനം നടത്തിയാണ് ഫ്രാന്‍സ് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. പക്ഷേ ലോകം ചര്‍ച്ച ചെയ്ത ക്വാര്‍ട്ടര്‍ ഫൈനല്‍ യുദ്ധം മൊറോക്കോയും പോര്‍ച്ചുഗലും തമ്മില്‍ തുമാമ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടമായിരുന്നു. തുടക്കത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന വിശ്വ താരത്തെ പുറത്തിരുത്തി പോര്‍ച്ചുഗല്‍ നടത്തിയ കരുനീക്കം പാളിയപ്പോള്‍ ആ താരത്തോട് ടീം ചെയ്ത ചതിയില്‍ ഫുട്ബോള്‍ ലോകം ഒന്നടങ്കം വേദനിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ താരത്തോട് ചെയ്ത ക്രൂരതക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.