ദോഹ: ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേളയ്ക്ക് (ഖിഫ്) ഹോട്ടല്‍ പാര്‍ക്കില്‍ സമാപനം. ഇത്തവണ വന്‍ ജന പങ്കാളിത്തമാണ് മേളയ്ക്കുണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യമേളയ്ക്ക് പങ്കെടുത്തവര്‍ക്കും സന്ദര്‍ശകര്‍ക്കും പുത്തന്‍ അനുഭവങ്ങളും പാഠങ്ങളും സമ്മാനിച്ചാണ് മേള സമാപിച്ചത്. പരസ്പരം സൗഹൃദപരമായ മത്സരത്തിന് രാജ്യത്തെ വിവിധ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മികച്ച അവസരം മേളയില്‍ സൃഷ്ടിക്കപ്പെട്ടു.
ഇത്തവണത്തെ മേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും വിവിധ കമ്പനികളുടെ പങ്കാളിത്തം കൂടിയതും മികച്ച അവരസങ്ങള്‍ ഇതിലൂടെ തുറക്കപ്പെട്ടതും പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നതെന്നും വി കെയ്ഫിലെ ഖത്തര്‍ ഷെഫ് ഹസന്‍ അല്‍ഇബ്രാഹീമിനെ ഉദ്ധരിച്ച് പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത ഭക്ഷ്യ വിഭവങ്ങളുടെ വലിയ നിര തന്നെ തയ്യാറാക്കപ്പെട്ടതിനാല്‍ പരസ്പരം മത്സരിക്കാനുള്ള പ്രത്യേക പരിതസ്ഥിതിയാണ് ഇത്തവണ ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. ഭക്ഷണ വൈവിധ്യങ്ങളെ ഇഷ്ടപ്പെട്ട ഇബ്രാഹിം ഉള്‍പ്പെടെയുള്ള മൂന്ന് സുഹൃത്തുക്കളാണ് വി കെയ്ഫ് സ്ഥാപിച്ചത്. ഇബ്രാഹിം പൈലറ്റും ക്യാപ്റ്റനുമാണ്. ഐടി എഞ്ചിനിയറായ അമീന മൂസയും ഭര്‍തൃമതിയായ ദുനിയാ ആബിദുമാണ് ഇബ്രാഹിമിനൊപ്പമുള്ളത്.
മൂന്ന് പേരും മികച്ച ഷെഫുമാരാണ്. മൂന്ന് പേരും വ്യത്യസ്ത തരത്തിലുള്ള ഭക്ഷണ വിഭവങ്ങളാണ് തയ്യാറാക്കുന്നത്. വോല്‍ക്കാനോ ബര്‍ഗര്‍, ചെറി ബര്‍ഗര്‍, ഗ്രീന്‍ ബിരിയാണി, ഖത്തരി ഹാരിസ് തുടങ്ങിയവയാണ് തങ്ങള്‍ തയ്യാറാക്കുന്നതെന്നും ഇബ്രാഹിം പറഞ്ഞു. മികച്ച സംതൃപ്തിയോടെയാണ് തങ്ങള്‍ മേളയില്‍ നന്ന് മടങ്ങുന്നതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ വിതരണ കമ്പനികള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ മികച്ച അവസരമാണ് മേള നല്‍കിയതെന്ന് അലി അല്‍ഉബൈദലി പറഞ്ഞു. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ തമ്മിലും വ്യാപാരികള്‍ തമ്മിലും മികച്ച ബന്ധം സ്ഥാപിക്കപ്പെടാന്‍ ഖിഫ് സഹായിച്ചിട്ടുണ്ട്.
കേവലം ഭക്ഷണം ആസ്വദിക്കുക എന്നതിലുപരി കൊടുക്കല്‍ വാങ്ങലുകളുടെ ഊഷ്മള ബന്ധം സ്ഥാപിക്കപ്പെടാനും വ്യാപാരികള്‍ക്ക് തങ്ങളുടെ ഏറ്റവും മികച്ച ഉത്പന്നങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനും ഭക്ഷ്യമേള സഹായിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ 24 വര്‍ഷമായി ഓസ്‌കാര്‍ പുരസ്‌കാരദാനത്തിനുശേഷമുള്ള ഡിന്നര്‍ തയാറാക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന സെലിബ്രിറ്റി ഷെഫ് വോള്‍ഫ്ഗാങ് പക്ക്, ഖത്തറിന്റെ അയിഷ അല്‍തമീമി എന്നിവരുടെ തല്‍സമയ പാചക തീയറ്ററിലെ പരിപാടിയായിരുന്നു ഇത്തവണത്തെ മേളയുടെ മുഖ്യ ആകര്‍ഷണം. ഫുഡ് നെറ്റ്‌വര്‍ക്കിന്റെ ബേക്കിംഗ് ഗുരു അന്ന ഒല്‍സോണ്‍, യു എസ് അയേണ്‍ ഷെഫ് മസഹാരു മൊറിമോറ്റോ, ഇദാം ദോഹയുടെ എക്‌സിക്യൂട്ടീവ് ഷെഫ് ഡാമിയന്‍ ലെറോക്‌സ് എന്നിവരും ഇത്തവണ മേളയില്‍ പങ്കെടുത്തു. മേളയോടനുബന്ധിച്ച് പഞ്ചനക്ഷത്ര റസ്‌റ്റോറന്റുകള്‍ പ്രഖ്യാപിച്ച വിവിധ ആനുകൂല്യങ്ങളും തല്‍സമയ പാചക ക്ലാസുകള്‍ ഇത്തവണ ആകര്‍ഷകമായി. ഇന്ത്യയുള്‍പ്പെടെ ഒന്‍പത് എംബസികളുടെ സഹകരണം ഇത്തവണ ഭക്ഷ്യമേളയ്ക്കുണ്ട്. യുഎസ്, ദക്ഷിണാഫ്രിക്ക, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, തുര്‍ക്കി, ലെബനന്‍, മെക്‌സിക്കോ, എത്യോപ്യ എന്നീ എംബസികളാണ് മേളയില്‍ പങ്കെടുത്തത്. ഖത്തര്‍ ടൂറിസം അതോറിറ്റിയാണ് മേളയ്ക്കു ചുക്കാന്‍ പിടിച്ചത്്. ആകെ 177 സ്റ്റാളുകളാണ്് ഇത്തവണ സന്ദര്‍ശകരെ കാത്ത് ഹോട്ടല്‍ പാര്‍ക്കില്‍ നിരന്നത്.