ദോഹ: ഖത്തറിന്റെ ആകാശത്ത് ഈ മാസം അഞ്ചു ഗ്രഹങ്ങള്‍ ദൃശ്യമാകും. ഖത്തറിലെയും അറബ് രാജ്യങ്ങളിലെയും താമസക്കാര്‍ക്ക് മേയില്‍ വ്യാഴം, ചൊവ്വ, ശനി, ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങളെ കാണാന്‍ അവസരമുണ്ടാകും.
വിവിധ സമയങ്ങളിലായി അഞ്ചു ഗ്രഹങ്ങളും ചന്ദ്രനോട് അടുത്തായി കാണപ്പെടുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. മനോഹരമായ വളയങ്ങളോടെയുള്ള ശനി ഗ്രഹം മേയ് നാല് വെള്ളിയാഴ്ച ചന്ദ്രനോടടുത്തുവരും. ചന്ദ്രനും ശനിയും തമ്മിലുള്ള കോണീയ അകലം 1.7 ഡിഗ്രിയായിരിക്കും. ദോഹയുടെ ആകാശത്ത് കിഴക്കന്‍ ചക്രവാളത്തില്‍ രാത്രി പത്തു മുതല്‍ ശനിയാഴ്ച സൂര്യോദയത്തിനു മുമ്പുവരെ ശനിയെയും ചന്ദ്രനെയും ഒന്നിച്ചുകാണാനാകുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ജ്യോതിശാസ്ത്ര വിദഗ്ദ്ധന്‍ ഡോ. ബഷീര്‍ മര്‍സൂഖ് പറഞ്ഞു. ഖത്തറിലെ താമസക്കാര്‍ക്ക് നഗ്നനേത്രങ്ങളാല്‍ ഇതു ദൃശ്യമാകും. ചുവന്ന ഗ്രഹമായ ചൊവ്വ മേയ് ആറ് ഞായറാഴ്ച ചന്ദ്രനോട് അടുത്തുകാണപ്പെടും.
ചൊവ്വയെയും ചന്ദ്രനെയും ഒന്നിച്ച് കിഴക്കന്‍ ചക്രവാളത്തില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് ദൃശ്യമാകും. ചൊവ്വയുടെ ഉദയ സമയം രാത്രി 11.11 മുതല്‍ മേയ് ഏഴ് തിങ്കളാഴ്ച സൂര്യോദയസമയത്തിനു മുമ്പുവരെ ദൃശ്യമാകും. ചെറിയ ഗ്രഹമായ ബുധന്‍ മേയ് പതിമൂന്ന് ഞായറാഴ്ച ചന്ദ്രനോടടുത്തുവരും. കിഴക്കന്‍ ചക്രവാളത്തില്‍ ബുധന്റെ ഉദയസമയമായ പുലര്‍ച്ചെ 3.46 മുതല്‍ സൂര്യോദയത്തിനു തൊട്ടുമുമ്പുവരെ ദര്‍ശിക്കാം.
മേയ് 17നാകും ഏറ്റവും തെളിച്ചമുള്ള ഗ്രഹം ശുക്രന്‍ ആകാശത്ത് ദൃശ്യമാകുക. റമദാനിലെ പുതിയ ചന്ദ്രക്കലയുടെ അഞ്ചു ഡിഗ്രിവടക്കായിരിക്കും പ്രത്യക്ഷമാകുക. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യാസ്തമനത്തിനുശേഷം പുതിയ ചന്ദ്രക്കലയുടെ സമയം രാത്രി 8.20വരെ കാണാനാകും.സൗരയൂഥത്തിലെ വലിയ ഗ്രഹമായ വ്യാഴം മേയ് 27 ഞായറാഴ്ച ചന്ദ്രനോടടുത്തായിരിക്കും.
വ്യാഴവും ചന്ദ്രനും തമ്മിലുള്ള കോണീയ ദൂരം രണ്ടു മുതല്‍ നാലു വരെ ഡിഗ്രിവരെയായിരിക്കും. ഞായറാഴ്ച സൂര്യാസ്തമയം മുതല്‍ മേയ്28 തിങ്കളാഴ്ച പുലര്‍ച്ചെ 3.40വരെ വ്യാഴത്തെ കാണാനാകും.