ദോഹ: ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനായി രാജ്യം തയാറാകുന്നതായി ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ്് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി. ജനീവയില്‍ 37-ാമത്് യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യാന്തര വ്യവസ്ഥകള്‍ക്ക് അനുസൃതമായി മനുഷ്യാവകാശം സംബന്ധിച്ച ദേശീയ പദ്ധതിയും ആസൂത്രണത്തിലാണ്. എല്ലാ രാജ്യങ്ങളുമായും ഗുണപരമായ ഇടപെടലുകളിലൂടെ മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമുള്ള ശ്രമങ്ങള്‍ തുടരും. സഊദി സഖ്യത്തിന്റെ ഖത്തറിനെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യം നേരിടുന്ന നിയമവിരുദ്ധവും നീതിരഹിതവുമായ ഉപരോധം അവസാനിപ്പിക്കാന്‍ കൗണ്‍സില്‍ ഇടപെടണം. ഖത്തര്‍ ജനതക്കുമേല്‍ നീതീകരിക്കാനാകാത്ത മനുഷ്യാവകാശം ലംഘനം അടിച്ചേല്‍പ്പിക്കുമ്പോള്‍ അതിനെതിരെ നടപടി സ്വീകരിക്കേണ്ടത് ഉത്തരവാദിത്തമാണ്. ഏകപക്ഷീയവും ബലം പ്രയോഗിച്ചുമുള്ള ഉപരോധമാണ് ഖത്തര്‍ ജനത നേരിടുന്നത്. മനുഷ്യാവകാശത്തിനു വേണ്ടിയുള്ള യു എന്‍ ഹൈകമ്മീഷണര്‍ മിഷന്‍ കഴിഞ്ഞ നവംബറില്‍ ഖത്തര്‍ സന്ദര്‍ശിച്ചു തയാറാക്കി പ്രസിദ്ധീകരിച്ച റി്‌പ്പോര്‍ട്ടില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഖത്തരി പൗരന്‍മാര്‍ക്കും വിദേശികള്‍ക്കുമെതിരായ മനുഷ്യാവകാശ ലംഘനങ്ങളുടെ വ്യക്തതയുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. നീതി ലഭിക്കേണ്ടത് ഖത്തറിന്റെ അവകാശമായിരിക്കേ കൗണ്‍സിലിന്റെ ഉത്തരവാദിത്തവും അധികാരവും ഉപയോഗപ്പെടുത്തണം. ഇരകള്‍ക്ക് നീതിയും നഷ്ടപരിഹാരവും ലഭിക്കേണ്ടതുണ്ട്. ഇരകളോടൊപ്പം നില്‍ക്കണമെന്നാണ് ഖത്തറിന്റെ ആവശ്യം.
മനുഷ്യവകാശ ലംഘകര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണം. ലംഘനത്തിന് ഇരയാകുന്നവര്‍ക്ക്്് നഷ്ടപരിഹാരം നല്‍കണം. രാജ്യാന്തര നിയമങ്ങളും മനുഷ്യാവകാശങ്ങളും ലംഘിച്ചുകൊണ്ടുള്ള അക്രമങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും ഉള്‍പ്പടെയുള്ള വിവിധ വെല്ലുവിളികളാണ് ലോകം നേരിടുന്നത്്. കിഴക്കന്‍ ഗൗത്വയിലെ അക്രമം മനുഷ്യത്വത്തിനുനേരെയുള്ള കളങ്കമാണ്. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട്്് യു.എന്‍സെക്രട്ടറി കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ രാജ്യാന്തര സമൂഹം നടപടികളെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിറിയന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം സാധ്യമാക്കുന്നതിന് ജനീവ ഒന്നാം പ്രസ്താവനയ്ക്ക് അനുസൃതമായി നിയമപരവും ധാര്‍മികവുമായ ഉത്തരവാദിത്വം നിറവേറ്റാന്‍ രാജ്യാന്തര സമൂഹം തയാറാകണം. സിറിയന്‍ സമൂഹത്തിന് മാനുഷിക കാരുണ്യ സഹായം ലഭ്യമാക്കാനും സന്നദ്ധത പ്രകടിപ്പിക്കണം. സിറിയയ്ക്ക് സഹായം ലഭ്യമാക്കുന്നതില്‍ ഖത്തര്‍ പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫലസ്തീന്‍ ജനങ്ങളുടെ അവകാശ സംരക്ഷണത്തിലും രാജ്യാന്തര സമൂഹത്തിന്റെ ഇടപെടലുണ്ടാകണം. കിഴക്കന്‍ ജറുസലേം തലസ്ഥാനമായി 1967ലെ അതിര്‍ത്തികള്‍ പ്രകാരം ഫലസ്തീന്‍ രാജ്യം രൂപീകരിക്കണമെന്ന അറബ് സമാധാന ശ്രമങ്ങളുടെ ഭാഗമായുള്ള നിലപാടും വിദേശകാര്യമന്ത്രി ആവര്‍ത്തിച്ചു. അധിനിവേശത്തിലാണ് ഫലസ്തീന്‍ ജനങ്ങള്‍ ജീവിക്കുന്നത്. ഫലസ്തീനികള്‍ക്കെതിരായ നിയമലംഘനങ്ങള്‍ ഇസ്രാഈല്‍ അവസാനിപ്പിക്കണം. സാധാരണക്കാരായ ജനങ്ങള്‍ക്കെതിരെ ക്രൂരമായ അതിക്രമങ്ങളാണ് ഇസ്രാഈല്‍ സൈന്യം അഴിച്ചുവിടുന്നത്. അതിനെതിരെ ശക്തമായ നടപടികളുണ്ടാകണമെന്നും വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.ജനീവയില്‍ നടക്കുന്ന സിറിയന്‍ യുദ്ധകുറ്റകൃത്യങ്ങള്‍ സംബന്ധിച്ച മന്ത്രിതല ഉച്ചകോടിയില്‍ പങ്കെടുക്കവെ സിറിയയില്‍ നടക്കുന്ന മനുഷ്യത്വ രഹിതമായ യുദ്ധ കുറ്റകൃത്യങ്ങളിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. സിറിയന്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍, യുദ്ധ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ രാജ്യാന്തരതലത്തില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് സമഗ്ര റിപ്പോര്‍ട്ട് ആവശ്യമാണ്. ഇക്കാര്യത്തില്‍ സമഗ്ര ചര്‍ച്ചകളും ഇടപെടലുകളുമുണ്ടാകണം.
സിറിയന്‍ ഭരണകൂടവും തീവ്രവാദ ഗ്രൂപ്പുകളും ജനങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയാണ്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അവിടെ നടക്കുന്നത്.