X
    Categories: gulfNews

തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത മിനിമം ശമ്പളത്തിന് ഉത്തരവിറക്കി ഖത്തര്‍ അമീര്‍; ജോലി മാറുന്നതിന് ഇനി എന്‍.ഒ.സി ആവശ്യമില്ല

ദോഹ: ഖത്തറില്‍ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത മിനിമം ശമ്പളം നിശ്ചയിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ഉത്തരവിറക്കി. ഭക്ഷണം, താമസം സൗജന്യമെങ്കില്‍ 1000 റിയാല്‍ മിനിമം ശമ്പളമായി തൊഴിലാളിക്ക് നല്‍കണം. ഭക്ഷണവും താമസവും ഉള്‍പ്പെടെയാണെങ്കില്‍ 1800 റിയാല്‍ മിനിമം ശമ്പളമായി നല്‍കണം എന്നതാണ് ഉത്തരവ്. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലും ഗാര്‍ഹിക തൊഴിലാളികള്‍ക്കും നിയമം ബാധകമാണ്. ഇതോടൊപ്പം പ്രവാസി തൊഴിലാളികള്‍ക്ക് ജോലി മാറുന്നതിന് എന്‍.ഒ.സി ആവശ്യമില്ലെന്നതടക്കമുള്ള മാറ്റങ്ങള്‍ സംബന്ധിച്ചുള്ള ഉത്തരവുകളും അമീര്‍ പുറത്തിറക്കി.

2020ലെ പതിനേഴാം നമ്പര്‍ നിയമമായിട്ടായിരിക്കും പുതിയ മിനിമം വേതന ഉത്തരവ് അറിയപ്പെടുക. ഇതനുസരിച്ച് ഗാര്‍ഹിക തൊഴിലാളികളടക്കമുള്ള എല്ലാ സ്വകാര്യ മേഖലാ തൊഴിലാളികള്‍ക്കും 1000 റിയാലായിരിക്കും മിനിമം വേതനം. ഇതോടൊപ്പം തൊഴിലാളികള്‍ക്ക് മാന്യമായ ഭക്ഷണ, താമസ സൗകര്യങ്ങള്‍ തൊഴിലുടമ നല്‍കുന്നില്ലെങ്കില്‍ താമസ ചിലവായി മാസം 500 റിയാലും ഭക്ഷണ ചിലവായി മാസം 300 റിയാലും അധികം നല്‍കണം.

ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതനത്തില്‍ കുറഞ്ഞ ശമ്പളം നല്‍കുന്നവരുടെ തൊഴില്‍ കരാര്‍ തൊഴിലുടമകള്‍ പുതുക്കേണ്ടി വരും. ഇതിനായി അഡ്മിനിസ്‌ട്രേറ്റീവ് ഡെവലപ്‌മെന്റ്, ലേബര്‍ ആന്റ് സോഷ്യല്‍ അഫയേഴ്‌സ് മന്ത്രാലയം തൊഴിലുടമകളുമായി ചേര്‍ന്ന് സംവിധാനമുണ്ടാക്കും. പുതിയ ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ആറ് മാസം കഴിയുമ്പോഴായിരിക്കും നിലവില്‍ വരിക.

chandrika: