ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന പോര്‍ട്ടലായ മെട്രാഷ് ടു ഉപയോഗിക്കുന്നവരുടെ എണ്ണം നാലുലക്ഷത്തോളമായി. 2011 ഡിസംബറില്‍ മെട്രാഷിനു തുടക്കംകുറിക്കുമ്പോള്‍ വളരെ കുറച്ച് സേവനങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. വളരെ പെട്ടെന്നുതന്നെ വികസിപ്പിക്കുകയായിരുന്നു. നിലവില്‍ 153 ഇ-സേവനങ്ങളാണ് മെട്രാഷിലൂടെ നല്‍കുന്നത്. പാസ്‌പോര്‍ട്ട് ജനറല്‍ ഡയറ്കടറേറ്റുമായി ബന്ധപ്പെട്ടു മാത്രം പ്രതിദിനം ഏകദേശം 7000 ഇടപാടുകള്‍ നടക്കുന്നുണ്ട്. ആറു ഭാഷകളില്‍ നിലവില്‍ മെട്രാഷ് ടു ലഭ്യമാണ്- വകുപ്പിലെ ഓഫീസര്‍ മേജര്‍ താരീഖ് ഈസ അല്‍അഖിദി ദി പെനിന്‍സുലയോടു പറഞ്ഞു. വിസ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രതിമാസം 2.15ലക്ഷം ഇടപാടുകളും 1.60 ലക്ഷം അവധി അറിയിപ്പ് സേവനങ്ങളും നല്‍കുന്നുണ്ട്. ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും മെട്രാഷ് 2 ലഭ്യമാണ്. താമസക്കാര്‍, വിവിധ സ്ഥാപനങ്ങള്‍, എല്ലാത്തരം വിസയുള്ളവരും തുടങ്ങിയവരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. വെബ്‌സൈറ്റ് മുഖേനയും മെട്രാഷ് രണ്ടിലൂടെയും വകുപ്പിന്റെ ഇലക്ട്രോണിക് സേവനങ്ങള്‍ ലഭിക്കും. സ്ഥിരം വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിമാസം 1.50ലക്ഷത്തിലധികം ഇടപാടുകള്‍ നടത്തുന്നുണ്ട്. റസിഡന്‍സി പെര്‍മിറ്റ് അനുവദിക്കുന്നതിനും വീണ്ടും സജീവമാക്കുന്നതിനുമു(റീ ആക്ടിവേറ്റ്)ള്ള സൗകര്യം മന്ത്രാലയം വെബ്‌സൈറ്റിലും മെട്രാഷ് ടുവിലും ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യപരിശോധന പൂര്‍ത്തീകരിക്കുന്നവര്‍ക്കായിരിക്കും ആര്‍പി അനുവദിക്കുകയും റീആക്ടിവേറ്റ് ചെയ്യുകയും ചെയ്യുന്നത്. പുതിയ ആര്‍പിയുടെ കാര്യത്തില്‍ വിരലടയാളം ആവശ്യമാണ്, എന്നാല്‍ റീആക്ടിവേറ്റ് ചെയ്യാനാണെങ്കില്‍ വിരലടയാളം ആവശ്യമില്ല. ആര്‍പി പുതുക്കല്‍, റദ്ദാക്കല്‍ ഉള്‍പ്പടെയുള്ള സേവനങ്ങളും ലഭിക്കും. പ്രിന്റിങിനുശേഷം റസിഡന്‍സി കാര്‍ഡ് ഖത്തര്‍ പോസ്റ്റല്‍ സര്‍വീസ് കമ്പനി മുഖേനയായിരിക്കും വിതരണം. ട്രാഫിക്, കമ്യൂണിറ്റി പോലീസ്, സിഐഡി സേവനങ്ങളും മെട്രാഷ് രണ്ടിലൂടെ ലഭിക്കും. ഗതാഗത ലംഘനങ്ങളുടെ എണ്ണം, സ്‌പോണ്‍സര്‍ വിവരങ്ങള്‍, വ്യക്തിഗത രേഖകള്‍, കാലാവധി തുടങ്ങിയവ സംബന്ധിച്ച സേവനങ്ങള്‍ മെട്രാഷില്‍ ലഭ്യമാണ്. വിരലടയാളം ഉപയോഗിച്ച് മെട്രാഷ് ടുവില്‍ പ്രവേശിക്കാനാകും. ഉപയോക്താവിന് വേഗത്തിലും സുഗമമായും തങ്ങളുടെ പ്രൊഫൈലിലേക്ക് പ്രവേശിക്കാന്‍ കഴിയും. എക്‌സിറ്റ്പ്രവേശന ഇടപാടുകള്‍, മന്ത്രാലയത്തിന്റെ കോണ്‍ടാക്ട് സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് മെട്രാഷ് ടുവിലൂടെ അപേക്ഷിക്കാന്‍ കഴിയും. 27 പുതിയ സേവനങ്ങളാണ് കഴിഞ്ഞ വര്‍ഷം തുടങ്ങിയത്.