ദോഹ: ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ ബെലാറസ് പ്രസിഡണ്ട് അലക്‌സാണ്ടര്‍ ലുകാഷെങ്കോയുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ചര്‍ച്ച നടത്തി. അമീരിദിവാനില്‍ ഇന്നലെ രാവിലെയായിരുന്നു കൂടിക്കാഴ്ച നടന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിസഹകരണം ശക്തിപ്പെടുത്തുന്നത് ചര്‍ച്ചയായി. എല്ലാ മേഖലകളിലും പ്രത്യേകിച്ചും സാമ്പത്തിക, നിക്ഷേപമേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. സമാന താല്‍പര്യമുള്ള നിരവധി പ്രാദേശിക, രാജ്യാന്തര വിഷയങ്ങലും മിഡിലീസ്റ്റിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയില്‍ വിഷയമായി. ഇതിനുശേഷം രണ്ടു രാജ്യങ്ങളും തമ്മില്‍ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവച്ചു.
സാമ്പത്തിക മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഖത്തര്‍ ധനമന്ത്രാലയവും ബെലാറസ് ധനകാര്യമന്ത്രാലയവും ഒപ്പുവച്ച ധാരണാപത്രമാണ് ഇതില്‍ പ്രധാനം. ആരോഗ്യമേഖലയിലെ സഹകരണം സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും ആരോഗ്യമന്ത്രാലയങ്ങള്‍ ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടു. ശാസ്ത്ര, അക്കാഡമിക് മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ യൂണിവേഴ്‌സിറ്റിയും ബെലാറസ് ഗവണ്‍മെന്റല്‍ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിനും തമ്മിലും ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്കും ബെലാറസ് കമ്പനി ഡെവലപ്‌മെന്റ് ബാങ്ക് തമ്മിലും ധാരണാപത്രങ്ങള്‍ ഒപ്പുച്ചു. ചര്‍ച്ചയിലും ധാരണാപത്രം ഒപ്പുവയ്ക്കല്‍ ചടങ്ങിലും പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയും മന്ത്രിമാരും പങ്കെടുത്തു.
നേരത്തെ അമീരി ദിവാനില്‍ ബെലാറസ് പ്രസിഡണ്ടിന് ഔദ്യോഗിക വരവേല്‍പ്പ് നല്‍കി. അദ്ദേഹത്തിന് അമീര്‍ ഉച്ചവിരുന്നും ഒരുക്കിയിരുന്നു. രണ്ടുദിവസത്തെ ഖത്തര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെ വൈകുന്നേരത്തോടെ ബെലാറസ് പ്രസിഡണ്ട് മടങ്ങി. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ധനകാര്യമന്ത്രി അലി ശരീഫ് അല്‍ ഇമാദി അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കി. ബെലാറസിലെ ഖത്തര്‍ അംബാസഡര്‍ സഉദ് ബിന്‍ അബ്ദുല്ല അല്‍ മഹ്മൂദും വിമാനത്താവളത്തിലെത്തിയിരുന്നു.