X

ഖത്തറില്‍ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു: തണുപ്പിന് കാഠിന്യമേറി

ദോഹ: തണുപ്പിന്റെ കാഠിന്യം വര്‍ധിപ്പിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മഴ പെയ്തു. ഇന്നലെ രാവിലെ മുതല്‍ പലയിടങ്ങളിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു ഉച്ചയ്ക്കുശേഷം ദോഹയില്‍ പല ഭാഗത്തും മഴ പെയ്തു. ചിലയിടങ്ങളില്‍ മഴ സാമാന്യം നന്നായി പെയ്തു. അബുഹമൂര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ചാറ്റല്‍ മഴയാണ് പെയ്തത്. മഴ പെയ്തതോടെ തണുപ്പിന് കാഠിന്യമേറിയിട്ടുണ്ട്. മതാര്‍ ഖദീം, അല്‍ വഖ്‌റ, വുഖൈര്‍, ഗ്രാന്‍ഡ് ഹമദ് സ്ട്രീറ്റ് എന്നിവിടങ്ങളിലെല്ലാം ഇന്നലെ മഴ പെയ്തു.

വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. തണുപ്പും കാറ്റും വര്‍ധിക്കുന്നതിന്റെ ഭാഗമായി മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. രാജ്യത്ത് ശൈത്യം ശക്തമാകാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാവിദഗ്ദ്ധരുടെ നിരീക്ഷണം. വാരാന്ത്യത്തില്‍ ഖത്തറില്‍ ശീതതരംഗത്തിന് സാധ്യതയുണ്ടെന്നും തണുപ്പ് ശക്തിയാര്‍ജിച്ചേക്കാമെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

സൈബീരിയന്‍ അതിസമ്മര്‍ദ്ദവും അതേത്തുടര്‍ന്നുള്ള ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റുമാണ് കാലാവസ്ഥയിലെ ഈ മാറ്റത്തിനു കാരണമാകുക. ഞായറാഴ്ച വരെ ഈ അവസ്ഥ പ്രകടമായിരിക്കും. ഈ ദിവസങ്ങളില്‍ രാജ്യത്ത് അനുഭവപ്പെടുന്ന ശീതതരംഗം തണുപ്പ് കൂടാന്‍ കാരണമാകും. ഈ ദിവസങ്ങളില്‍ ദോഹയില്‍ താപനിലയില്‍ ശരാശരിയേക്കാള്‍ മൂന്നു മുതല്‍ ആറുവരെ ശതമാനം കുറവുണ്ടാകും. പരമാവധി താപനില 17 മുതല്‍ 20 ഡിഗ്രിസെല്‍ഷ്യല്‍സ് വരെയും കുറഞ്ഞ താപനില 10 മുതല്‍ 13 ഡിഗ്രിസെല്‍ഷ്യല്‍സ് വരെയുമായിരിക്കും.

കടലില്‍പോകുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളില്‍നിന്നും ജനങ്ങള്‍ ഒഴിഞ്ഞുനില്‍ക്കണമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ വകുപ്പ് ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ അതാത് സമയങ്ങളിലെ കാലാവസ്ഥയെക്കുറിച്ച് വിവരം നല്‍കുന്നുണ്ട്. ഇവയെല്ലാം പൊതുജനങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കണം. കൂടാതെ 92125 എന്ന നമ്പറിലേക്ക് ണലമവേലൃ എന്ന് സന്ദേശം അയച്ചാല്‍ അതാത് സമയങ്ങളിലെ കാലാവസ്ഥാ വിവരങ്ങള്‍ ലഭിക്കും.

chandrika: