X

ഫ്രഞ്ച് അംബാസഡറുടെ നേതൃത്വത്തില്‍ വഖ്‌റ കടല്‍ തീരത്ത് ശുചീകരണ യജ്ഞം

ദോഹ: ഖത്തറിലെ ഫ്രഞ്ച് അംബാസഡര്‍ എറിക് ഷവലിയറിന്റെ നേതൃത്വത്തില്‍ വഖ്‌റ ഫാമിലി ബീച്ച് ശുചീകരിച്ചു. 150ഓളം വരുന്ന ഖത്തറിലെ ഫ്രഞ്ച് വളണ്ടിയര്‍മാരോടൊപ്പമാണ് ഷവലിയറും ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായത്. അല്‍വഖ്‌റ മുനിസിപ്പാലിറ്റി ഡയരക്ടര്‍ മന്‍സൂര്‍ അജ്‌റന്‍ അല്‍അബുഐനൈന്‍, ഫ്രഞ്ച് എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും ശുചീകരണത്തില്‍ പങ്കാളികളായി. പരിസ്ഥിതി ശുചീകരണം എന്നത് നമ്മുടെ നിലനില്‍പ്പിന്റെ ഭാഗമാണെന്നും ചുറ്റുപാടുകള്‍ മാലിന്യ മുക്തമാക്കുക എന്നത് ഏവരുടെയും ബാധ്യതയാണെന്നും ഷവലിയര്‍ ഖത്തര്‍ ട്രൈബ്യൂണിനോട് പറഞ്ഞു.

ചുറ്റുപാടുകള്‍ ശുചിയായി സൂക്ഷിക്കുന്നതോടൊപ്പം കടല്‍തീരങ്ങളും വൃത്തിയായി സൂക്ഷിക്കണം. പരിസ്ഥിതി മാലിന്യ മുക്തമായി നിലനിര്‍ത്തേണ്ടിതിനുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കമെന്നോണമാണ് ഖത്തറിലെ ഫ്രഞ്ച് സമൂഹം ബീച്ച് ക്ലീനിങ് ഡേ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ ഫ്രഞ്ചുകാരുടെ പ്രവര്‍ത്തനത്തില്‍ താന്‍ അഭിമാനിക്കുന്നു. ബീച്ച് ശുചീകരണത്തിന് അവര്‍ തോളോട് തോളുരുമി വന്നിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാ സമൂഹത്തിനും എത്തിച്ചുകൊടുക്കാന്‍ അവര്‍ക്ക് ഇതിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് എംബസിയും സമൂഹവും നടത്തിയ പ്രവൃത്തിയെ അബു ഐനൈന്‍ പ്രശംസിച്ചു.

അല്‍വഖ്‌റ മുനിസിപ്പാലിറ്റി ഈ ആഴ്ച പദ്ധതിയിട്ട സുസ്ഥിരതാ വാരത്തിലെ നിരവധി പരിപാടികളില്‍ ആദ്യത്തേതാണിതെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് സംഘടനകളില്‍ നിന്നുള്ള പ്രതിനിധികള്‍ സ്ത്രീകള്‍, കുട്ടികള്‍ എന്നിവരെല്ലാം ശുചീകരണ പരിപാടിയില്‍ പങ്കെടുത്തു. പ്ലാസ്റ്റിക് ബോട്ടിലുകള്‍, പൊട്ടിയ ഗ്ലാസുകള്‍, ഉപേക്ഷിച്ച ഭക്ഷണാവശിഷ്ടങ്ങള്‍, മീന്‍വല, സിഗരേറ്റ് ബട്‌സ് തുടങ്ങിയ മാലിന്യങ്ങളാണ് ഇവര്‍ ബീച്ചില്‍ നിന്ന് പ്രധാനമായും നീക്കം ചെയ്തത്. ഇത്തരം മാലിന്യങ്ങള്‍ തീരത്ത് ഉപേക്ഷിച്ച് പോകുന്നവരോട് ചെറിയ ദേഷ്യം വൃത്തിയാക്കുന്ന സമയത്ത് തോന്നിയതായി രക്ഷിതാക്കളോടൊപ്പമെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥി പറഞ്ഞു. മാലിന്യങ്ങള്‍ ഇവിടെ ഉപേക്ഷിക്കരുതെന്ന് എല്ലാ ഇടത്തും പോസ്റ്റര്‍ പതിക്കണമെന്നും നിയമ വിരുദ്ധമായി ഇത്തരം പ്രവൃത്തി നടത്തുന്നവിരില്‍ നിന്ന് ചെറിയ തോതില്‍ പിഴ ഈടാക്കണമെന്നും അവര്‍ പറഞ്ഞു.

chandrika: