X

ഖത്തറില്‍ ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ നിബന്ധനകളില്‍ ഇളവ്

passport check, stamp, hands, passport,

ദോഹ: ഖത്തര്‍ സന്ദര്‍ശിക്കുന്നതിനായുള്ള വിവിധ വിഭാഗങ്ങള്‍പ്പെട്ട ഓണ്‍ അറൈവല്‍ ടൂറിസ്റ്റ്് വിസകള്‍ക്കുള്ള നിബന്ധനകളില്‍ ഇളവ്. ഹോട്ടല്‍ ബുക്കിങോ മറ്റു വ്യവസ്ഥകളോ ഓണ്‍ അറൈവല്‍ വിസയ്ക്ക് നിര്‍ബന്ധമില്ല. അതേസമയം സന്ദര്‍ശകരോട് ഖത്തറില്‍ താമസിക്കുന്ന സ്ഥലത്തിന്റെ മേല്‍വിലാസം ആവശ്യപ്പെട്ടേക്കാം. അതല്ലാതെ ഹോട്ടല്‍ ബുക്കിങോ മറ്റോ ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ആറു മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ടും റിട്ടേണ്‍ ടിക്കറ്റുമാണ് ഓണ്‍ അറൈവല്‍ വിസയ്ക്കുള്ള പൊതുവായ വ്യവസ്ഥകള്‍. ഖത്തര്‍ അടുത്തിടെയായി വിവിധയിനം വിസകള്‍ പ്രഖ്യാപിച്ചിരുന്നു. സൗജന്യ ഓണ്‍ അറൈവല്‍ വിസ, ഇ-ഓഥറൈസേഷന്‍, ഇ-വിസ ഉള്‍പ്പടെയുള്ളവയാണ് പ്രഖ്യാപിക്കപ്പെട്ടത്. ഇന്ത്യ ഉള്‍പ്പടെ എണ്‍പതിലധികം രാജ്യങ്ങളിലുള്ളവര്‍ക്ക് വിസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ഓണ്‍ അറൈവല്‍ വിസ ഉള്‍പ്പടെയുള്ളവയാണ് പ്രഖ്യാപിക്കപ്പെട്ടത്. ആറുമാസകാലാവധിയുള്ള പാസ്‌പോര്‍ട്ടും മടക്കടിക്കറ്റുമുള്ള ഈ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസയില്ലാതെ അറുപത് ദിവസം വരെ ഖത്തറില്‍ ചെലവഴിക്കാം. ഇന്ത്യ, യുകെ, അമേരിക്ക, കാനഡ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, സീഷെല്‍സ്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, പാകിസ്താന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലുള്ളവര്‍ക്കാണ് പുതിയ വിസ നയത്തിന്റെ പ്രയോജനം ലഭിക്കുക. ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ വിസയ്ക്കായി അപേക്ഷിക്കുകയോ പണമടയ്ക്കുകയോ വേണ്ടതില്ല. പകരം ഖത്തറിലേക്കുള്ള പ്രവേശന പോയിന്റില്‍വെച്ച് സൗജന്യമായി മള്‍ട്ടി എന്‍ട്രി വെയ്‌വര്‍(ഒന്നിലധികം തവണ പ്രവേശിക്കുന്നതിനുള്ള വിസ വിടുതല്‍ രേഖ) നല്‍കും. ഇതിനായി പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. സൗജന്യമായാണ് വെയ്‌വര്‍ നല്‍കുന്നത്. കുറഞ്ഞത് ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, സ്ഥിരീകരിച്ച മടക്ക ടിക്കറ്റ് എന്നിവ വിമാനത്താവളത്തിലെ അധികൃതര്‍ക്ക് സമര്‍പ്പിക്കണം. പരിശോധനക്ക് ശേഷം രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതി നല്‍കും.
ഖത്തര്‍ സന്ദര്‍ശനത്തിനായി വിനോദസഞ്ചാരികള്‍ക്ക് നേരിട്ട് അപേക്ഷിക്കാന്‍ സാധിക്കുന്ന ടൂറിസ്റ്റ് ഇ-വിസ പ്ലാറ്റ്‌ഫോമും അവതരിപ്പിച്ചിട്ടുണ്ട്.
www.qatarvisaservice.com എന്ന വിലാസത്തില്‍ ടൂറിസ്റ്റ് വിസയ്ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാം. വേഗത്തിലും സൗകര്യപ്രദമായും അപേക്ഷ നല്കാന്‍ സാധിക്കുന്ന രൂപത്തിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് നേരിട്ട് അപേക്ഷിക്കാം. അപേക്ഷയുടെ നിലവിലെ സ്ഥിതി ഓണ്‍ലൈന്‍ വഴി ട്രാക്ക് ചെയ്ത് മനസ്സിലാക്കാനുമാകും. ടൂറിസ്റ്റ് വിസയ്ക്ക് സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെ 42 ഡോളറാണ് ഫീസ്. വിസ കാര്‍ഡോ മാസ്റ്റര്‍ കാര്‍ഡോ ഉപയോഗിച്ച് പണം അടയ്ക്കാം. പാസ്‌പോര്‍ട്ട് സ്‌കാന്‍ കോപ്പി, വ്യക്തിഗത ഫോട്ടോ, വിമാന ടിക്കറ്റിന്റെ സ്‌കാന്‍ കോപ്പി, ഖത്തറിലായിരിക്കുമ്പോള്‍ താമസിക്കുന്ന കേന്ദ്രത്തിന്റെ വിലാസം എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. തെരഞ്ഞെടുത്ത രാജ്യങ്ങളിലെ വിസയോ റസിഡന്‍സി പെര്‍മിറ്റോ ഉള്ളവര്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കുന്നതിന് ഇലക്ട്രോണിക് യാത്രാ അനുമതി സംവിധാനം ലഭ്യമാക്കുന്ന പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. ഇലക്ട്രോണിക്ക് ട്രാവല്‍ ഓഥറൈസേഷന്‍(ഇടിഎ) എന്ന പേരിലുള്ള പുതിയ പദ്ധതിയില്‍ യുകെ, യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ഷെന്‍ഗന്‍ രാജ്യങ്ങള്‍, ജിസിസി രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ റസിഡന്റ് പെര്‍മിറ്റോ വിസയോ ഉള്ളവര്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കാനാകും. ഈ രാജ്യങ്ങളിലെ വിസയോ ആര്‍പിയോ ഉള്ള ഇന്ത്യാക്കാര്‍ ഉള്‍പ്പടെ ഏതുരാജ്യക്കാര്‍ക്കും ഇടിഎ ഉപയോഗിച്ച് ഖത്തര്‍ സന്ദര്‍ശിക്കാം. ഇവര്‍ക്ക് ഖത്തറില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കും. ഖത്തറിലേക്ക് പുറപ്പെടുന്നതിനുമുമ്പ് ഓണ്‍ലൈന്‍ മുഖേന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഇടിഎ ലഭിക്കും.

chandrika: