X

അസാധു നോട്ടുകള്‍ സ്വീകരിക്കാന്‍ ദോഹ ബാങ്ക് ആര്‍.ബി.ഐയുടെ അനുമതി തേടി

ദോഹ: ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ കൈവശമുള്ള അസാധുവാക്കിയ 500, 1000 ഇന്ത്യന്‍ രൂപ നോട്ടുകള്‍ സ്വീകരിക്കാന്‍ ദോഹ ബാങ്ക് റിസര്‍വ് ബാങ്കിന്റെ അനുമതി തേടിയതായി ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രവാസികളുടെ കൈവശമുള്ള അസാധുവായ നോട്ടുകള്‍ മാറ്റാന്‍ നിയമപരമായി മറ്റു മാര്‍ഗങ്ങളില്ലാത്ത സാഹചര്യം മനസ്സിലാക്കിയാണ് സെന്‍ട്രല്‍ ബാങ്കിനെ സമീപിച്ചതെന്ന് ദോഹ ബാങ്ക് സി ഇ ഒ. ഡോ.ആര്‍ സീതാരാമന്‍ പറഞ്ഞു.

ഇന്ത്യയില്‍ ശാഖ പ്രവര്‍ത്തിപ്പിക്കുന്ന ഏക ഖത്തരി ബാങ്കാണ് ദോഹ ബാങ്ക്. മുംബൈയിലും കൊച്ചിയിലുമാണ് ഇതിന് ശാഖകളുള്ളത്. ഖത്തറില്‍ 60,000 ഇന്ത്യക്കാര്‍ ബാങ്കില്‍ എന്‍ ആര്‍ ഇ അക്കൗണ്ട് എടുത്തിട്ടുണ്ട്. അനുമതി ലഭിക്കുകയാണെങ്കില്‍ തങ്ങളുടെ എല്ലാ എന്‍ ആര്‍ ഇ ഉപഭോക്താക്കള്‍ക്കും കൈവശമുള്ള നിശ്ചിത തുടകയുടെ 500, 1000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിലെ ഏതാനും ബ്രാഞ്ചുകളില്‍ എന്‍ ആര്‍ ഒ അക്കൗണ്ട് തുറക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.

പ്രവാസി ഇന്ത്യക്കാരുടെ ആവശ്യം പരിഗണിച്ചാണ് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയോട് രേഖാമൂലം ആവശ്യം മുന്നോട്ടു വെച്ചതെന്നും ഇന്ത്യയിലെ ദോഹ ബാങ്ക് മേധാവി ഇതിനു വേണ്ടി ആര്‍ ബി ഐ കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ടെന്നും ദോഹ ബേങ്ക് ബിസിനസ് ഡവലപ്‌മെന്റ് മേധാവി ഗണേശന്‍ രാമകൃഷ്ണനും പറഞ്ഞു. റിസര്‍വ് ബാങ്കില്‍ നിന്നും അനുമതി ലഭിച്ചാല്‍ രാജ്യത്ത് ഏതാനും ബാങ്കുകളില്‍ ഇന്ത്യക്കാരില്‍നിന്നും നോട്ടുകള്‍ സ്വീകരിക്കുന്നതിന് പ്രത്യേക സൗകര്യമൊരുക്കുമെന്ന് അദ്ദേഹം അറിയിച്ചു. നിലവില്‍ ഭൂരിഭാഗം പ്രവാസികള്‍ക്കും ബാങ്കില്‍ എന്‍ ആര്‍ ഇ അക്കൗണ്ടാണുള്ളത്. എന്‍ ആര്‍ ഒ അക്കൗണ്ട് ഓപണ്‍ ചെയ്താല്‍ മാത്രമേ ഇന്ത്യന്‍ രൂപ നിക്ഷേപിക്കാന്‍ സാധിക്കൂ.

നിലവില്‍ എന്‍ ആര്‍ ഇ അക്കൗണ്ടുള്ളവര്‍ക്ക് എന്‍ ആര്‍ ഒ അക്കൗണ്ട് തുടങ്ങാന്‍ കൂടുതല്‍ നടപടിക്രമങ്ങള്‍ ആവശ്യമില്ല. ദോഹ ബേങ്കില്‍ എന്‍ ആര്‍ ഇ അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് നോട്ടുകള്‍ നിക്ഷേപിക്കാനുണ്ടെങ്കില്‍ നിശ്ചിത സമയത്തിനകം എന്‍ ആര്‍ ഒ അക്കൗണ്ട് തുറന്ന് രൂപ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കും. ദോഹ ബാങ്ക് നീക്കത്തെ ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ പി കുമരന്‍ സ്വാഗതം ചെയ്തു. ധാരാളം ഇന്ത്യക്കാര്‍ക്ക് സഹായകമായ നടപടിയാകും ഇതെന്നും പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധി വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

chandrika: