വാഷിങ്ടണ്‍: ജിസിസി രാജ്യമായ ഖത്തറുമായി ബന്ധപ്പെട്ട പ്രതിസന്ധിക്കു കാരണം റഷ്യയില്‍ നിന്നുള്ള ഹാക്കര്‍മാരുടെ വ്യാജ വാര്‍ത്തകളാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐയെ ഉദ്ധരിച്ചാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഗള്‍ഫ് രാജ്യങ്ങളുമായുള്ള അമേരിക്കന്‍ ബന്ധം തകര്‍ക്കാനാണ് റഷ്യന്‍ ഹാക്കര്‍മാരുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുസംബന്ധിച്ച് അന്വേഷിക്കുന്നതിന് എഫ്ബിഐ ദോഹയിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്. ഖത്തര്‍ വാര്‍ത്താ ഏജന്‍സിയുടെ വെബ്‌സൈറ്റ് ഉപയോഗപ്പെടുത്തിയാണ് ഹാക്കര്‍മാര്‍ നീക്കം നടത്തിയതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
അമേരിക്കയുടെ പ്രധാന സൈനിക ക്യാമ്പ് ഖത്തര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അമേരിക്കയുമായുള്ള ബന്ധം തകര്‍ക്കലാണ് ഇതിലൂടെ ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടിരിക്കുകയെന്നാണ് സിഎന്‍എന്‍ പറയുന്നത്. 2016 യുഎസ് തെരഞ്ഞെടുപ്പിലും റഷ്യന്‍ ഹാക്കര്‍മാരുടെ ഇടപെടലിന് തെളിവുകള്‍ ലഭിച്ചിരുന്നു. കൂടാതെ ഫ്രാന്‍സ്, ജര്‍മനി തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനു പിന്നിലും ഇവരുടെ ഇടപെടലുണ്ടായിരുന്നു. അമേരിക്കയും സഖ്യകക്ഷികളും തമ്മിലുള്ള ബന്ധത്തില്‍ പിളര്‍പ്പുണ്ടാക്കുന്നതിന് റഷ്യന്‍ സര്‍ക്കാര്‍ തന്നെയാണ് ഹാക്കര്‍മാര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ എഫ്ബിഐയും സിഐഎയും തയാറായില്ല.