X
    Categories: Views

ഞെട്ടിത്തരിച്ച് ലോകം , സമാനതകളില്ലാത്ത നടപടി

 

ഗള്‍ഫ് രാജ്യങ്ങളുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത നടപടിയാണ് സഊദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും പ്രഖ്യാപിച്ചത്. ഖത്തര്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് 48 മണിക്കൂറിനകം മടങ്ങണമെന്നും മൂന്ന് രാജ്യങ്ങളും ആവശ്യപ്പെട്ടത് പ്രശ്‌നത്തിന്റെ സങ്കീര്‍ണത വ്യക്തമാക്കുന്നതാണ്. ഖത്തര്‍ പൗരന്മാര്‍ ഈ രാജ്യങ്ങളില്‍ പ്രവേശിക്കുന്നതും മറ്റൊരു രാജ്യത്തേക്ക് ഇതുവഴി കടന്നുപോകുന്നതും വിലക്കിയിട്ടുണ്ട്. ഖത്തറുമായുള്ള അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ 2014 ലും സഊദി അറേബ്യയും ബഹ്‌റൈനും യു.എ.ഇയും ഖത്തറില്‍ നിന്ന് തങ്ങളുടെ അംബാസഡര്‍മാരെ തിരിച്ച് വിളിച്ചിരുന്നു. എന്നാല്‍ മൂന്ന് രാജ്യങ്ങളും ഖത്തര്‍ പൗരന്മാരെ പുറത്താക്കിയിരുന്നില്ല. നിലവില്‍ തങ്ങളുടെ രാജ്യങ്ങളില്‍ കഴിയുന്ന ഖത്തര്‍ പൗരന്‍മാരോട് പതിനാല് ദിവസത്തിനകം സ്ഥലംവിടണമെന്നാണ് സഊദിയും യു.എ.ഇയും ബഹ്‌റൈനും ആവശ്യപ്പെട്ടത്. തങ്ങളുടെ പൗരന്മാര്‍ ഖത്തര്‍ സന്ദര്‍ശിക്കുന്നത് മൂന്ന് രാജ്യങ്ങളും വിലക്കിയിട്ടുമുണ്ട്. ഖത്തറില്‍ കഴിയുന്ന തങ്ങളുടെ പൗരന്മാര്‍ 14 ദിവസത്തിനകം ഖത്തര്‍ വിടണമെന്നും മൂന്ന് രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പ്രവേശന വിലക്കില്‍ നിന്ന് ഖത്തറില്‍ നിന്നുള്ള ഹജ്ജ്, ഉംറ തീര്‍ഥാടകരെ ഒഴിവാക്കിയതായി സഊദി അറിയിച്ചു. ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന, കപ്പല്‍, വാഹന ഗതാഗതവും മൂന്ന് രാജ്യങ്ങളും പൂര്‍ണമായും വിലക്കി. ഖത്തറില്‍ നിന്നും ഖത്തറിലേക്കുമുള്ള വിമാന, കപ്പല്‍ സര്‍വീസുകള്‍ക്ക് സഊദി, ബഹ്‌റൈന്‍, യു.എ.ഇ വ്യോമ, സമുദ്ര അതിര്‍ത്തികള്‍ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. ഖത്തറിന്റെ രാഷ്ട്രീയ നയങ്ങള്‍ മൂലം ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതില്‍ ഖേദമുണ്ടെന്ന് അറിയിച്ച സഊദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും കുടുംബ, ചരിത്ര, മതബന്ധങ്ങള്‍ നിലവിലുള്ള ഖത്തര്‍ ജനതയോടുള്ള ആദരവ് പ്രത്യേകം എടുത്തുപറഞ്ഞു. ഖത്തര്‍ വിമാന കമ്പനികള്‍ക്ക് കീഴിലെ വിമാനങ്ങളും ഖത്തര്‍ വിമാനങ്ങളും സഊദിയിലെ എയര്‍പോര്‍ട്ടുകളില്‍ ഇറങ്ങുന്നത് ഉടനടി വിലക്കുന്ന തീരുമാനം ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രഖ്യാപിച്ചു. സൗദിയില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ വിമാന കമ്പനികളും നേരിട്ടോ അല്ലാതെയോ ഖത്തര്‍ സര്‍വീസ് നടത്തുന്നതും ഖത്തര്‍ വിമാനങ്ങള്‍ സഊദി വ്യോമമേഖലയിലൂടെ കടന്നുപോകുന്നതും വിലക്കിയിട്ടുണ്ട്. ഖത്തറിലും സഊദിയിലും രജിസ്റ്റര്‍ ചെയ്യാത്ത വിമാന കമ്പനികള്‍ ഖത്തറിലേക്കും തിരിച്ചും സഊദി വ്യോമ മേഖലയിലൂടെ സര്‍വീസ് നടത്തുന്നതിന് ആഗ്രഹിക്കുന്ന പക്ഷം ഇതിനുള്ള നടപടികള്‍ അറിയുന്നതിന് ഒരാഴ്ചക്കകം ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനെ സമീപിക്കണമെന്നും നിര്‍ദേശമുണ്ട്. കര, സമുദ്ര മാര്‍ഗം ഖത്തറിലേക്കും യാത്രക്കാരെ കൊണ്ടുപോകുന്നതും ചരക്ക് നീക്കം ചെയ്യുന്നതും ഉടനടി നിര്‍ത്തിവെക്കുന്നതിന് സഊദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളില്‍ ബഹ്‌റൈനും സഊദി അറേബ്യയും യു.എ.ഇയും മാത്രമാണ് ഖത്തറുമായി അതിര്‍ത്തി പങ്കിടുന്നത്. കുവൈത്തും ഒമാനും ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചിട്ടില്ലെങ്കിലും ഈ രണ്ട് രാജ്യങ്ങളും ഖത്തറുമായി അതിത്തി പങ്ക് വെക്കുന്നില്ല. ഖത്തറുമായി കരാതിര്‍ത്തി പങ്ക് വെക്കുന്നത് സൗദി അറേബ്യ മാത്രമാണ്. സഊദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതിന് പിന്നാലെ യമന്‍, ലിബിയ, മാല്‍ദ്വീപ്‌സ് എന്നീ രാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുന്നതായി പ്രഖ്യാപിച്ചു. ഖത്തര്‍ എയര്‍വെയ്‌സുമായുണ്ടാക്കിയ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ സഊദിയിലെ അല്‍അഹ്‌ലി ഫുട്‌ബോള്‍ ക്ലബ്ബ് റദ്ദാക്കി. സഊദി അറേബ്യന്‍ എയര്‍ലൈന്‍സ് (സഊദിയ), ഇത്തിഹാദ് എയര്‍വെയ്‌സ്, എമിറേറ്റ്‌സ്, ഈജിപ്ത് എയര്‍, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ അടക്കമുള്ള വിമാന കമ്പനികള്‍ ദോഹ സര്‍വീസുകള്‍ റദ്ദാക്കി. സഊദിയില്‍ പ്രവര്‍ത്തിക്കുന്നതിന് അല്‍ജസീറ ചാനലിന് നല്‍കിയ ലൈസന്‍സും പിന്‍വലിക്കുകയും ചാനലിന്റെ സഊദിയിലെ ഓഫീസുകള്‍ അടപ്പിക്കുകയും ചെയ്തു. ഖത്തര്‍ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്ന സഊദി പൗരന്മാരോട് ജോലി രാജിവെക്കുന്നതിനും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം സഊദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചത് ഭീകര വിരുദ്ധ പോരാട്ടത്തെ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് അമേരിക്കന്‍ വിദേശ മന്ത്രി റെക്‌സ് ടില്ലേഴ്‌സനും പ്രതിരോധ മന്ത്രി ജെയിംസ് മാറ്റിസും പറഞ്ഞു. നയതന്ത്രബന്ധം വിച്ഛേദിക്കുന്നതിനുള്ള സഊദി അറേബ്യയുടെയും യു.എ.ഇയുടെയും ബഹ്‌റൈന്റെയും ഈജിപ്തിന്റെയും തീരുമാനത്തില്‍ ഖേദമുണ്ടെന്ന് ഖത്തര്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഈ തീരുമാനങ്ങള്‍ പൗരന്മാരുടെയും രാജ്യത്ത് കഴിയുന്ന വിദേശികളുടെയും സാധാരണ ജീവിതത്തെ ബാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

chandrika: