X
    Categories: MoreViews

ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല അല്‍താനി ഇന്ത്യ സന്ദര്‍ശിക്കും

ദോഹ: ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി അടുത്തമാസം മൂന്നിന് ഇന്ത്യ സന്ദര്‍ശിക്കും. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായാണ് ഖത്തര്‍ പ്രധാനമന്ത്രി ആദ്യമായി ഇന്ത്യയിലെത്തുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുന്ന മൂന്നാമത്തെ ഉന്നത തല കൂടിക്കാഴ്ചയാണിത്. 2015 മാര്‍ച്ചില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്ത്യ സന്ദര്‍ശിച്ചു ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ജൂണില്‍ ദോഹയും സന്ദര്‍ശിച്ചു. മോദിയുടെ സന്ദര്‍ശനത്തില്‍ ഒട്ടേറെ കരാറുകള്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചിരുന്നു. ഇതിനെ തുടര്‍ന്നുള്ള മൂന്നാമത്തെ ഉന്നതതല ചര്‍ച്ചകളാണ് ഖത്തര്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ അടുത്തയാഴ്ച നടക്കുക. ഇന്ത്യയും ഖത്തറും തമ്മില്‍ ചരിത്രപരമായി തന്നെ അടുത്ത ബന്ധമാണുള്ളതെന്നും ഇന്ത്യയുടെ ശക്തമായ വ്യാപാര പങ്കാളികളാണു ഖത്തറെന്നും ഖത്തര്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രഖ്യാപിച്ച് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ദല്‍ഹിയില്‍ പറഞ്ഞു.
ഇന്ത്യ ഉപയോഗിക്കുന്ന ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എല്‍എന്‍ജി) 65 ശതമാനവും ഖത്തറില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഖത്തറില്‍ 6.3 ലക്ഷം ഇന്ത്യക്കാരുണ്ടെന്നും ഖത്തറിന്റെ പുരോഗതിയില്‍ ഇന്ത്യന്‍ പ്രവാസികള്‍ വലിയ പങ്കാണു വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

chandrika: