ദോഹ: ഖത്തറിന്റെ ആറാമത്തെ വലിയ വ്യാപാര പങ്കാളിയാണ് അമേരിക്കയെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ആറു ബില്യണ്‍ ഡോളറിലെത്തിയതായും സാമ്പത്തിക വാണിജ്യ മന്ത്രി ശൈഖ് അഹമ്മദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍താനി പറഞ്ഞു. പ്രഥമ ഖത്തര്‍- അമേരിക്ക നയതന്ത്ര സംവാദത്തില്‍ പങ്കെടുക്കാന്‍ വാഷിങ്ടണിലെത്തിയ അദ്ദേഹം യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
ഖത്തറിന്റെ ജിഡിപി(ആഭ്യന്തര ഉത്പാദന വളര്‍ച്ച)യില്‍ 2017ല്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
220 ബില്യണ്‍ ഡോളര്‍വരെയായി. 2016ല്‍ ജിഡിപി 218 ബില്യണ്‍ ഡോളറായിരുന്നു. ജിഡിപിയുടെ യഥാര്‍ഥ വളര്‍ച്ചാനിരക്ക് 2017ല്‍ രണ്ടുശതമാനത്തിലേക്കെത്തിയിരുന്നു. ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഖത്തറിന്റെ യഥാര്‍ഥ ജിഡിപി വളര്‍ച്ചാനിരക്ക് 2018ല്‍ 2.6ശതമാനത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാമ്പത്തിക വാണിജ്യമന്ത്രി പറഞ്ഞു.അമേരിക്കയിലെ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ഖത്തര്‍ തുടര്‍ച്ചയായി ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഖത്തറിന്റെ നിക്ഷേപങ്ങളിലൂടെ അമേരിക്കയില്‍ ലക്ഷക്കണക്കിന് തൊഴിലുകളാണ് സൃഷ്ടിക്കപ്പെടുന്നത്.
അമേരിക്കന്‍ കമ്പനികളുമായി സഹകരിച്ചുള്ള നിക്ഷേപങ്ങളും നടത്തുന്നുണ്ട്. എക്‌സോണ്‍ മൊബീല്‍, കോന്‍കോ ഫിലിപ്പ്‌സ്, റേതിയോണ്‍ ഉള്‍പ്പടെയുള്ള അമേരിക്കന്‍ കമ്പനികളുമായി ചേര്‍ന്നാണ് നിക്ഷേപം. ഖത്തറിന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ നയങ്ങളില്‍ രാജ്യാന്തര വ്യാപാരത്തിനും നിക്ഷേപത്തിനും വലിയ പങ്കുണ്ട്. 2017ല്‍ ഖത്തറിന്റെ ഇറക്കുമതിയില്‍ സുപ്രധാന പങ്ക് വഹിച്ചത് അമേരിക്കയായിരുന്നു. രാജ്യത്തിന്റെ ആകെ ഇറക്കുമതിയുടെ 16 ശതമാനവും അമേരിക്കയില്‍ നിന്നായിരുന്നു.
വാണിജ്യ മിച്ചം അഞ്ചു ബില്യണ്‍ ഡോളര്‍ യുഎസിന് അനുകൂലമായിരുന്നു. ഖത്തരി പങ്കാളികളുമായി ചേര്‍ന്ന് ഖത്തറില്‍ 505 അമേരിക്കന്‍ കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. നൂറുശതമാനം അമേരിക്കന്‍ ഉടമസ്ഥതയില്‍ 102 കമ്പനികളാണ് ഖത്തറില്‍ പ്രവര്‍ത്തിക്കുന്നത്. ഏകദേശം ഇരുപത് കമ്പനികള്‍ എണ്ണ, വാതക മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. നാല്‍പ്പത് കമ്പനികള്‍ ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ നിന്നും ലൈസന്‍സ് നേടിയിട്ടുണ്ട്. 5000ലധികം അമേരിക്കന്‍ സ്വദേശികള്‍ ഖത്തറിലെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. അമേരിക്കയില്‍ പത്തുലക്ഷത്തിലധികം പേരാണ് ഖത്തരി നിക്ഷേപത്തെ ആശ്രയിച്ച് ജോലി ചെയ്യുന്നതെന്നും സാമ്പത്തിക വാണിജ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഗള്‍ഫ് പ്രതിസന്ധി ഖത്തറിന് പുതിയ അവസരങ്ങളും സാധ്യതകളുമാണ് തുറന്നുനല്‍കിയത്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും ഖത്തര്‍ സമ്പദ്ഘടന തുറക്കാന്‍ ഇതിലൂടെ സാധിച്ചു. നിരവധി തന്ത്രപ്രധാന തുറമുഖങ്ങളിലേക്ക് നേരിട്ട് വ്യാപാര റൂട്ടുകള്‍ തുറക്കാനുമായി. രാജ്യത്തിന്റെ പ്രധാന വ്യാപാര പങ്കാളികളായി ഈ തുറമുഖങ്ങള്‍ മാറുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഖത്തറിന്റെ വിദേശവ്യാപാരത്തില്‍ വലിയ വളര്‍ച്ചയുണ്ടായിട്ടുണ്ട്. ജിഡിപിയിലേക്ക് എണ്ണയിതര മേഖലയുടെ സംഭാവന വര്‍ധിച്ചിട്ടുണ്ട്.
52ശതമാനത്തിലേക്കാണ് സംഭാവന എത്തിയത്. 2016നെ അപേക്ഷിച്ച് വാണിജ്യമൂല്യത്തില്‍ 16 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. 89 ബില്യണ്‍ റിയാലില്‍ നിന്നും 103 ബില്യണ്‍ റിയാലാണ് വര്‍ധിച്ചത്. വാണിജ്യമിച്ചം 2016ല്‍ 25 ബില്യണ്‍ ഡോളറില്‍ നിന്നും കഴിഞ്ഞവര്‍ഷം 35 ബില്യണ്‍ ഡോളറായി വര്‍ധിച്ചു.