ലോകത്ത് ഏറ്റവുമധികം കാഴ്ചക്കാരുള്ള കായിക ഇനങ്ങളിലൊന്നായ ഫോര്‍മുല ഇ കാറോട്ട മത്സരം ഖത്തറിലും നടക്കാന്‍ സാധ്യത തെളിയുന്നു. ഖത്തറിലും ഇലക്ട്രോണിക് കാര്‍ റേസിങ് സംഘടിപ്പിക്കുമെന്ന് ഫോര്‍മുല ഇ-പ്രിക്‌സുകളുടെ ഔദ്യോഗിക പങ്കാളിയായ ഖത്തര്‍ എയര്‍വേയ്‌സിന്റെ സിഇഒ അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. എന്നാല്‍ എപ്പോഴായിരിക്കും നടക്കുകയെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. ഇലക്ട്രോണിക് കാറുകളുപയോഗിച്ചുള്ള സ്ട്രീറ്റ് റേസിങ് സീരിസാണ് ഫോര്‍മുല ഇ. നേരിട്ടും ലോകമെമ്പാടും ചാനലുകളിലൂടെയും ദശലക്ഷക്കണക്കിനു പേരാണ് ഇലക്ട്രോണിക് കാര്‍ റേസിങ് വീക്ഷിക്കുന്നത്. ഖത്തറില്‍ റേസിങ് സംഘടിപ്പിക്കാന്‍ താല്‍പര്യമുണ്ട്. മറ്റു കാര്യങ്ങളെല്ലാം പരിശോധിച്ചശേഷമായിരിക്കും ഇക്കാര്യത്തില്‍ തുടര്‍നടപടികളുണ്ടാകുകയെന്ന് അല്‍ബാകിര്‍ പറഞ്ഞു. പാരീസിലും ന്യൂയോര്‍ക്ക് സിറ്റി എന്നിവിടങ്ങളില്‍ നടക്കുന്ന ഫോര്‍മുല ഇ- പ്രിക്‌സുകളുടെ ഔദ്യോഗിക സ്‌പോണ്‍സറായി ഖത്തര്‍ എയര്‍വേയ്‌സ്. എബിബി ഫി. ഫോര്‍മുല ഇ- ചാമ്പ്യന്‍ഷിപ്പ് ഇലക്ട്രിക് സ്ട്രീറ്റ് റേസിങ് സീരിസുമായുള്ള സഹകരണം ശക്തിപ്പെടുത്തുകയാണെന്ന് അല്‍ബാകിര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ജൂലൈ 14, 15 തീയതികളിലായി നടക്കുന്ന ന്യൂയോര്‍ക്ക് സിറ്റി ഇ-പ്രിക്‌സിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ഖത്തര്‍ എയര്‍വേയ്‌സായിരിക്കും. ഇതാദ്യമായാണ് ന്യുയോര്‍ക്ക് സിറ്റി ഇ-പ്രിക്‌സില്‍ ഖത്തര്‍ പങ്കാളിത്തം വഹിക്കുന്നത്. ഏപ്രില്‍ 28ന് നടക്കുന്ന പാരീസ് ഇ-പ്രിക്‌സിന്റെയും ടൈറ്റില്‍ സ്‌പോണ്‍സര്‍ ഖത്തര്‍ എയര്‍വേയ്‌സാണ്. അതേപോലെ ഏപ്രില്‍ പതിനാലിന് നടക്കുന്ന റോം ഇ-പ്രിക്‌സ്, മേയ് 19ന് നടക്കുന്ന ബര്‍ലിന്‍ ഇ-പ്രിക്‌സ് എന്നിവയുടെ ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളിയും ഖത്തര്‍ എയര്‍വേയ്‌സായിരിക്കും. ഫോര്‍മുല ഇ സ്ഥാപകനും സിഇഒയുമായ അലജാന്ദ്രോ അഗാഗിനൊപ്പം ഒറിക്‌സ് റൊട്ടാന ഹോട്ടലില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് അല്‍ബാകിര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കഴിഞ്ഞവര്‍ഷം മേയില്‍ ഫ്രഞ്ച് തലസ്ഥാനത്ത് നടന്ന പാരീസ് ഇ-പ്രിക്‌സിന്റെ ടൈറ്റില്‍ പങ്കാളിയും ജൂലൈയില്‍ നടന്ന ന്യുയോര്‍ക്ക് സിറ്റി ഇ-പ്രിക്‌സിന്റെ എയര്‍ലൈന്‍ പങ്കാളിയും ഖത്തര്‍ എയര്‍വേയ്‌സായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ സഹകരണം ശക്തിപ്പെടുത്തിയിരിക്കുന്നത്. ഫ്രാന്‍സ് തലസ്ഥാനത്തെ ലെസ് ഇന്‍വാലിഡെസിലാണ്് പാരീസ് ഇ-പ്രിക്‌സ് നടക്കുന്നത്. പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള നൂതന കോംപ്ലക്‌സിനു ചുറ്റുമായിട്ടാണ് ഇലക്ട്രോണിക് കാര്‍ റേസ് നടക്കുന്നത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ ബ്രൂക്ക്‌ലിന്നിലെ റെഡ് ഹൂക്കിലാണ് ഫോര്‍മുല ഇ-പ്രിക്‌സ് നടക്കുന്നത്. ഈ രണ്ടിടങ്ങൡലെയും ഫോര്‍മുല- ഇ ഇലക്ട്രിക് കാര്‍ റേസിന്റെ ഭാഗമാകുന്നതില്‍ അത്യധികമായ സന്തോഷമുണ്ടെന്ന് അല്‍ബാകിര്‍ പറഞ്ഞു.
ഇത്തരത്തില്‍ പരിസ്ഥിതി സൗഹൃദ കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്നതിലെ സന്തോഷവും അദ്ദേഹം പങ്കുവച്ചു. പ്രാധാന്യത്തോടെയാണ് ഫോര്‍മുല-ഇ പങ്കാളിത്തത്തെയും ഖത്തര്‍ എയര്‍വേയ്‌സ് കാണുന്നത്. ഏറ്റവും അത്യാധുനികമായ പാരിസ്ഥിതിക സൗഹൃദ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ത്രില്ലിങായ റേസിങ് മത്സരങ്ങളാണ് ഫോര്‍മുല ഇയുടെ ഭാഗമായി നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളെ സ്‌പോര്‍ട്‌സിലൂടെ ഒന്നിപ്പിക്കുകയാണ് ഖത്തര്‍ എയര്‍വേയ്‌സ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് സ്ട്രീറ്റ് കാര്‍ റേസിങില്‍ ഖത്തര്‍ എയര്‍വേയ്‌സ് വീണ്ടും പങ്കാളികളാകുന്നത് അഭിമാനകരമാണെന്ന് അലജാന്ദ്രോ അഗാഗ് പറഞ്ഞു. ഈ പങ്കാളിത്തം ഫോര്‍മുല ഇ ചരിത്രവിജയമാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 ഫിഫ റഷ്യന്‍ ലോകകപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ്, ഫിഫ വനിതാ ലോകകപ്പ്, 2022 ഫിഫ ഖത്തര്‍ ലോകകപ്പ് എന്നിവയുടെ ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളിയും ഖത്തര്‍ എക്‌സണ്‍ മൊബീല്‍ ടെന്നീസ്, ഖത്തര്‍ ടോട്ടല്‍ ഓപ്പണ്‍ ടെന്നീസ് തുടങ്ങി നിരവധി കായിക ചാമ്പ്യന്‍ഷിപ്പുകളുടെ ഔദ്യോഗിക പങ്കാളിയും ഖത്തര്‍ എയര്‍വേയ്‌സാണ്.