സ്വന്തം ലേഖകന്‍
ദോഹ
അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഖത്തര്‍ നാഷണല്‍ ലൈബ്രറി(ക്യുഎന്‍എല്‍)യുടെ പുതിയ കെട്ടിടസമുച്ചയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിലില്‍ നടക്കും. ഇതോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വൈവിധ്യമാര്‍ന്ന വിനോദ വിജ്ഞാന പരിപാടികളും പ്രദര്‍ശനങ്ങളും പ്രഭാഷണങ്ങളും സെമിനാറുകളും ശില്‍പ്പശാലകളും നടക്കും.
കഴിഞ്ഞവര്‍ഷം നവംബര്‍ ഏഴിനായിരുന്നു ലൈബ്രറി പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കിയിരുന്നത്. ഔദ്യോഗിക ഉദ്ഘാടനം 2018ലായിരിക്കും നടക്കുകയെന്ന് ആ ഘട്ടത്തില്‍തന്നെ അറിയിച്ചിരുന്നു. വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കൊപ്പം പുതിയ സേവനങ്ങള്‍ക്കും ഉദ്ഘാടനത്തോടനുബന്ധിച്ച് തുടക്കംകുറിക്കും. ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ ഭാഗാമായാണ് ഖത്തര്‍ നാഷണല്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമാകുന്ന വിധത്തിലാണ് നാഷണല്‍ ലൈബ്രറിയുടെ നിര്‍മാണം. വിജ്ഞാനശേഖരണത്തിനുള്ള ആധുനിക മാര്‍ഗങ്ങളും സംവിധാനങ്ങളും ഇവിടെയുണ്ട്. ആഗോളതലത്തില്‍തന്നെ മാതൃകാപരമായൊരു നാഷണല്‍ ലൈബ്രറിയായി മാറ്റിയെടുക്കത്തക്കവിധത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഒഎംഎ(ഓഫീസ് ഫോര്‍ മെട്രൊപൊളിറ്റന്‍ ആര്‍ക്കിടെക്ചര്‍)യിലെ റെം കൂല്‍ഹാസാണ് പുതിയ നാഷണല്‍ ലൈബ്രറി ഡിസൈന്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ പഠന സൗകര്യങ്ങള്‍ക്കുള്ള സ്ഥലങ്ങളും പരിപാടികള്‍ അവതരിപ്പിക്കാനുള്ള വേദികളും കഫേകളും പുതിയ ലൈബ്രറിയിലുണ്ട്.
ഏപ്രിലിലെ ഔദ്യോഗിക ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ടാഴ്ച നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയിലെല്ലാം പൊതുജനങ്ങള്‍ക്കും പങ്കുചേരാം. ഏപ്രില്‍ പതിനേഴിന് ഖത്തര്‍- ജര്‍മന്‍ പ്രദര്‍ശനത്തിനു തുടക്കമാകും. അറബിക് ജര്‍മന്‍ നാടന്‍ കഥകളുടെയും ചരിത്രത്തിന്റെയും ആഴത്തിലുള്ള അവതരണം നടക്കും. രണ്ടു പാരമ്പര്യങ്ങള്‍ എങ്ങനെ പരസ്പരം സ്വാധീനി്ക്കപ്പെട്ടു എന്നു മനസിലാക്കാനും പ്രദര്‍ശനം സഹായിക്കും.
ഖത്തറിലെയും ജര്‍മനിയിലെയും കഥപറച്ചിലിന്റെ നൂതന സങ്കേതങ്ങള്‍, അറേബ്യന്‍ രാത്രികള്‍, ജെബ്രൂഡര്‍ ഗ്രിമ്മിന്റെ രസകരമായ കഥകള്‍ എന്നിവയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട സമകാല ജര്‍മന്‍- ഖത്തരി കഥകള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തിന്റെ ഭാഗമാകും.
ഏപ്രില്‍ പതിനേഴിനു തന്നെ പ്രഥമ ഖത്തര്‍ നാഷണല്‍ ലൈബ്രറി പൈതൃക ലൈബ്രറി പ്രദര്‍ശനം നടക്കും. ഇസ് ലാമിക് ലോകത്തിന്റെ പൈതൃകം വിശദമായി മനസിലാക്കാന്‍ പ്രദര്‍ശനം ഉപകരിക്കും. പുസ്തകങ്ങള്‍, കയ്യെഴുത്ത് പ്രതികള്‍, ഭൂപടങ്ങള്‍, ഗ്ലോബുകള്‍, യാത്രക്കാരുടെ ഉപകരണങ്ങള്‍ എന്നിവയെല്ലാം പ്രദര്‍ശിപ്പിക്കും. ഖത്തറിന്റെ കഥയെക്കുറിച്ചുള്ള അവതരണം, മേഖലയിലെ ശാസ്ത്ര്ം, സാഹിത്യം, വനിത, എഴുത്ത്, യാത്ര, മതം എന്നിവയുടെയെല്ലാം ചരിത്രം അനാവരണം ചെയ്യും. ഏപ്രില്‍ 17നു വൈകുന്നേരം സത്യത്തിന്റെ കാര്യങ്ങള്‍- വ്യാജവാര്‍ത്തകളുടെ കാലഘട്ടം എന്ന പേരില്‍ പാനല്‍ ചര്‍ച്ച സംഘടിപ്പിക്കും. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ രാഷ്ട്രീയ അജണ്ടകള്‍ കൃത്രിമമായി സൃഷ്ടിക്കുന്നതിന് വ്യാജവാര്‍ത്തകള്‍ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ചാണ് ചര്‍ച്ച.
ന്യുയോര്‍ക്ക് ടൈംസിന്റെ റോജര്‍ കോഹന്‍, ബ്രിട്ടീഷ് ലൈബ്രറി ചീഫ് എക്‌സിക്യുട്ടീവ് റോളി കീറ്റിങ്, കൗണ്‍സില്‍ ഓണ്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ റിസോഴ്‌സസ് പ്രസിഡന്റ് ചാള്‍സ് ഹെന്റി, ഖത്തര്‍ ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മാഗി സലേം എന്നിവര്‍ പങ്കെടുക്കും. യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌ലഹോമ മിഡില്‍ഈസ്റ്റ് സ്റ്റഡീസ് പ്രൊഫസര്‍ സാമര്‍ ഷെഹതയായിരിക്കും മോഡറേറ്റര്‍. ഏപ്രില്‍ 17നുതന്നെ ഖത്തര്‍ നാഷണല്‍ ലൈബ്രറിയുടെ ബുക്ക് ക്ലബ്ബ് ഫോര്‍ ദി ബ്ലൈന്‍ഡിന് വേള്‍ഡ് ബ്ലൈന്‍ഡ് യൂണിയന്‍ പ്രസിഡന്റ് ഡോ. ഫ്രെഡറിക് കെ ഷ്രോയെദര്‍ തുടക്കംകുറിക്കും.സാമൂഹിക അവസരങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം ലൈബ്രറിയുടെ സ്രോതസ്സുകളിലേക്കും സേവനങ്ങളിലേക്കും തുല്യ പ്രവേശനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഈ ക്ലബ്ബിലൂടെ ലക്ഷ്യമിടുന്നത്. ലൈബ്രറിയുടെ പ്രഥമ ഡിജിറ്റല്‍ പ്രദര്‍ശനത്തോടനുബന്ധിച്ച് ഏപ്രില്‍ പതിനെട്ടിന് ഡേറ്റാ ജേര്‍ണലിസ്റ്റും ഡിസൈനറുമായ ഡേവിഡ് മക്കാന്‍ഡില്‍സ് പ്രഥമ പ്രഭാഷണം നടത്തും. ഏപ്രില്‍ 19ന് യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയിലെ പ്ലാനറ്ററി സയന്റിസ്റ്റും നാസ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടയിലെ കോ ഇന്‍വെസ്റ്റിഗേറ്ററുമായ ഡോ. ഇസ്സം ഹെഗിയുടെ പ്രഭാഷണം നടക്കും.ലൈബ്രറി കണ്‍സേര്‍ട്ട് സീരിസിന്റെ ഭാഗമായ മാസാന്ത്യ ഫില്‍ഹാര്‍മണിക് ഷോയില്‍ ഖത്തര്‍ ഫില്‍ഹാര്‍മണിക് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന പരിപാടിയും അന്നുതന്നെ നടക്കും. ഏപ്രില്‍ 22 മുതല്‍ 25വരെ പരമ്പരാഗത അറബ് ആര്‍ക്കിടെക്ചര്‍ വാരം നടക്കും. ഖത്തറിന്റെയും അറേബ്യന്‍ ഗള്‍ഫിന്റെയും വാസ്തുവിദ്യയും രൂപകല്‍പ്പനയും അടുത്തറിയാനും കൂടുതല്‍മനസിലാക്കാനും അവസരമുണ്ടാകും. ഇസ് ലാമിക് ആര്‍ക്കിയോളജിസ്റ്റ് പ്രൊഫ. ക്ലെയര്‍ ഹാര്‍ഡി ഗില്‍ബര്‍ട്ട് ഉദ്ഘാടനം ചെയ്യും. ഖത്തറിന്റെ പരമ്പരാഗത വാസ്തുവിദ്യ(കൊട്ടാരങ്ങള്‍, വീടുകള്‍, ഷോപ്പുകള്‍, ഫാമുകള്‍, പള്ളികള്‍, കോട്ടകള്‍)യെക്കുറിച്ചുള്ള പ്രഭാഷണമുണ്ടാകും.
ഖത്തറിലെ ഫ്രഞ്ച് ആര്‍ക്കിയോളജിക്കല്‍ മിഷന്‍ 1985- 1986 കാലങ്ങളിലായി എടുത്ത ഖത്തര്‍ പരമ്പരാഗത കെടട്ടിടങ്ങളുടെ ഫോട്ടോഗ്രാഫുകള്‍ ഉള്‍പ്പെടുത്തിയുള്ള പ്രദര്‍ശനവുമുണ്ടാകും. ഖത്തര്‍ നാഷണല്‍ ലൈബ്രറി അടുത്തിടെയാണ് ഈ ഫോട്ടോഗ്രാഫുകള്‍ സ്വന്തമാക്കിയത്. ഹെറിറ്റേജ് ലൈബ്രറിയും വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഏപ്രില്‍ 26, 29, മേയ് രണ്ട് തീയതികളിലായി വൈവിധ്യമാര്‍ന്ന പരിപാടികളും പ്രഭാഷണങ്ങളും പ്രദര്‍ശനങ്ങളും നടക്കും. ചരിത്രഭൂപടങ്ങളുമായി ബന്ധപ്പെട്ട ഖത്തറിന്റെ വിഷയം ഏപ്രില്‍ 29ന് അവതരിപ്പിക്കും. ലൈബ്രറിയിലെ ഉദ്യോഗസ്ഥരായ ക്രിസ്റ്റഫര്‍ അലാരിയോ, ഡോ. ജെയിംസ് ഒന്‍ലേ എന്നിവര്‍ നേതൃത്വം നല്‍കും.
ചരിത്രഭൂപടത്തില്‍ 200വര്‍ഷത്തിലധികം ദുരൂഹസാഹചര്യത്തില്‍ ഖത്തര്‍ അപ്രത്യക്ഷമാകലായിരിക്കും ചര്‍ച്ച ചെയ്യുക. ഭൂപടങ്ങളില്‍ ഏകദേശം 2000 വര്‍ഷങ്ങളായി ഖത്തറിന്റെ സാന്നിധ്യമുണ്ട്.
എന്നാല്‍ ചില ഭൂപടങ്ങളില്‍ 1548 മുതല്‍ 1596വരെ കാണപ്പെട്ടശേഷം പിന്നീട് 1823വരെ കാണാനാകാത്ത സ്ഥിതിയുണ്ട്. ഇക്കാര്യങ്ങളാവും പ്രധാനമായും ചര്‍ച്ച ചെയ്യുക. മേയ് രണ്ടിന് കേംബ്രിഡ്ജ് ഫിറ്റ്‌സ് വില്യം മ്യൂസിയത്തിലെ ഇസ് ലാമിക്, ഇന്ത്യന്‍ കയ്യെഴുത്ത് പ്രതികളുടെ ഹോണററി കീപ്പര്‍ മാര്‍ക്കസ് ഫ്രേസറിന്റെ പ്രഭാഷണമുണ്ടാകും. ബ്ലൂ ഖുര്‍ആന്‍ കയ്യെഴുത്ത്പ്രതിയുടെ തുടക്കവും മാറ്റങ്ങളും സംബന്ധിച്ചാണ് അദ്ദേഹത്തിന്റെ പ്രഭാഷണം.