ദുബൈ: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരിട്ട് ഇടപെടുന്നു. അടുത്ത രണ്ട് മാസങ്ങള്‍ക്കുള്ളില്‍ സഊദി, യുഎഇ, ഖത്തര്‍ നേതാക്കളുമായി ട്രംപ് ചര്‍ച്ച നടത്തുമെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് രാജ്യങ്ങളും ഖത്തറുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കലാണ് മുഖ്യ ലക്ഷ്യമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സഊദി കിരീടാവകാശിയും മന്ത്രിസഭാ ഉപാധ്യക്ഷനും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി എന്നിവരുമായി മാര്‍ച്ച,് ഏപ്രില്‍ മാസങ്ങളില്‍ ട്രംപ് ചര്‍ച്ച നടത്താനാണ് പദ്ധതി. ഇതിനായി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടിയും വിളിച്ചു ചേര്‍ക്കും. മധ്യപൗരസ്ത്യ മേഖലയിലെ സമാധാനവും ഇറാന്‍ വിഷയവുമായിരിക്കും പ്രധാന അജണ്ട. ഖത്തര്‍ വിഷയം പരിഹരിക്കാന്‍ നടപടികള്‍ തേടും. കഴിഞ്ഞ ജൂണിലാണ് ഖത്തറുമായുള്ള യാത്രാ-വ്യാപാര ബന്ധങ്ങള്‍ യുഎഇ, സഊദി, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ വിഛേദിച്ചത്. മേഖലയിലെ തീവ്ര വാദ പ്രവര്‍ത്തനങ്ങളെയും ഇറാനെയും ഖത്തര്‍ പിന്തുണച്ചുവെന്ന കുറ്റത്തിനായിരുന്നു ഉപരോധം ഏര്‍പ്പെടുത്തിയത്.