X

ഖത്തറിനെതിരായ ഉപരോധം; ഉപാധികളില്‍ അയവ് വരുത്തി സൗദി സഖ്യം

ദോഹ: ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കാന്‍ നേരത്തെയുള്ള 13 ഉപാധികളില്‍ അയവ് വരുത്തി സൗദി സഖ്യരാജ്യങ്ങള്‍. നേരത്തെയുള്ള പതിമൂന്ന് ഉപാധികള്‍ക്ക് പകരം ആറു നിബന്ധനകള്‍ അംഗീകരിച്ചാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം. ഉപാധികള്‍ നടപ്പാക്കാനായി ചര്‍ച്ചക്ക് തയ്യാറാണെന്ന സൂചനയും സൗദി സഖ്യം മുന്നോട്ട് വെച്ചതായാണ് റിപ്പോര്‍ട്ട്.

യു.എന്നില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സൗദി അറേബ്യയുടെ യു.എന്‍ സ്ഥാനപതി അബ്ദുല്ല അല്‍ മൗല്ലിമിയാണ് പുതിയ ഉപാധികള്‍ വെളിപ്പെടുത്തിയത്. ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരായ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് ആറ്് ഉപാധികളും. പുതിയ ഉപാധികള്‍ ഖത്തറിന് അനായാസം അംഗീകരിക്കാന്‍ കഴിയുന്നവയാണെന്നും സൗദി സ്ഥാനപതിയുടെ വിശദീകരണം.

അല്‍ജസീറ അടച്ചുപൂട്ടല്‍. ഇറാന്‍ ബന്ധം, തുര്‍ക്കി സൈനിക സാന്നിധ്യം തുടങ്ങിയ പ്രധാന ആവശ്യങ്ങളില്‍ നിന്നാണ് സൗദി പിന്നോട്ട് പോയിരിക്കുന്നത്. ജൂണ്‍ 22-നാണ് ഖത്തറിനെതിരായ ഉപരോധം തീര്‍ക്കാന്‍ 13 കടുത്ത ഉപാധികളുമായി സൗദി സഖ്യം മുന്നോട്ടു വന്നത്. എന്നാല്‍ ഉപരോധം പ്രഖ്യാപിച്ച് അമ്പത് ദിവസം പിന്നിടുമ്പോള്‍ നിലപാടില്‍ സൗദി സഖ്യരാജ്യങ്ങള്‍ അയവുവരുത്തുന്നതായാണ് ഇപ്പോള്‍ കാണുന്നത്. പരിഷ്‌കരിച്ച പുതിയ ആറ് നിര്‍ദേശങ്ങളുമായി ഉപരോധം പിന്‍വലിക്കാമെന്ന ഐക്യരാഷ്ട്ര സഭയിലെ സൗദി പ്രതിനിധിയുടെ പ്രസ്താവന ഇതിന്റെ ഭാഗമായാണ് ലോകം വിലയിരുത്തുന്നത്. ജൂലായ് അഞ്ചിന് കെയ്റോവില്‍ ചേര്‍ന്ന ഉപരോധ രാഷ്ട്രങ്ങളിലെ വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കിയതെന്നും സൗദി പ്രതിനിധി വാഷിങ്ടണില്‍ പറഞ്ഞു.

സൗദി സഖ്യത്തിന്റെ പുതിയ ആറ് ഉപാധികള്‍

1. മേഖലയിലെ എല്ലാ തരത്തിലുമുള്ള ഭീകരവാദത്തേയും എതിര്‍ക്കുന്നതിനൊപ്പം അവക്കുള്ള സഹായധനവും താവളവും നിര്‍ത്തലാക്കുക.

2. വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന എല്ലാ പ്രകോപനമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും ഒഴിവാക്കുക.

3.ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ചട്ടക്കൂടിനുള്ളില്‍നിന്ന് 2013 ല്‍ സൗദിയുമായി ഒപ്പുവച്ച റിയാദ് കരാറുകളും 2014- ലെ അനുബന്ധ കരാറുകളും നടപ്പില്‍ വരുത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളുക.

4. 2017 മേയില്‍ റിയാദില്‍ നടന്ന അറബ്-ഇസ്ലാമിക്അമേരിക്കന്‍ ഉച്ചകോടിയുടെ എല്ലാ പ്രഖ്യാപനങ്ങളെയും മാനിക്കുകയും അവ നടപ്പില്‍ വരുത്താന്‍ സഹായിക്കുകയും ചെയ്യുക.
5. രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടല്‍ പാടില്ലെന്ന് മാത്രമല്ല നിയമവിരുദ്ധ സ്ഥാപനങ്ങളെ പിന്തുണക്കുന്നത് നിര്‍ത്തലാക്കുക.

6.അന്താരാഷ്ട്ര സമൂഹത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണി ഉളവാക്കുന്ന എല്ലാതരം തീവ്രവാദവും ഭീകരവാദവും എതിര്‍ക്കാന്‍ അന്താരാഷ്ട്ര തലത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്.

അതെസമയം തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതിനാണ് ഉപരോധ രാഷ്ട്രങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും ഇത്രയും നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍ അല്‍ജസീറ അടച്ചു പൂട്ടേണ്ട ആവശ്യമില്ലെന്നും അല്‍ മൗലമി വ്യക്തമാക്കി.

chandrika: