ദോഹയിലെ ലുസൈല്‍ സ്‌റ്റേഡിയം നാളെ നിറഞ്ഞ് കവിയുമെന്നുറപ്പ്. കളിക്കുന്നത് അര്‍ജന്റീനയാണ്. 1978ലും 86ലും ലോകചാമ്പ്യന്‍മാര്‍. മറുഭാഗത്ത് സഊദിക്കാരും. ലോകകപ്പില്‍ ആരാധകരുടെ അംഗബലത്തില്‍ ഒന്നാം സ്ഥാനത്താണ് മെസിയുടെ ടീം. എന്നാല്‍ ഖത്തറില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ സമ്പാദിച്ചിരിക്കുന്നവരാണ് അയല്‍ക്കാരായ സഊദി. അതിനാല്‍ 80,000 പേര്‍ക്ക് ഇരിപ്പിടമുള്ള ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ഒരു കസേര പോലും വെറുതെയാവില്ല. പ്രാദേശിക സമയം നട്ടുച്ച ഒരു മണിക്കാണ് മല്‍സരം, ഇന്ത്യയില്‍ വൈകീട്ട് 330നും. ഗ്രൂപ്പ് സി യില്‍ കരുത്തോടെ തുടങ്ങാനാണ് മെസിയും സ്‌കലോനിയും ആഗ്രഹിക്കുന്നത്. ആദ്യ മല്‍സരംതന്നെ കേമമായാല്‍ ഇതേവേദിയില്‍ ഡിസംബര്‍ 18ന് നടക്കുന്ന കലാശംവരെ എത്താനുള്ള ഊര്‍ജ്ജമാവുമത്. മത്സരത്തില്‍ ഏഴു തവണ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ മെസി തന്നെയാണ് ശ്രദ്ധാകേന്ദ്രം.
അബുദാബിയില്‍ നടന്ന സന്നാഹ മല്‍സരത്തില്‍ യു.എ.ഇയെ തകര്‍ത്തുവന്നവരാണ്. ചില്ലറ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും മെസി ഇന്ന് ആദ്യ ഇലവനില്‍ തന്നെയുണ്ടാവുമെന്നാണ് സൂചന. ശനിയാഴചയിലെ പരിശീലനത്തില്‍ അദ്ദേഹമുണ്ടായിരുന്നില്ല, പിന്നീട് തനിച്ച് മാത്രം പത്ത് മിനുട്ട് മൈതാനത്ത് വന്നു. ഇന്നലെ പരിശീലനത്തില്‍ അദ്ദേഹം സവീജമായിരുന്നു. പരിക്ക് കാരണം പരിശീലന സംഘത്തില്‍ നിക്കോ ഗോണ്‍സാലസും ജാക്വിം കോറിയയും പങ്കെടുത്തിട്ടില്ല. ജിയോവനി ലോ സെല്‍സോയുടെ അഭാവവും ടീമിനുണ്ട്. മെസിക്കൊപ്പം മുന്‍നിരയില്‍ അനുഭവ സമ്പന്നനായ ഡി മരിയ വരുമ്പോള്‍ മധ്യനിരയുടെ ചുമതല ക്രിസ്റ്റ്യന്‍ റോമിറോ, ലിസാന്‍ഡ്രോ മാര്‍ട്ടിനസ് എന്നിവര്‍ക്കാവും.
സഊദിക്ക് കാണികളുടെ പിന്‍ബലമുണ്ടാവും. പക്ഷേ സമീപകാല പ്രകടനങ്ങള്‍ ആശാവഹമല്ല. വെനിസ്വേല, കൊളംബിയ, ക്രൊയേഷ്യ എന്നിവര്‍ക്കെതിരെയായിരുന്നു ലോകകപ്പ് ഒരുക്കങ്ങള്‍. മൂന്ന് മല്‍സരത്തിലും ദയനീയമായി തകര്‍ന്നു. ലോകകപ്പിലും നല്ല ഓര്‍മകള്‍ കുറവാണ്. നാല് വര്‍ഷം മുമ്പ് റഷ്യയില്‍ നടന്ന ലോകകപ്പ് ഉദ്ഘാടന മല്‍സരത്തില്‍ റഷ്യക്കാരോട് അഞ്ച് ഗോളിന് തകര്‍ന്നിരുന്നു അവര്‍. 1994 ലെ ലോകകപ്പില്‍ പ്രി ക്വാര്‍ട്ടര്‍ കളിച്ചതാണ് നല്ല സ്മരണ. ഹെര്‍വ് റൈനാര്‍ഡ് പരിശീലിപ്പിക്കുന്ന സംഘത്തില്‍ യുവതാരങ്ങള്‍ക്കാണ് പ്രാമുഖ്യം. നായകനും മധ്യനിരക്കാരനുമായ സല്‍മാന്‍ അല്‍ ഫരാജാണ് ടീമിന്റെ ശക്തികേന്ദ്രം. അല്‍ഹിലാല്‍ സ്‌ട്രൈക്കര്‍ സാലിഹ് അല്‍ ഷെഹ്‌രിയിലാണ് കോച്ചിന്റെ പ്രതീക്ഷകള്‍.