X

ദോഹയില്‍ വസിക്കുന്ന 71ശതമാനം സ്വദേശികളും സംതൃപ്തരെന്ന് സര്‍വേ

ദോഹ: ദോഹയില്‍ വസിക്കുന്ന ഭൂരിഭാഗം സ്വദേശികളും സംതൃപ്തരാണെന്ന് സര്‍വേ വെളിപ്പെടുത്തല്‍. 71 ശതമാനം പേര്‍ നഗരജീവിതത്തില്‍ സംതൃപ്തി രേഖപ്പെടുത്തുന്നുവെന്ന് ബെയ്ത് ഡോട് കോം നടത്തിയ അഭിപ്രായ സര്‍വേയില്‍ കണ്ടെത്തി. 47 ശതമാനം പേര്‍ സമ്മിശ്രഭാവത്തില്‍ സംതൃപ്തി പറഞ്ഞപ്പോള്‍ 24 ശതമാനം പേര്‍ പൂര്‍ണ സംതൃപ്തരാണ്.

ബെയ്ത് ഡോട് കോം നടത്തിയ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്കന്‍ (മെന) രാജ്യങ്ങളിലെ മികച്ച സിറ്റി കണ്ടെത്തുന്നതിനായുള്ള സര്‍വേയിലാണ് ദോഹ നഗരവാസികള്‍ അഭിപ്രായം രേഖപ്പെടുത്തിയത്. ആദ്യ പത്തു നഗരങ്ങളില്‍ ദോഹ ഉള്‍പ്പെട്ടിട്ടുണ്ട്. സാമ്പത്തികം, പരിസ്ഥിതി, ജീവിത നിലവാരം, സാമൂഹിക സംസ്‌കാരം, സംരംഭകത്വ ഘടകം തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ പരിശോധിച്ചാണ് സര്‍വേ നടത്തിയത്. ദുബൈ, അബുദാബി, മസ്‌കത്ത്, ഈസ്റ്റേണ്‍ പ്രൊവിന്‍സ്, ദോഹ, റിയാദ്, മറാകിഷ്, റാബത്, ജിദ്ദ, കുവൈത്ത് സിറ്റി എന്നിവയാണ് ആദ്യ പത്തില്‍ ഇടം പിടിച്ച നഗരങ്ങള്‍, ബഹ്‌റൈനില്‍നിന്ന് ഒരു പ്രദേശവും പട്ടികയില്‍ പ്രവേശിച്ചില്ല.

 
നഗരത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയതിന്റെ പ്രധാനഘടകമായി ചൂണ്ടിക്കാണിക്കപ്പെട്ടത് തൊഴില്‍ ലഭ്യതയാണ്. 72 ശതമാനം പേര്‍ മിതമായ നിരക്കിലുള്ള താമസ സൗകര്യത്തെ അംഗീകരിക്കുന്നു. നിത്യജീവിതത്തില്‍ ആവശ്യമായി വരുന്ന സേവനങ്ങള്‍ക്കും സാധനങ്ങള്‍ക്കും താങ്ങാവുന്ന ചെലവ്, തൊഴില്‍ ജീവിതത്തിലെ വളര്‍ച്ച എന്നവക്കും ഭൂരിഭാഗം പേരും മികച്ച നഗരങ്ങളെ അനുകൂലമായി കാണുന്നു. കരിയര്‍ വളര്‍ച്ചക്ക് ദോഹക്ക് ലഭിച്ച വോട്ട് 38 ശതമാനമാണ്. മത്സര സ്വഭാവമുള്ള ശമ്പള ഘടനക്ക് 38 ശതമാനം പേരും തൃപ്തി അറിയിക്കുന്നു.
ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് സംവിധാനവും സാമൂഹിക സുരക്ഷാ പദ്ധതികളും 78 ശതമാനം പേര്‍ സമ്മതിക്കുമ്പോള്‍ തൊഴില്‍ അവാകാശങ്ങള്‍ സംരക്ഷിക്കുന്നതിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ പുലര്‍ത്തുന്ന ജാഗ്രതക്ക് സര്‍വേയില്‍ പങ്കെടുത്തവര്‍ പാസ് പാര്‍ക്ക് നല്‍കുന്നു.

 
വേതന സുരക്ഷാ നയത്തെ 69 ശതമാനം പേരും ഇഷ്ടപ്പെടുന്നു. സേവനാനന്തര ആനുകൂല്യങ്ങള്‍ (68), പിരിച്ചു വിടല്‍ അവകാശം (68) ശതമാനം വീതവും പിന്തുണക്കുന്നു. ദോഹയില്‍ 41 ശതമാനം പേരാണ് സേവനനാന്തര ആനുകൂല്യത്തില്‍ തൃപ്തി രേഖപ്പെടുത്തുന്നത്. വെക്കേഷന്‍ അവലന്‍സ് 41, സോഷ്യല്‍ സെക്യൂരിറ്റി സിസ്റ്റം 59 ശതമാനം പേര്‍ വീതവും ഇഷ്ടപ്പെടുന്നു.
എന്നാല്‍ ദോഹയില്‍ വസിക്കുന്ന മൂന്നില്‍ രണ്ടു പേരും മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാണെന്നു സാക്ഷ്യപ്പെടുത്തുന്നു. ചികിത്സാ സൗകര്യങ്ങളുടെ നിലവാരത്തിന് മാര്‍ക്കിടുന്നവര്‍ 65 ശതമാനമാണ്. നഗരത്തിലെ ജല, വൈദ്യുതി, ശുചീകരണ സേവനങ്ങള്‍ക്ക് 76 ശതമാനം പേര്‍ ഗുഡ് മാര്‍ക്കാണ് നല്‍കുന്നത്.

chandrika: