ദോഹ: ഇറാനുമായി ഇടക്കാലത്ത് മുറിഞ്ഞുപോയ നയതന്ത്രബന്ധം ഖത്തര്‍ പുനസ്ഥാപിക്കുന്നു. അറബ് നയതന്ത്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇറാനുമായി അടുത്ത ഖത്തര്‍, തെഹ്‌റാനുമായി എല്ലാ തലങ്ങളിലും ബന്ധം ശക്തിപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഖത്തര്‍ അംബാസഡര്‍ വൈകാതെ തെഹ്‌റാനിലേക്ക് തിരിക്കും. സഊദി അറേബ്യയില്‍ ഒരു പ്രമുഖ ശിയാ പണ്ഡിതന്റെ വധശിക്ഷ നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് സഊദി അറേബ്യയുടെ നയതന്ത്ര കാര്യാലയങ്ങള്‍ രോഷാകുലരായ ജനക്കൂട്ടം ആക്രമിച്ചതിനെ തുടര്‍ന്ന് ഇരുപതുമാസം മുമ്പാണ് ഖത്തര്‍ ഇറാനില്‍നിന്ന് തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചത്. നയതന്ത്ര ബന്ധം പുനരാരംഭിക്കുന്നതിനുവേണ്ടി അംബാസഡര്‍ തെഹ്‌റാനിലേക്ക് പോകുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനിയും ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് ശരീഫും ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഫോണില്‍ സംസാരിച്ചു. സഊദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ നയതന്ത്രബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ഖത്തര്‍ അവശ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. ഭക്ഷ്യവസ്തുക്കള്‍ക്ക് ഇറക്കുമതിയെ മാത്രം ആശ്രയിക്കുന്ന രാജ്യമാണ് ഖത്തര്‍. ജൂണ്‍ 11 മുതല്‍ ഇറാനില്‍നിന്നാണ് ഖത്തര്‍ ഭക്ഷ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നത്. ഖത്തറിന്റെ വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ ഇറാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
- 7 years ago
chandrika