X

തീവ്രവാദത്തെ തുടച്ചുനീക്കാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധം: വിദേശകാര്യമന്ത്രി

 

ദോഹ:തീവ്രവാദത്തെ തുടച്ചുനീക്കാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി വ്യക്തമാക്കി. തീവ്രവാദത്തിനു സാമ്പത്തികസഹായം ലഭിക്കുന്നത് തുടച്ചുനീക്കുന്നതിനായി വര്‍ഷങ്ങളായി ശക്തമായ ചുവടുവയ്പ്പുകളാണ് ഖത്തര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഉചിതമായ നിയമനിര്‍മാണങ്ങള്‍ ഉള്‍പ്പടെ ഖത്തര്‍ വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ലണ്ടനില്‍ വ്യക്തമാക്കി. വെസ്റ്റ്മിനിസ്റ്റര്‍ തീവ്രവാദ പ്രതിരോധ സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
തീവ്രവാദം സംബന്ധിച്ച ആഗോള ഭീഷണി നേരിടുന്നതിനായി യോജിച്ചുള്ള പുതിയ സമീപനങ്ങള്‍ തേടി ഖത്തര്‍ വിശ്രമരഹിതമായി പ്രവര്‍ത്തിക്കുകയാണ്. രാജ്യാന്തര തലത്തില്‍, ഒരു പതിറ്റാണ്ടു മുന്‍പുതന്നെ തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ തങ്ങളുടെ പ്രതിബദ്ധത പങ്കുവയ്ക്കുന്ന ആഗോള പങ്കാളികളെ കണ്ടെത്തി സഹകരിക്കുന്നുണ്ട്. അത്തരം സഖ്യങ്ങള്‍ ഫലപ്രദമാകുകയും ചെയ്തിട്ടുണ്ട്. യുകെ പോലെയുള്ള രാജ്യങ്ങളുമായി സഖ്യരാജ്യങ്ങളുമായി യോജിച്ചാണ് ഖത്തര്‍ മുന്നോട്ടുപോകുന്നത്. എല്ലാതലത്തിലും തീവ്രവാദത്തെ തുടച്ചുനീക്കുന്നതിനുള്ള പ്രതിബദ്ധതയിലൂന്നിയുള്ള നിലപാടുമായി ഖത്തര്‍ മുന്നോട്ടുപോകുമെന്നും വിദേശകാര്യമന്ത്രി വിശദീകരിച്ചു. തീവ്രവാദത്തിനെതിരെയുള്ള യുദ്ധം ജയിക്കുന്നതിന് ആക്രമണത്തിന്റെ ചക്രങ്ങള്‍ ഭേദിക്കുന്നതിന് വിദ്യാഭ്യാസം മാത്രം മതിയാകില്ല, തൊഴില്‍ മാത്രം മതിയാകില്ല. മേഖലയില്‍ സുസ്ഥിരത ഉറപ്പാക്കണം. മിഡില്‍ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിന് രാഷ്ട്രീയ പ്രതിബദ്ധത നിര്‍ബന്ധമായും ഉണ്ടാകണം. പഠനം നടത്താന്‍ സാധിക്കാത്ത, അതിനുള്ള അവസരങ്ങള്‍ ലഭിക്കാത്ത എഴുപത് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് പഠനം നടത്തുന്നതിന് സഹായിക്കാന്‍ ഖത്തര്‍ പ്രതിബദ്ധതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. മെന മേഖലയിലെ അഞ്ചുലക്ഷം യുവജനങ്ങളെ നിരാശയില്‍നിന്നും നിരാശ്രയത്വത്തില്‍നിന്നും മടുപ്പില്‍ നിന്നും മോചിപ്പിച്ച് ശാക്തീകരിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നു. തീവ്രവാദത്തിന്റെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുകയും തീവ്രവാദം എങ്ങനെ ഉയര്‍ന്നുവരുന്നുവെന്ന് പരിശോധിക്കുകയെന്നതുമാണ് നമ്മുടെ ലക്ഷ്യങ്ങള്‍. തീവ്രവാദത്തിനുള്ള ധനസഹായം, റിക്രൂട്ട്‌മെന്റ് എന്നിവ അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പങ്കുവയ്‌ക്കേണ്ടതുണ്ട്.
തീവ്രവാദ ഭീകരവാദ ചിന്താഗതികളും ആശയങ്ങളും എങ്ങനെ തുടച്ചുനീക്കാമെന്നും തീരുമാനിക്കണം. ആരാണ് ശത്രു? തീവ്രവാദത്തിന്റെ മൂലകാരണങ്ങള്‍ എന്താണ്? നിഷ്ഠൂരവും ക്രൂരവുമായ സ്വേച്ഛാഭരണം, സര്‍വാധിപത്യം, നീതിയുടെ അപര്യാപ്തത, കയ്യേറ്റം. പ്രതിസന്ധികള്‍ തീവ്രവാദത്തിന് ഇന്ധനമേകുന്നു- വിദേശകാര്യമന്ത്രി വിശദീകരിച്ചു. നിയമങ്ങളെ ബഹുമാനിക്കാതിരിക്കല്‍, എതിരാളികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഉപാധിയായി ഭീകരവാദത്തെ ഉപയോഗിക്കല്‍ എന്നിവയ്ക്ക് സര്‍ക്കാരുകളെ അനുവദിക്കരുതെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ബ്രിട്ടണ്‍, ഖത്തര്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ പ്രതിനിധികള്‍ വെസ്റ്റ്മിനിസ്റ്റര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. തീവ്രവാദത്തിനെതിരെ പോരാടുന്നതിനും അതില്‍ പങ്കാളികളായവരെ കുറ്റവിചാരണ ചെയ്യുന്നതിനും രാജ്യാന്തര തലത്തില്‍ കൂടുതല്‍ വിശാലമായ നിയമ സഹകരണ ചട്ടക്കൂട് വികസിപ്പിക്കണമെന്ന ആവശ്യം സമ്മേളനം ഉയര്‍ത്തി.
തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ നിയമപരമായ തടസങ്ങള്‍ മറികടക്കുന്നതിനുള്ള ശ്രമമാണ് ശുപാര്‍ശ ചെയ്യപ്പെട്ട ചട്ടക്കൂടെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. തീവ്രവദത്തിലുള്‍പ്പെട്ടവരെ വിചാരണ ചെയ്യുന്നതില്‍ രാജ്യാന്തര നിയമങ്ങള്‍ തടസമാകുമെന്ന ഭയം നിലവിലുണ്ട്. രാജ്യങ്ങള്‍ക്കിടയില്‍ അതിര്‍ത്തികള്‍ക്കപ്പുറമുള്ള സഹകരണത്തിന്റെ പ്രോട്ടോക്കോള്‍ ഉണ്ടാകണമെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും വിദഗ്ദ്ധരും അഭിപ്രായപ്പെട്ടു.

chandrika: