X
    Categories: Culture

മക്ക ഉച്ചകോടി: തീരുമാനങ്ങളിൽ വിയോജിപ്പുണ്ടെന്ന് ഖത്തർ, ഇപ്പോഴല്ല പറയേണ്ടതെന്ന് സൗദിയും യു.എ.ഇയും

ദോഹ: ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷന്റെ (ഒ.ഐ.സി) മക്കയിൽ നടന്ന ഉച്ചകോടിയിൽ അംഗരാജ്യങ്ങൾ കൈക്കൊണ്ട തീരുമാനങ്ങളിൽ വിയോജിപ്പുണ്ടെന്ന് അംഗരാജ്യമായ ഖത്തർ. ഇറാനെ അപലപിച്ചു കൊണ്ടുള്ള ഉച്ചകോടിയിലെ പരാമർശങ്ങളോട് യോജിക്കാനാവില്ലെന്നും തെഹ്‌റാനുമായി സംഭാഷണം നടത്തുന്നത് സംബന്ധിച്ച് ഉച്ചകോടി തീരുമാനമെടുത്തില്ലെന്നും ഖത്തർ വിദേശമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി പറഞ്ഞു.

‘ഉച്ചകോടി ഇറാനെതിരായ അമേരിക്കയുടെ നയങ്ങൾ അതേപടി ഏറ്റെടുക്കുകയായിരുന്നു. അതേസമയം, ഗൾഫ് മേഖലയെ പരിഗണനക്കെടുത്തില്ല.’ അൽതാനി പറഞ്ഞു. മേഖലയിലെ രാജ്യങ്ങളെല്ലാം ഐക്യത്തോടെ നിലകൊള്ളുന്നുവെന്ന് ഉച്ചകോടി പ്രഖ്യാപിച്ചെങ്കിലും ഖത്തറിനെതിരായ ഉപരോധം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽതാനിയാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. ഒ.ഐ.സി, അറബ് ലീഗ്, ജി.സി.സി രാജ്യങ്ങളിൽ നിന്നായി 50-ലേറെ പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.

അതേസമയം, ഉച്ചകോടി കഴിഞ്ഞ ശേഷം വിയോജിപ്പ് രേഖപ്പെടുത്തിയ ഖത്തർ നിലപാടിനെതിരെ സൗദി അറേബ്യയും യു.എ.ഇയും രംഗത്തെത്തി. ഉച്ചകോടി നടക്കുമ്പോഴാണ് രാജ്യങ്ങൾ തങ്ങളുടെ നിലപാടുകളും വിയോജിപ്പുകളും അറിയിക്കേണ്ടതെന്നും ഉച്ചകോടി അവസാനിച്ച ശേഷം വ്യത്യസ്തമായ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ ട്വീറ്റ് ചെയ്തു. ഖത്തറിന്റെ നിലപാട് സമ്മർദത്തിന് അടിമപ്പെട്ടാണെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഘാഷ് ആരോപിച്ചു. ‘ഉച്ചകോടിയിൽ പങ്കെടുക്കുകയും കരാറിലെത്തുകയും ചെയ്തതിനു ശേഷം അതിൽ നിന്ന് പിന്മാറുന്നത് സമ്മർദത്തിന് അടിമപ്പെട്ടാണ്. ഇത് വിശ്വാസ്യതയില്ലായ്മയെയാണ് കാണിക്കുന്നത്.’ അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ മൂന്ന് അടിയന്തര ഉച്ചകോടികളാണ് മക്കയിൽ നടന്നത്. രണ്ട് സൗദി ഇന്ധന ടാങ്കറുകളടക്കം മേഖലയിൽ ഇന്ധന കേന്ദ്രങ്ങൾക്കു നേരെ ആക്രമണങ്ങളുണ്ടായ സാഹചര്യത്തിലായിരുന്നു ഉച്ചകോടികൾ. മേഖലയുടെ സ്ഥിരതക്കും അന്താരാഷ്ട്ര സുരക്ഷക്കും മേൽ കടന്നുകയറുകയാണ് ഇറാനെന്ന് സൗദി രാജാവ് സൽമാൻ ആരോപിച്ചിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: