X
    Categories: MoreViews

ജിസിസി വിപണി സൂചിക: ഖത്തര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് രണ്ടാമത്

ദോഹ: ജിസിസി വിപണി സൂചിക പ്രകടനത്തില്‍(മാര്‍ക്കറ്റ് ഇന്‍ഡക്‌സ് പെര്‍ഫോമന്‍സ്) ഖത്തര്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്(ക്യുഎസ്ഇ) രണ്ടാമത്. ഈ വര്‍ഷം ജൂണ്‍ അവസാനത്തില്‍ ക്യുഎസ്ഇ സൂചിക 5.52 ശതമാനം വര്‍ധിച്ച് 9024 പോയിന്റിലേക്കെത്തിയിട്ടുണ്ട്. ഈ വര്‍ഷം തുടക്കത്തില്‍ 8620 പോയിന്റാണുണ്ടായിരുന്നത്. ലിസ്റ്റഡ് കമ്പനികള്‍ ഏറ്റവും കുറവുള്ള സ്റ്റോക്ക് എക്‌സ്‌ചേഞ്ചാണ് ക്യുഎസ്ഇ. 45 കമ്പനികളാണ് ക്യുഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നിട്ടുപോലും വിപണി മൂലധനത്തിന്റെ കാര്യത്തില്‍ രണ്ടാം റാങ്ക് കൈവരിക്കാന്‍ ക്യുഎസ്ഇക്കു കഴിഞ്ഞു. ഈ വര്‍ഷം ആദ്യപകുതിയുടെ അവസാനത്തില്‍ ഖത്തര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ വിപണി മൂലധനം 135 ബില്യണ്‍ യുഎസ് ഡോളറിലേക്കെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷമായി ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ക്യുഎസ്ഇയിലെ ശരാശരി പ്രതിദിന വ്യാപാരമൂല്യം തുടര്‍ച്ചയായി വര്‍ധിച്ചുവരുന്നുണ്ട്.

2016ന്റെ ആദ്യപകുതിയില്‍ ശരാശരി പ്രതിദിന വ്യാപാര മൂല്യം 286.67 മില്യണ്‍ റിയാലായിരുന്നു. കഴിഞ്ഞവര്‍ഷം ആദ്യപകുതിയില്‍ ഇത് 14.2 ശതമാനം വര്‍ധിച്ച് 327.41 മില്യണ്‍ റിയാലായി. ഈ വര്‍ഷം ആദ്യപകുതിയില്‍ ശരാശരി പ്രതിദിന വ്യാപാരമൂല്യത്തില്‍ 2.5ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. മൂല്യം 335.48 മില്യണ്‍ ഖത്തര്‍ റിയാലിലേക്കെത്തിയതായി ഖത്തര്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ വര്‍ഷം ആദ്യപകുതിയില്‍ വിദേശനിക്ഷേപകരുടെ പ്രവര്‍ത്തനങ്ങളിലും മുന്നേറ്റമുണ്ടായി. കഴിഞ്ഞവര്‍ഷം ആദ്യപകുതിയെ അപേക്ഷിച്ച് വാങ്ങല്‍ ഇടപാടുകളില്‍ 41 ശതമാനം വര്‍ധനവുണ്ടായി. ഇടപാടുകളുടെ മൂല്യം 21.8ബില്യണ്‍ റിയാലാണ്. വില്‍പ്പന ഇടപാടുകള്‍ 21ശതമാനം വര്‍ധിച്ച് 17.6ബില്യണ്‍ റിയാലിലേക്കെത്തി.

chandrika: