X
    Categories: More

പേള്‍ ഖത്തറില്‍ പാര്‍പ്പിട ജില്ല വരുന്നു; സൗകര്യങ്ങളൊരുക്കുന്നത് ഇന്ത്യന്‍ കമ്പനി

ദോഹ: ഖത്തറിലെ കൃത്രിമ ദ്വീപായ പേള്‍ ഖത്തറില്‍ ആദ്യ സ്‌കൂളും ആസ്പത്രിയുമൊക്കെ സംവിധാനിച്ച് പുതിയ പാര്‍പ്പിട ജില്ല ഒരുങ്ങുന്നു. വികസന പ്രവര്‍ത്തനങ്ങളുടെ ചുമതലുള്ള യുഡിസിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഖനാത്ത് ക്വാര്‍ട്ടിയറിന് സമീപം ഒരുങ്ങുന്ന ജിയാര്‍ഡിനോ വില്ലേജ് എന്ന പേരിലുള്ള പാര്‍പ്പിട സമുഛയങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് ഇന്ത്യന്‍ കമ്പനിയായ നവയുഗ എന്‍ജിനീയറിങ് കമ്പനിയുമായി ഈയാഴ്ച കരാര്‍ ഒപ്പിട്ടു.
ദ്വീപ് കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള 71.6 കോടി റിയാലിന്റെ പദ്ധതികള്‍ക്കായി ഈയാഴ്ച ഒപ്പിട്ട മൂന്നു കരാറുകളില്‍ ഒന്നാണിതെന്ന് യുഡിസി അറിയിച്ചു. പുതിയ സ്ഥലത്ത് 10 ആഡംബര വില്ലകള്‍ പണിയുന്നതിനുള്ളതാണ് മറ്റൊരു കരാര്‍. രാജ്യത്തെ തന്നെ ഏറ്റവും മികച്ചതും ആഡംബര പൂര്‍ണവുമായ വില്ലകളായിരിക്കും ഇതെന്ന് യുഡിസി അവകാശപ്പെടുന്നു. വിവ ബഹ്്‌രിയയില്‍ പണിയുന്ന 480 അപാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെട്ട അല്‍മുത്തഹിദ ടവേഴ്‌സിനു വേണ്ടിയുള്ളതാണ് മൂന്നാമത്തെ കരാര്‍.
പ്രത്യേകം കോംപൗണ്ടുകളും ഗേറ്റുകളുമുള്ള വില്ലകളാണ് ജിയാര്‍ഡിനോ വില്ലേജില്‍ ഒരുങ്ങുന്നത്. ചുറ്റും പൂന്തോട്ടവും പുല്‍ത്തകിടിയും ഉണ്ടാവും. ക്ലബ്ബ് ഹൗസുകളും കായിക വിനോദ കേന്ദ്രങ്ങളും തയ്യാറാവുന്നുണ്ട്. ഒരു ആസ്പത്രിയും പുതിയ വികസനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതിന് പുറമേ തൊട്ടടുത്തുള്ള 83,746 ചതുരശ്ര മീറ്റര്‍ പ്ലോട്ടില്‍ ഒരു സ്വകാര്യ സ്‌കൂളും നഴ്‌സറിയും പണിയുമെന്നും യുഡിസി അറിയിച്ചു. ഈ വര്‍ഷം ജൂണില്‍ യുഡിസി ഇതിനായി നിക്ഷേപകരെ ക്ഷണിച്ചിരുന്നു.
3നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കു വേണ്ടിയുള്ള ഇന്റര്‍നാഷനല്‍ സ്‌കൂളായിരിക്കും ഇതെന്ന് ആ സമയത്ത് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ നിര്‍മാണം അടുത്ത വര്‍ഷം ആദ്യം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.
പുതിയ സ്ഥലത്ത് നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്കു വേണ്ടിയുള്ള അടിസ്ഥാന സൗകര്യമൊരുക്കുകയാണ് നവയുഗ എന്‍ജിനീയറിങ്ങിന്റെ ചുമതല. വൈദ്യുതി, വെള്ളം, ടെലികമ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍ ഒരുക്കുക, കേന്ദ്രീകൃത ഖര മാലിന്യ സംവിധാനം സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇതിനു പുറമേ പുതിയ പാര്‍പ്പിട ജില്ലയിലേക്കുള്ള റോഡ്, മഴവെള്ളം കൈകാര്യം ചെയ്യാനുള്ള സംവിധാനം, സൈന്‍ബോര്‍ഡുകളും തെരുവു വിളക്കുകളും സ്ഥാപിക്കല്‍, പുല്‍ത്തകിടികളും മറ്റും സ്ഥാപിച്ച് ഭൂമി മനോഹരമാക്കല്‍ തുടങ്ങിയ കാര്യങ്ങളും നവയുഗയാണ് ചെയ്യുകയെന്ന് ജനറല്‍ മാനേജര്‍ രവി കിഷോര്‍ പറഞ്ഞതായി ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു. 15 മാസം കൊണ്ട് ഇത്തരം പണികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.അഞ്ച് കിടപ്പുമുറികളുള്ള 10 വില്ലകള്‍ നിര്‍മിക്കുന്നതിനുള്ള കരാര്‍ പ്രാദേശിക കമ്പനിയായ പ്രോമര്‍ ഖത്തറിനാണ്. 2018 മധ്യത്തില്‍ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാവും. അല്‍മുത്തഹിദ ടവേഴ്‌സ് എന്ന പേരില്‍ ബീച്ചിനോട് അഭിമുഖമായി 480 അപാര്‍ട്ട്‌മെന്റുകള്‍ നിര്‍മിക്കുക ലൈറ്റണ്‍ കോണ്‍ട്രാക്ടിങ് ഖത്തറാണ്. കഴിഞ്ഞ രണ്ടു മാസമായി ഇവിടെ പൈലിങ് പണികള്‍ നടക്കുന്നുണ്ട്. 2019 അവസാനം ഇതിന്റെ പണി പൂര്‍ത്തിയാവുമെന്ന് യുഡിസി അറിയിച്ചു.

chandrika: