ദോഹ: യുഎഇ യുദ്ധവിമാനം വീണ്ടും രാജ്യത്തിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതായി ഖത്തര്‍. രാജ്യത്തിന്റെ പരമാധികാരത്തിനെതിരായി യുഎഇയുടെ ഭാഗത്തുനിന്നുണ്ടായ ലംഘനം യുഎന്നിനെ ഖത്തര്‍ രേഖാമൂലം അറിയിച്ചു. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് നാലിനാണ് അബൂദാബിയില്‍ നിന്നും പുറപ്പെട്ട സിഎന്‍ 35 ഇനത്തില്‍ പെട്ട യുദ്ധ വിമാനം അനുമതിയില്ലാതെ രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചത്. ഇത് സംബന്ധമായ പരാതി യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രസിഡന്റ് അംബാസഡര്‍ കാരെല്‍ വാന്‍ ഊസ്റ്റെറോം എന്നിവര്‍ക്ക് കൈമാറി. യു എന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനിയാണ് പരാതി നല്‍കിയത്.
രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് യുഎഇയുടെ നടപടികളെന്ന് ഖത്തര്‍ കുറ്റപ്പെടുത്തി. ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ചുവരുന്നത് ഖത്തര്‍ എന്ന രാജ്യത്തിന്റെ പരമാധികാരത്തിനു മേല്‍ നടത്തുന്ന കയ്യേറ്റവും മേഖലയുടെ തന്നെ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്ന നടപടിയാണെന്നും പരാതിയില്‍ പറഞ്ഞു.
മേഖലയില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കാന്‍ മാത്രമെ ഇത്തരം നടപടികള്‍ സഹായിക്കുകയുള്ളു. നിരുത്തരവാദപരവും പ്രകോപനപരവുമായ പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോഴും ഖത്തര്‍ ആത്മനിയന്ത്രണം പാലിക്കുകയും അതു തുടരുകയുമാണ്. രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ ഏതു നിയമലംഘനങ്ങളെയും ഖത്തര്‍ അപലപിക്കുകയാണ്. ഏതു നിയമലംഘനങ്ങള്‍ക്കെതിരെയും പ്രതികരണം തുടരും.
രാജ്യാന്തര നിയമങ്ങള്‍ക്കനുസൃതമായി രാജ്യത്തിന്റെ അതിര്‍ത്തിയും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനായി രാജ്യം ആവശ്യമായതെല്ലാം ചെയ്യുമെന്നും ഖത്തര്‍ യുഎന്നിന് കൈമാറിയ സന്ദേശത്തില്‍ വ്യക്തമാക്കി. യുഎഇയുടെ തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിനും രാജ്യാന്തര സമാധാനം നിലനിര്‍ത്തുന്നതിനും യുഎന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഖത്തര്‍ ആവര്‍ത്തിച്ചു.
നേരത്തെ യുഎഇ യുദ്ധ വിമാനങ്ങള്‍ ഒന്നിലധികം തവണ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി ലംഘച്ച സംഭവത്തില്‍ ഖത്തര്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന് പരാതി നല്‍കിയിരുന്നു. ഖത്തറിന്റെ പ്രത്യേക സാമ്പത്തിക മേഖലയുടെ 33,000 അടി ഉയരത്തില്‍ കഴിഞ്ഞ ഡിസംബര്‍ 21നും ജനുവരി മൂന്നിനും യുഎഇ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചിരുന്നു. രണ്ടു നിയമലംഘനങ്ങളും ചൂണ്ടിക്കാട്ടി ഖത്തര്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിനു പരാതി സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ ബഹ്‌റൈന്‍ വിമാനവും ഖത്തറിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതായി പരാതി നല്‍കിയിട്ടുണ്ട്. ഇവയ്ക്കു പുറമെ ഖത്തരി മത്സ്യബന്ധന ബോട്ട് യുഎഇ തട്ടിയെടുത്തതായും യുഎന്‍ സുരക്ഷാ കൗണ്‍സിലിനെ ഖത്തര്‍ അറിയിച്ചു.
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഖത്തരി മറൈന്‍ സര്‍വയലന്‍സാണ്(ഖത്തര്‍ സമുദ്ര നിരീക്ഷണം) മത്സ്യബന്ധന ബോട്ട് കിഡ്‌നാപ്പ് ചെയ്തത് കണ്ടെത്തിയത്. ഈ ജനുവരി 19നായിരുന്നു സംഭവം. ഖത്തറിനെതിരെ കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചു മുതല്‍ യുഎഇ ഉള്‍പ്പെടെയുള്ള സഊദി സഖ്യം ഉപരോധം തുടരുകയാണ്.