ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധത്തിന്റെ വെല്ലുവിളികളെല്ലാം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അതിജീവിച്ച് ഖത്തര്‍ ഇന്ന് ദേശീയദിനം ആഘോഷിക്കുന്നു. വിപുലമായ പരിപാടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍. നഗരവീഥികളിലെങ്ങും ദേശീയദിനാഘോഷത്തിന്റെ അആവേശം പ്രകടമാണ്. പരമ്പരാഗതമായ പ്രൗഢിയോടെ തന്നെ ദേശീയ ദിനം ആഘോഷിക്കാന്‍ സ്വദേശികളും ഒപ്പം പ്രവാസികളും പങ്കുചേരുന്നു.
രാജ്യത്തങ്ങോളമിങ്ങോളം ദേശീയ പതാകകള്‍ ഉയര്‍ന്നു പറക്കുന്നു. ആഘോഷങ്ങളുടെ പ്രധാനവേദിയായ ദര്‍ബ് അല്‍സായി ഉത്സവാന്തരീക്ഷത്തിലാണ്. ആഘോഷക്കാഴ്ചകളില്‍ പ്രവാസികളും പങ്കാളികളാകുന്നു.
വിവിധ സര്‍ക്കാര്‍ ഏജന്‍സികളും സംഘടനകളും സ്വകാര്യകമ്പനികളും പ്രസ്ഥാനങ്ങളും വ്യത്യസ്തമായ പരിപാടികളോടെ ദേശീയദിനം കൊണ്ടാടുകയാണ്. കോര്‍ണിഷ് തീരത്ത് ഈന്തപ്പനകള്‍ വര്‍ണ വെളിച്ചങ്ങളാല്‍ അണിഞ്ഞൊരുങ്ങിയിരിക്കുന്നു. ദോഹ നഗരം ഉത്സവത്തിമിര്‍പ്പിലാണ്.
നഗരത്തിലെ എല്ലാ വലിയ കെട്ടിടങ്ങള്‍ക്ക് മുകളിലെല്ലാം ദേശീയ പതാകകളോടൊപ്പം ഖത്തര്‍ അമീറിന്റെയും പിതാവ് അമീറിന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത പതാകകള്‍ ഉയര്‍ത്തിയും ദീപാലങ്കാരങ്ങള്‍ തൂക്കിയും മനോഹാരിതമാക്കിയിട്ടുണ്ട്. പരമ്പരാഗത സംസ്‌കാരത്തനിമ ധ്വനിപ്പിക്കുന്ന പരിപാടികളാണ് ദേശീയദിനവുമായി ബന്ധപ്പെട്ട് ദോഹയില്‍ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറുന്നത്.
സൈനിക പരേഡിനൊപ്പം സംഘടിപ്പിക്കുന്ന ഘോഷയാത്രകളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളും പങ്കെടുക്കും. കെട്ടിടങ്ങളെല്ലാം ദീപാലങ്കാരങ്ങളില്‍ കുളിച്ചുനില്ക്കുന്നു. കത്താറ, ആസ്പയര്‍ പാര്‍്ക്ക് എന്നിവിടങ്ങളിലെല്ലാം വ്യത്യസ്തമായ പരിപാടികള്‍ നടക്കുന്നു.
പതിവു പോലെ കോര്‍ണിഷ് തന്നെയാണ് ശ്രദ്ധാകേന്ദ്രം. പാരമ്പര്യത്തിന്റെ അടയാളമായ പാനീസ് വിളക്കുകൊണ്ട് അലങ്കരിച്ച ഈന്തപ്പനകള്‍ ഖത്തറിന്റെ ചരിത്രത്തിന്റെ പകര്‍പ്പുകള്‍ പരിചയപ്പെടുത്തുന്നതാണ്. ഷാളുകള്‍, തൊപ്പി തുടങ്ങിയവയുടെ വില്‍പനക്കാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ചാകരയായിരുന്നു. ഷോപ്പുകളില്‍ ഖത്തര്‍ പതാകയും ഷാളുകളും തൊപ്പികളും വാങ്ങാന്‍ ജനങ്ങള്‍ തിരക്കു കൂട്ടി. വാഹനങ്ങള്‍ അലങ്കരിക്കാന്‍ കാര്‍ ആക്‌സസറീസ് ഷോറൂമുകളിലും തിരക്ക് അനുഭവപ്പെട്ടു. അമീരിദിവാനില്‍ ഇന്നലെ വൈകുന്നേരം നടന്ന ആഘോഷത്തില്‍ അമീറിന്റെ പേഴ്‌സണല്‍ റപ്രസന്റേറ്റീവ് ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനിയും ശൈഖുമാരും മന്ത്രിമാരും പങ്കെടുത്തു.