X

പ്രവാസി തൊഴിലാളികള്‍ക്ക് ഖത്തര്‍ എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കുന്നു

 

ദോഹ: പ്രവാസി തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കുന്ന നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്‍കി. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015ലെ 21ാം നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള 2018ലെ 13ാം നമ്പര്‍ നിയമത്തിനാണ് അമീര്‍ അംഗീകാരം നല്‍കിയത്. ഇതുപ്രകാരം ലേബര്‍ കോഡിന്റെ പരിരക്ഷയുള്ള തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റില്ലാതെ രാജ്യത്തിനു പുറത്തേക്കു പോകാനാകും. എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ത്തലാക്കുന്നത് പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഗുണകരമാകും. ഖത്തറിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ തീരുമാനമാണിത്. തൊഴില്‍കരാര്‍ കാലാവധിക്കുള്ളില്‍ രാജ്യത്തിനു പുറത്തേക്കു താല്‍ക്കാലികമായോ സ്ഥിരമായോ പോകുന്നതിന് എക്‌സിറ്റ് പെര്‍മിറ്റ് വേണ്ടതില്ല. ഖത്തര്‍ തൊഴില്‍നിയമത്തിലെ ഏറ്റവും വിവാദമായ ഭാഗമാണ് പുതിയ നിയമത്തിലൂടെ പരിഷ്‌കരിച്ചിരിക്കുന്നത്. ഖത്തറിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണിത്. നിയമത്തിലെ നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ പ്രകാരം രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും ഖത്തറിനു പുറത്തേക്കുപോകുന്നതിന് തൊഴിലുടമയില്‍ നിന്നും എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം ലേബര്‍കോഡില്‍ കവര്‍ ചെയ്തിരിക്കുന്ന തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റിന്റെ ആവശ്യമില്ല. ലേബര്‍കോഡിനു പുറത്തുള്ള തൊഴിലാളികള്‍ക്ക് എക്‌സിറ്റ് അനുവദിക്കുന്നതിനുള്ള ചടട്ടങ്ങളും നടപടിക്രമങ്ങളും വിശദമാക്കുന്ന മന്ത്രിതല ഉത്തരവ് ഇതിന്റെ തുടര്‍ച്ചയായുണ്ടാകും. നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള തൊഴിലാളികളുടെ പേരുകള്‍ രേഖപ്പെടുത്തിയ അപേക്ഷ തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ അനുമതിക്കായി തൊഴിലുടമ സമര്‍പ്പിക്കണമെന്നത് പുതിയ നിയമത്തിലും നിഷ്‌കര്‍ഷിക്കുന്നുണ്ട്. ജീവനക്കാരുടെ തൊഴില്‍ പ്രകൃതത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം അപേക്ഷ നല്‌കേണ്ടത്. എന്നാല്‍ ഇത്തരം ജീവനക്കാരുടെ എണ്ണം കമ്പനിയുടെ ആകെ ജോലിക്കാരുടെ എണ്ണത്തിന്റെ അഞ്ച് ശതമാനത്തില്‍ കൂടാന്‍ പാടുള്ളതുമല്ല. അതായത് ഒരു കമ്പനിയിലെ ആകെ തൊഴില്‍ശക്തിയുടെ അഞ്ചുശതമാനം തൊഴിലാളികള്‍ക്കു മാത്രമായിരിക്കും എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമായിവരിക. ഖത്തറിന്റെ തീരുമാനത്തെ രാജ്യാന്തര തൊഴില്‍ സംഘടന സ്വാഗതം ചെയ്തു. രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തില്‍ നേരിട്ട് ഗുണപരമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നതായിരിക്കും ഈ തീരുമാനമെന്നും ഐഎല്‍ഒ വ്യക്തമാക്കി. എക്‌സിറ്റ് പെര്‍മിറ്റുകള്‍ പൂര്‍ണമായി അടിച്ചമര്‍ത്തുന്നതിലേക്കുള്ള ഈ ആദ്യ ചുവടുവയ്പ്പ് തൊഴില്‍പരിഷ്‌കരണങ്ങളില്‍ ഖത്തര്‍ ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയുടെ കൃത്യമായ അടയാളമാണ്. പരിഷ്‌കരണങ്ങളുടെ കാര്യത്തില്‍ ഐഎല്‍ഒ ഖത്തറുമായി തുടര്‍ന്നും അടുത്ത് സഹകരിച്ചുപ്രവര്‍ത്തിക്കുമെന്ന് ഖത്തറിലെ ഐഎല്‍ഒ പ്രൊജക്റ്റ് ഓഫീസ് ഹെഡ് ഹൗട്ടന്‍ ഹുമയൂന്‍പുര്‍ പറഞ്ഞു. ഖത്തറിലെ എല്ലാ കുടിയേറ്റ തൊഴിലാളികള്‍ക്കും മാന്യമായ തൊഴില്‍ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മറ്റൊരു ചുവടുവെയ്പ്പാണ് ഈ നിയമമെന്ന് ഭരണ നിര്‍വഹണ തൊഴില്‍ സാമൂഹികകാര്യമന്ത്രി ഡോ. ഇസ്സ സാദ് അല്‍ ജഫാലി അല്‍ നുഐമി പറഞ്ഞു. വാണിജ്യരജിസ്ട്രി സംബന്ധിച്ച 2005ലെ 25ാം നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള 2018ലെ ഒന്‍പതാം നമ്പര്‍ നിയമം, കായിക ക്ലബ്ബുകളുടെ പ്രവര്‍ത്തന നിയന്ത്രണം സംബന്ധിച്ച 2016ലെ ഒന്നാം നമ്പര്‍ നിയമത്തിലെ ചില വകുപ്പുകള്‍ ഭേദഗതി ചെയ്തുള്ള 2018ലെ 12ാം നമ്പര്‍ നിയമം, രാഷ്ട്രീയ അഭയം നിയന്ത്രിക്കുന്നത് സംബന്ധിച്ച 2018ലെ 11ാം നമ്പര്‍ നിയമം എന്നിവയക്കും അമീര്‍ അംഗീകാരം നല്‍കി.

chandrika: