X
    Categories: gulfNews

ഫലസ്തീനില്‍ നടക്കുന്നത് നഗ്നമായ ലംഘനങ്ങള്‍; യുഎന്നില്‍ ഇസ്രയേലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ അമീര്‍

ദോഹ: ഫലസ്തീനിലെ അധിനിവേശത്തില്‍ ഇസ്രയേലിനൊപ്പം നില്‍ക്കുന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാടിനെ ഐക്യരാഷ്ട്രസഭയില്‍ ചോദ്യം ചെയ്ത് ഖത്തര്‍ അമീര്‍. യുഎന്‍ പൊതുസഭയുടെ 75-ാം സെഷനില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കവെയാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഇസ്രയേലിനെതിരെ ആഞ്ഞടിച്ചത്. ജിസിസിയില്‍ നിന്ന് യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച സാഹചര്യത്തില്‍ കൂടിയാണ് അല്‍ ഥാനിയുടെ വിമര്‍ശനം.

ഇസ്രയേലിന്റെ മര്‍ക്കടമുഷ്ടിയിലും ഫലസ്തീന്‍ അറബ് അധിനിവേശത്തിലും ഫലപ്രദമായ നടപടിയെടുക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന് കഴിയുന്നില്ല. ഗാസ മുനമ്പിലെ ഉപരോധം ഇസ്രയേല്‍ തുടരുകയാണ്. സെറ്റ്ല്‍മെന്റ് നയവുമായി മുമ്പോട്ടു പോകുകയും ചെയ്യുന്നു- അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രമേയങ്ങളോടും ധാരണകളോടും ഇസ്രയേല്‍ സഹകരിച്ചാല്‍ മാത്രമേ സമാധാനം സാധ്യമാകൂ. ഈ പ്രമേയങ്ങള്‍ അറബ് രാഷ്ട്രങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഫലസ്തീന്‍ വിഷയത്തില്‍ പരിഹാരം കണ്ടെത്താന്‍ പരാജയപ്പെട്ടിരിക്കുകയാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെയും സ്ഥാപനങ്ങളുടെയും വിശ്വാസ്യതയെ തന്നെയാണ് ഇത് ചോദ്യം ചെയ്യുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇസ്രയേല്‍ അധിനിവേശത്തിന്റെ നിയമപരമായ ഉത്തരവാദിത്വം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഏറ്റെടുക്കണമെന്ന് ഖത്തര്‍ അമീര്‍ ആവശ്യപ്പെട്ടു. ഗാസ മുനമ്പില്‍ ഇസ്രയേല്‍ ഉപരോധം നിര്‍ത്താന്‍ സമ്മര്‍ദം ചെലുത്തണം. വിശ്വസനീയമായ കൂടിയാലോചനകളിലൂടെ സമാധാന പ്രക്രിയ തിരിച്ചു കൊണ്ടു വരേണ്ടതുണ്ട്. ശക്തിയുപയോഗിച്ചല്ല  ഇതു നടക്കേണ്ടത്- അദ്ദേഹം ആവശ്യപ്പെട്ടു.

ജൂതരാഷ്ട്രവുമായി സെപ്തംബര്‍ രണ്ടാം വാരമാണ് യുഎഇയും ബഹ്‌റൈനും നയതന്ത്ര കരാര്‍ ഒപ്പുവച്ചത്. വെസ്റ്റ്ബാങ്കിലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താമെന്ന ഉപാധിയോടെ ആയിരുന്നു കരാര്‍. എന്നാല്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സാധ്യമായാല്‍ മാത്രമേ ഇസ്രയേലുമായി കരാര്‍ ഉള്ളൂ എന്നാണ് ഖത്തര്‍ വ്യക്തമാക്കിയിരുന്നത്. ഇതിനു പിന്നാലെയാണ് ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയില്‍ ഖത്തര്‍ അമീര്‍ ഇസ്രയേലിനെതിരെ തുറന്നടിക്കുന്നത്.

Test User: