X

ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിക്കില്ലെന്ന് ഖത്തര്‍

 

ദോഹ: ഇസ്രാഈലിന്റെ തലസ്ഥാനമായി ജറൂസലേമിന് അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെടുന്ന എല്ലാ നടപടികളെയും തള്ളിക്കളയുന്നതായി ഖത്തര്‍ വ്യക്തമാക്കി. എല്ലാ അറബ്, മുസ്‌ലീം ജനങ്ങള്‍ക്കും ജറൂസലേമിലുള്ള പ്രത്യേക പ്രാധാന്യത്തെക്കുറിച്ചും ആവര്‍ത്തിച്ചു. ജറൂസലേമിന്റെ ചരിത്രപരവും നിയമപരുവമായ സാഹചര്യങ്ങളെ ബഹുമാനിക്കണം.
അതിനെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത എന്തു പ്രത്യാഘാതങ്ങളെയും ഒഴിവാക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. അത്തരം പ്രവര്‍ത്തനങ്ങള്‍ മിഡില്‍ഈസ്റ്റിലെ സുരക്ഷിതത്വത്തിനും സുസ്ഥിരതയ്ക്കും ഗുരുതരമായ ഭവിഷ്യത്തുണ്ടാക്കാനിടയാക്കും. ജറൂസലേമിന് ഇസ്രാഈലിന്റെ തലസ്ഥാനമെന്ന അംഗീകാരം നല്‍കുന്നത് രാജ്യന്തര നിയമങ്ങള്‍ക്കും രാജ്യാന്തര നിയമ പ്രമേയങ്ങള്‍ക്കും പൂര്‍ണമായും വിരുദ്ധമാണ്. രണ്ടു രാജ്യങ്ങളെന്ന പരിഹാരത്തിന്റെ അടിസ്ഥനത്തിലുള്ള സമാധാനശ്രമങ്ങള്‍ക്ക് വിരുദ്ധമാണിതെന്നും ഖത്തര്‍ വ്യക്തമാക്കി. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സമാധാനത്തിന്റെ സംസ്‌കാരം എന്ന പേരില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കവെ യുഎന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലി അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സമാധാനശ്രമങ്ങള്‍ക്ക് വിരുദ്ധമായ എന്തുതരം പ്രവര്‍ത്തനങ്ങളും ഒഴിവാക്കപ്പെടേണ്ടതാണ്. മുന്‍പുള്ളതിനേക്കാള്‍ കൂടുതലായി ഇന്ന് ലോകം സുസ്ഥിര സമാധാനം ആഗ്രഹിക്കുന്നുണ്ട്. ഫലസ്തീന്‍ വിഷയത്തില്‍ പരിഹാരം കാണാനാകുന്നില്ലെങ്കില്‍ മിഡില്‍ഈസ്റ്റിലെ സമാധാനമെന്നത് പിടികൊടുക്കാനാകാത്ത ലക്ഷ്യമായി തുടരും- ശൈഖ ആലിയ വിശദീകരിച്ചു.
സമാധാനത്തിന്റെയും സംവാദത്തിന്റെയും പരസ്പര മനസിലാക്കലിന്റെയും സംസ്‌കാരവും മതങ്ങളും സംസ്‌കാരങ്ങളും തമ്മിലുള്ള സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിലെ രാജ്യാന്തര ശ്രമങ്ങളെക്കുറിച്ചും അവര്‍ വിശദീകരിച്ചു.ലോകത്ത് തര്‍ക്കങ്ങളും പ്രതിസന്ധികളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യാന്തര സമാധാനത്തിനും സുരക്ഷയ്ക്കുമായുള്ള വെല്ലുവിളികളെയും തടസങ്ങളെയും നേരിടുന്നതില്‍ രാജ്യാന്തര സമൂഹത്തിന്റെ ദൃഢനിശ്ചയം പ്രതിഫലിപ്പിക്കുന്നതാണ് ഇത്തരം ശ്രമങ്ങളെന്ന് ശൈഖ ആലിയ വിശദീകരിച്ചു. സാമൂഹിക മത സാംസ്‌കാരിക പൈതൃകങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞതാണ് ഖത്തറിന്റെ നയം.
സൗമ്യത, സഹിഷ്ണുത, ജനങ്ങള്‍ക്കിടയിലെ സാംസ്‌കാരിക- നാഗരിക- മതപരമായ വ്യത്യാസങ്ങള്‍ ഉള്‍ക്കൊള്ളല്‍ എന്നിവ ഉള്‍പ്പെടുത്തിയ നയമാണ് ഖത്തര്‍ സ്വീകരിച്ചിരിക്കുന്നത്. രാജ്യാന്തര സമാധാനവും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് രാജ്യാന്തര സമൂഹത്തില്‍ സജീവവും ഉത്തരവാദിത്വബോധത്തോടെയുമുള്ള പങ്ക് ഖത്തര്‍ വഹിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. സംസ്‌കാരങ്ങള്‍ക്കും മതങ്ങള്‍ക്കുമിടയില്‍ സമാധാനത്തിന്റെയും സംവാദത്തിന്റെയും പരസ്പരമനസിലാക്കലിന്റെയും സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതില്‍ യുണൈറ്റഡ് നേഷന്‍സ് അലൈന്‍സ് ഓഫ് സിവിലൈസേഷന്‍സ് വഹിക്കുന്ന പങ്ക് എടുത്തുപറഞ്ഞ ശൈഖ ആലിയ അത്തരം പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതില്‍ ഖത്തര്‍ മുന്‍പന്തിയിലുണ്ടെന്നും സഹായം തുടര്‍ന്നും ലഭ്യമാക്കുമെന്നും വ്യക്തമാക്കി. ജനങ്ങളുമായി സാംസ്‌കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിന് ഖത്തര്‍ ഊന്നല്‍ നല്‍കുന്നുണ്ട്. സമാധാന സംസ്‌കാരത്തിനാണ് ഊന്നല്‍. ഖത്തര്‍ ദേശീയ ദര്‍ശന രേഖ 2030ന് അനുസൃതമായാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. ഇതിന്റെ ഭാഗമായാണ് ജര്‍മനിയില്‍ അറബ് സാംസ്‌കാരിക കേന്ദ്രം തുറന്നത്. അറബ് ജര്‍മന്‍ സംസ്‌കാരങ്ങള്‍ തമ്മിലുള്ള സഹകരണം ആഴത്തിലാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ശൈഖ ആലിയ പറഞ്ഞു.
ഖത്തറിന്റെ നയതന്ത്രമെന്നത് അക്രമം ഉള്‍പ്പെടുന്നില്ല എന്നത് മാത്രമല്ല, വിട്ടുവീഴ്ചയുടെയും നീതിയുടെയും അടിസ്ഥാനത്തിലുള്ള സ്ഥിരസമാധാനമാണ് നയം മുന്നോട്ടുവയ്ക്കുന്നത്. മധ്യസ്ഥതയെയും പ്രതിരോധ നയത്തെയുമാണ് ഖത്തര്‍ പിന്തുണയ്ക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. സുസ്ഥിരസമാധാനം സംബന്ധിച്ച ഏപ്രിലിലെ ഉന്നതതലസമ്മേളനത്തിനു മുന്നോടിയായി ജനുവരി 18, 19 തീയതികളില്‍ ഖത്തര്‍ രാജ്യാന്തര സമ്മേളനത്തിന് വേദിയാകും.മിഡില്‍ ഈസ്റ്റ്, ഇസ് ലാമിക രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടാകും.

chandrika: