X

ഗള്‍ഫ് പ്രതിസന്ധി ചര്‍ച്ചകളിലൂടെ പരിഹരിക്കണം; ഇന്ത്യന്‍ അംബാസഡര്‍

 

ദോഹ: ഇന്ത്യന്‍- ഖത്തരി ആഴത്തിലുള്ള ബന്ധത്തെ പ്രശംസിച്ച് ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍. ജനങ്ങള്‍ തമ്മിലുളള ബന്ധം, വാണിജ്യ വ്യവസായ, സാംസ്‌കാരിക ചേര്‍ച്ചകളിലൂടെയാണ് ഈ ബന്ധം വളര്‍ച്ച കൈവരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സിക്കു നല്‍കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഗള്‍ഫ് മേഖലയുടെ സുരക്ഷയിലും സമാധാനത്തിലും ഇന്ത്യയ്ക്ക് സുപ്രധാന താല്‍പര്യമുണ്ട്. 90ലക്ഷത്തിലധികം ഇന്ത്യന്‍ പ്രവാസികളാണ് ഈ മേഖലയിലുള്ളത്. രാജ്യാന്തര ഭീകരത, തീവ്രാക്രമങ്ങള്‍, മതപരമായ അസഹിഷ്ണുത എന്നിവയെല്ലാം മേഖലയ്ക്കും അതിനപ്പുറത്തും സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഗൗരവതരമായ ഭീഷണിയാകുന്നുണ്ട്. പൊതുവായ പ്രയോജനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി ഈ വെല്ലുവിളികളെ നേരിടുന്നതിനായി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണം. ഒരു വലിയ കുടുംബത്തെപ്പോലെ കാണുന്ന ഗള്‍ഫ് രാജ്യങ്ങളള്‍ തങ്ങളുടെ ഭിന്നതകളും വ്യത്യാസങ്ങളും തുറന്ന ചര്‍ച്ചകളിലൂടെ പരിഹരിക്കണം. പരസ്പര ബഹുമാനം, പരമാധികാരം, മറ്റുള്ളവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കല്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം ചര്‍ച്ച. എല്ലാ സുപ്രധാന വിഷയങ്ങള്‍ക്കും സുസ്ഥിരമായ പരിഹാരത്തിലേക്ക് ഏത്തേണ്ടതുണ്ട്. പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം പ്രോത്സാഹിപ്പിക്കുന്ന കുവൈത്ത് അമീറിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നു. പ്രശ്‌നപരിഹാരത്തിനായുള്ള കുവൈത്തി ശ്രമങ്ങളെ പിന്തുണയ്ക്കുന്നതില്‍ മറ്റു ലോകശക്തികള്‍ക്കൊപ്പം ഇന്ത്യയും ചേര്‍ന്നിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അടുത്തിടെ നടത്തിയ ഖത്തര്‍ സന്ദര്‍ശനത്തില്‍ സംയുക്ത കമ്മീഷന്‍ രൂപീകരണം സംബന്ധിച്ച സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവച്ചതും 2019 ഖത്തര്‍- ഇന്ത്യ സാംസ്‌കാരിക വര്‍ഷമായി ആഘോഷിക്കുന്നതും അംബാസഡര്‍ ചൂണ്ടിക്കാട്ടി. നിരവധി പരിപാടികള്‍ അടുത്തവര്‍ഷം ഇതിന്റെ ഭാഗമായി നടക്കും. ഇന്ത്യയുടെ സുപ്രധാന ഊര്‍ജ പങ്കാളിയാണ് ഖത്തര്‍.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി വ്യാപാരം സമീപവര്‍ഷങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. വിദ്യാഭ്യാസം,വ്യവസായം, വ്യാപാരം,അടിസ്ഥാനസൗകര്യവികസനം, ടൂറിസം സാമൂഹികവികസനം ഉള്‍പ്പടെയുള്ള വിവിധ മേഖലകളിലെ ഖത്തറിന്റെ പുരോഗതിയെ അദ്ദേഹം പ്രശംസിച്ചു. വര്‍ഷങ്ങളായി ഇന്ത്യന്‍ സമൂഹത്തിന് ഖത്തര്‍ സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. അമീറിനും പിതാവ് അമീറിനും സര്‍ക്കാരിനും അദ്ദേഹം ദേശീയ ദിനാശംസകള്‍ അറിയിച്ചു.

chandrika: