ദോഹ: രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുമായി സഹകരിച്ച് ഖത്തര്‍ ഏഴു പദ്ധതികള്‍ നടപ്പാക്കിവരുന്നു. ഭക്ഷ്യസുരക്ഷ, ആരോഗ്യം, കാര്‍ഷിക ഗവേഷണം ഉള്‍പ്പടെയുള്ള മേഖലകളിലാണ് ഈ പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് റേഡിയേഷന്‍ ആന്റ് കെമിക്കല്‍ പ്രൊട്ടക്ഷന്‍ വിഭാഗം ഡയറക്ടര്‍ അയിഷ അഹമ്മദ് അല്‍ബാകിര്‍ പറഞ്ഞു. 2018-29 വര്‍ഷ ആസൂത്രണപ്രകാരം ഭക്ഷ്യമേഖലയില്‍ രണ്ടു പദ്ധതികളാണ് നടപ്പാക്കുന്നത്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക ഗവേഷണ വിഭാഗവുമായി സഹകരിച്ച് ഒന്നും ആരോഗ്യമന്ത്രാലയത്തിന്റെ ഫുഡ് ലബോറട്ടറിയുമായി ചേര്‍ന്ന് മറ്റൊരു പദ്ധതിയും നടപ്പാക്കും.
വിദ്യാഭ്യാസ മേഖലയിലെ ആവശ്യങ്ങള്‍ക്കനുസൃതമായും മെഡിക്കല്‍ റേഡിയേഷന്‍ ടെക്‌നോളജിയുമായി ബന്ധപ്പെട്ടുമാണ് മറ്റു പദ്ധതികള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റേഡിയേഷന്‍ നിരീക്ഷിക്കുന്നതിന് പതിനാല് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതേ ആവശ്യം മുന്‍നിര്‍ത്തി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് കോര്‍പറേഷന്‍(കഹ്‌റമാ) ആറു വാട്ടര്‍ സ്റ്റേഷനുകളും സ്ഥാപിച്ചിട്ടുണ്ട്. റേഡിയോ ആക്ടീവ് സ്രോതസ്സുകളുടെ സുരക്ഷ സംബന്ധിച്ച പഞ്ചദിന പരിശീലന കോഴ്‌സിനോടനുബന്ധിച്ച് മാധ്യമങ്ങളോടു സംസാരിക്കവെയാണ് ഡോ. അയിഷ അല്‍ബാകിര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. കഴിഞ്ഞദിവസമാണ് പരിശീലനപരിപാടിക്ക് തുടക്കമായത്. രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുമായി സഹകരിച്ച് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയമാണ് പരിശീലന കോഴ്‌സ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നും അന്‍പതുപേരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.