X

തൊഴിലാളി ക്ഷേമത്തിന് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചതായി തൊഴില്‍ മന്ത്രി

 

ദോഹ: രാജ്യത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ അവകാശം ഉറപ്പുവരുത്തുന്ന കൂടുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചതായി ഖത്തര്‍ ഭരണവികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രി ഡോ. ഈസ ബിന്‍ സഅദ് അല്‍ ജഫാലി അല്‍നുഐമി. ഖത്തറിനെതിരായ പരാതി അവസാനിപ്പിച്ച അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ തീരുമാനത്തെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് കമ്മിറ്റി രൂപവത്കരിച്ചത് അദ്ദേഹം എടുത്തുപറഞ്ഞു.
മൂന്ന് ആഴ്ചക്കുള്ളില്‍ സൗജന്യമായി ഈ കമ്മിറ്റി തൊഴില്‍ തര്‍ക്കം പരിഹരിക്കും. എന്തെങ്കിലും കാരണത്താല്‍ തൊഴിലാളിക്ക് വേതനം ലഭിച്ചില്ലെങ്കില്‍ നല്‍കാന്‍ പ്രത്യേക ഫണ്ട് രൂപവത്കരിച്ചിട്ടുണ്ട്. തൊഴിലാളി- തൊഴിലുടമ ബന്ധം ശക്തമാക്കാന്‍ കമ്പനികളില്‍ 30 തൊഴിലാളികളെ ഉള്‍പ്പെടുത്തി സംയുക്ത കമ്മിറ്റി രൂപവത്കരിക്കും. കമ്മിറ്റിയിലെ പകുതി അംഗങ്ങളെ തൊഴിലുടമക്കും പകുതി തൊഴിലാളികള്‍ക്കും തിരഞ്ഞെടുക്കാം. തൊഴിലാളികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് തൊഴിലുടമ, തൊഴിലാളി, തൊഴില്‍ മന്ത്രാലയം എന്നിവക്കിടയിലെ പാലമായാണ് കമ്മിറ്റി പ്രവര്‍ത്തിക്കുക. തൊഴിലാളികളുടെ അവകാശവും അന്തസും കാത്തുസംരക്ഷിക്കാനാണിത്. ഒരു കമ്പനിയിലെ തൊഴിലാളികളുടെ എണ്ണം 30നും 200നും ഇടയിലാണെങ്കില്‍ കമ്മിറ്റിയില്‍ നാലും 200- 500 ആണെങ്കില്‍ ആറും അംഗങ്ങളുണ്ടാകും. അഞ്ഞൂറിന് മുകളിലാണെങ്കില്‍ എട്ട് അംഗങ്ങളാണ് കമ്മിറ്റിയിലുണ്ടാകുക.
മനുഷ്യക്കടത്ത് തടയാന്‍ ദേശീയ കമ്മിറ്റി രൂപവത്കരിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ട്. രാജ്യത്തെ വിവിധ വകുപ്പുകളിലെ പ്രതിനിധികള്‍ കമമിറ്റിയിലുണ്ടാകും. പ്രതിനിധികള്‍ക്ക് പ്രത്യേക പരിശീലനം ഉറപ്പുവരുത്തും. വീട്ടുജോലിക്കാരുടെ അവകാശം സംരക്ഷിക്കാന്‍ നിയമം പ്രാബല്യത്തില്‍ വന്നതും മന്ത്രി ചൂണ്ടിക്കാട്ടി. ലേബര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിന് ഐ എല്‍ ഒയുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ലേബര്‍ ഇന്‍സ്‌പെക്ഷന്‍ വകുപ്പിലെ നാല് ഖത്തരി ഉദ്യോഗസ്ഥരെ ഐ എല്‍ ഒയുമായി പ്രവര്‍ത്തിക്കാന്‍ നിയമിക്കും. ഇതിലൂടെ തൊഴിലാളി സംരക്ഷണത്തില്‍ അന്താരാഷ്ട്ര പരിചയം നേടാന്‍ സാധിക്കുമെന്നും ഡോ. ഈസ ബിന്‍ സഅദ് അല്‍ ജഫാലി അല്‍നുഐമി ചൂണ്ടിക്കാട്ടി.

chandrika: