X

ഖത്തര്‍ വാര്‍; വീണ്ടും ലോകകപ്പ് യോഗ്യതാ യുദ്ധങ്ങള്‍

ലണ്ടന്‍: തല്‍ക്കാലം ക്ലബ് ഫുട്‌ബോളിന് വിട. അടുത്ത ഒരാഴ്ച്ച ലോകകപ്പ് വാരമാണ്. ഖത്തര്‍ ടിക്കറ്റ് തേടുന്ന പല പ്രമുഖരുടെയും നെഞ്ചിടിക്കുന്ന വാരം. ആഫ്രിക്കയില്‍ നിന്നും ഖത്തറിലെത്തുന്ന അഞ്ച് പേരുടെ കാര്യത്തില്‍ തീരുമാനാവാതിരിക്കുമ്പോള്‍ ഈജിപ്തും സെനഗലും വെള്ളിയാഴ്ച്ച നേര്‍ക്കുനേര്‍. യൂറോപ്പിലെ പ്ലേ ഓഫ് ആദ്യപാദത്തില്‍ ഇറ്റലിയും പോര്‍ച്ചുഗലും മുഖാമുഖം. ലോകം കാത്തിരിക്കുന്ന രണ്ട് പോരാട്ടങ്ങളാണിവ. ആഫ്രിക്കയില്‍ നിന്ന് പത്ത് ടീമുകളാണ് യോഗ്യതാ ഘട്ടത്തിന്റെ അവസാനത്തിലുള്ളത്. ഇവരുടെ മുഖാമുഖം ആരംഭിക്കുമ്പോള്‍ പ്രീമിയര്‍ ലീഗിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ നേര്‍ക്കുനേര്‍. ലിവര്‍പൂള്‍ നിരയിലെ മുഹമ്മദ് സലാഹ് ഈജിപ്ത് സംഘത്തിലും സാദിയോ മാനേ സെനഗല്‍ സംഘത്തിലുമിറങ്ങുമ്പോള്‍ കെയ്‌റോ അങ്കത്തില്‍ പലതുമുണ്ട്. ആഫ്രിക്കന്‍ നാഷന്‍സ് ലീഗ് ഫൈനലില്‍ ഇവര്‍ മുഖാമുഖം വന്നപ്പോള്‍ മാനേയാണ് ചിരിച്ചത്. അതിന് പകരം വീട്ടാനുള്ള അവസരമാണ് സലാഹിന്. യൂറോപ്പില്‍ വലിയ അങ്കം പോര്‍ച്ചുഗലും ഇറ്റലിയും തമ്മിലാണ്. സൂപ്പര്‍ മെഗാ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ ഖത്തറിലുണ്ടാവുമോ എന്നറിയാനും വന്‍കരാ ചാമ്പ്യന്മാരായ ഇറ്റലിക്ക് തുടര്‍ച്ചയായി രണ്ടാം ലോകകപ്പും നഷ്ടമാവുമോ എന്നറിയാനും വരും ദിവസങ്ങള്‍ക്കായി കാത്തിരിക്കണം. എന്തായാലും ഒന്നുറപ്പാണ്- പോര്‍ച്ചുഗലും ഇറ്റലിയും ഒരുമിച്ച് ഖത്തറിലുണ്ടാവില്ല. രണ്ടില്‍ ആരെങ്കിലുമൊരാള്‍. അത് ആരായിരിക്കുമെന്ന ചോദ്യത്തിനാണ് ഉത്തരം വരുന്നത്.

Test User: