X

ഖത്തര്‍-യു.എ.ഇ എംബസികള്‍ ഇന്നു മുതല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി

ദോഹ: നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തറും യു.എ.ഇയും എംബസികള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. ഗള്‍ഫ് ഉപരോധം മൂലം പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്ന ഇരു രാജ്യങ്ങളിലെയും എംബസി, കോണ്‍സുലേറ്റ് കേന്ദ്രങ്ങളാണ് 2023 ജൂണ്‍ 19 തിങ്കളാഴ്ച മുതല്‍ സജീവമായത്. അബൂദാബിയിലെ ഖത്തര്‍ എംബസി, ദുബായിലെ ഖത്തര്‍ കോണ്‍സുലേറ്റ്, ദോഹയിലെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എംബസി എന്നിവ സേവനം ആരംഭിച്ചു.

ഗള്‍ഫ് ഉപരോധം ഉണ്ടാക്കിയ വിള്ളല്‍ അവസാനിപ്പിച്ചു നിലവില്‍ വന്ന അല്‍-ഉല കരാറിന്റെ പ്രായോഗിക നടപടികളുടെ ഭാഗമാണ് നയതന്ത്ര കാര്യാലയങ്ങളുടെ പുന:രാരംഭം. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ഈ നീക്കം ഉപകരിക്കും. നയതന്ത്ര കാര്യാലയങ്ങള്‍ വീണ്ടും തുടങ്ങുന്നതിന്റെ ഭാഗമായി ഇന്നലെ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയും യുണൈറ്റഡ് അറബ് എമിറേറ്റ്സ് വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും ടെലിഫോണ്‍ സംഭാഷണം നടത്തി.

രണ്ട് സഹോദര ജനതകളുടെയും അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള സംയുക്ത അറബ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഇരുവരും പറഞ്ഞു. ഇരു രാജ്യങ്ങളിലെയും നേതൃത്വങ്ങളുടെ ഇച്ഛാശക്തി ഇതില്‍ മുഖ്യം ആണെന്ന് നേതാക്കള്‍ എടുത്തു പറഞ്ഞു.

webdesk11: