ദോഹ: ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം പിന്‍വലിക്കണമെന്ന് ഖത്തര്‍ അമേരിക്കയോട് ആവശ്യപ്പെട്ടു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ ഖത്തര്‍ തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് ലൂല്‍വ അല്‍ ഖാതിര്‍ പറഞ്ഞു.
അന്താരാഷ്ട്ര ഏജന്‍സികളും സംഘടനകളുമെല്ലാം ട്രംപിന്റെ നിലപാടിനെ തള്ളിയിട്ടുണ്ട്. ജറൂസലം വിഷയത്തില്‍ യു.എന്‍ പ്രമേയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ അറബ്, ഇസ്്‌ലാമിക തലങ്ങളില്‍ ഖത്തര്‍ ശ്രമം തുടരുമെന്ന് ഖാതിര്‍ അറിയിച്ചു. 1947ലെ വിഭജന പദ്ധതി പ്രകാരം ജറൂസലമിന് ഐക്യരാഷ്ട്രസഭ പ്രത്യേക പദവി നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര നിരീക്ഷണത്തിലും നിയന്ത്രണത്തിലുമായിരിക്കണം പ്രദേശമെന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മുസ്്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജൂത മതക്കാര്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ജറൂസലമിന്റെ കാര്യത്തില്‍ ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നത് കാര്യങ്ങളെ സങ്കീര്‍ണമാക്കുമെന്ന് പശ്ചിമേഷ്യന്‍ സമാധാന പ്രക്രിയക്കുള്ള യു.എന്‍ പ്രത്യേക പ്രതിനിധി നിക്കോളായ് മ്ലാദെനോവ് അഭിപ്രായപ്പെട്ടു.