ദോഹ: കൃത്യം ഒരു വര്‍ഷം. അടുത്ത വര്‍ഷം ഇതേ സമയം ഖത്തറാണ് ലോകത്തിന് നെറുകയില്‍. ഫിഫ ലോകകപ്പ് ആദ്യ ദിവസം പിന്നിട്ടിരിക്കും ഇന്ന് ഇതേ നാള്‍. പിന്നെ ഒരു മാസക്കാലത്തെ കാല്‍പ്പന്ത് ഉല്‍സവത്തിന് കൊച്ചു അറബ് രാജ്യം വേദിയാവും.
2022 നവംബര്‍ 21 നാണ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം. 90 ശതമാനം ഒരുക്കങ്ങളെല്ലാം ഖത്തര്‍ ഇതിനകം പൂര്‍ത്തിയാക്കിയിരിക്കുന്നു.ഇന്നലെ രാജ്യത്താകമാനം ലോകകപ്പ് വരവിന്റെ ആഘോഷമായിരുന്നു. ഒരു വര്‍ഷം ഇതാ പെട്ടെന്ന് കടന്ന് പോവും. പിന്നെ ആവേശത്തിന്റെ കാല്‍പ്പന്ത് ഉല്‍സവം. ഖത്തറിന്റെ സന്തോഷവും ഒരുക്കവും ഫിഫയുടെ തലവന്‍ ജിയാനി ഇന്‍ഫാന്‍ഡിനോയുടെ വാക്കുകളില്‍ വ്യക്തമാണ്. എല്ലാം ഒരിടത്ത് ഒരുമിക്കുന്നതാണ് ഖത്തര്‍ ലോകകപ്പിലെ സവിശേഷതയെന്ന് അദ്ദേഹം പറഞ്ഞു. എട്ട് സ്‌റ്റേഡിയങ്ങളിലാണ് മല്‍സരങ്ങള്‍. എല്ലാ ഉന്നത നിലവാരത്തിലുള്ളവ. എട്ടില്‍ ഏഴ് കളിമുറ്റങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായിരിക്കുന്നു. പുതുക്കിയ ഖലീഫ സ്‌റ്റേഡിയം, ബ്, എഡ്യൂക്കേഷന്‍ സിറ്റി, അഹ്മദ് ബിന്‍ അലി, തുമാമ, റാസ് അബു അബുദ്, അല്‍ബൈ ത് എന്നിവയാണ് സമ്പൂര്‍ണ്ണ സജ്ജമായിരിക്കുന്നത്. സൈല്‍ തുറക്കാന്‍ ബാക്കിയുണ്ട്.
കളി ആസ്വദിക്കാനെത്തുന്ന ആരാധകര്‍ക്ക് എല്ലാ സജ്ജീകരണങ്ങളും ഗംഭീരമായി ഒരുക്കുന്നുണ്ട്. വിവിധ വന്‍കരകളില്‍ നിന്നും ആരാധകര്‍ ഖത്തറിലേക്ക് വരുമ്പോള്‍ അവരെ സ്വീകരിക്കാനുള്ള തുറന്ന മനസാണ് ഖത്തറിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആരാധകരെ സ്വീകരിക്കാന്‍ കാത്തിരിക്കുന്നതിനൊപ്പം തന്നെ എവിടെയാണോ പരിമിതികള്‍ അതെല്ലാം കണ്ടെത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാര്യമായ ഇടപെടലും ഖത്തര്‍ സംഘാടകര്‍ നടത്തുന്നുണ്ടെന്ന് ഫിഫ തലവന്‍ പറഞ്ഞു.
സ്‌റ്റേഡിയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍ പോലും ഖത്തര്‍ വില മതിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഉദ്ഘാടനം മല്‍സരം നടക്കുന്ന അല്‍ ബൈത് സ്‌റ്റേഡിയം ഈ മാസം 30 ന് ഔദ്യോഗികമായി തുറക്കും. ഫിഫ അറബ് കപ്പില്‍ അന്ന് നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ ഖത്തറും ബഹറൈനും കളിക്കുന്നത് ഇവിടെ വെച്ചാണ് സന്തോഷത്തോടെയാണ് ഖത്തര്‍ പ്രിം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദി സംസാരിക്കുന്നത്. ഇനി ഒരു വര്‍ഷം മാത്രം ബാക്കി അതാണ് ഞങ്ങളുടെ സന്തോഷം. ലോകത്തിന് മാതൃകയാവുന്ന ഒരു ചാമ്പ്യന്‍ഷിപ്പാണ് മുന്നില്‍. സാമൂഹ്യ, സാമ്പത്തിക പ്രകൃതിദത്ത കരുത്തില്‍ എല്ലാവരെയും വിസ്മയിപ്പിക്കുന്ന മേളയാണ് മുന്നില്‍, അറബ് ലോകത്തേക്ക് ലോകം വരുമ്പോള്‍ അവരെ വിസ്മയിപ്പിക്കുന്ന കാഴ്ച്ചകളാണ് കാണാനാവുകയെന്നും അദ്ദേഹം പറയുന്നു.