X

കുവൈത്ത് അമീറിന്റെ ശ്രമങ്ങള്‍ തുടരുന്നു; മധ്യസ്ഥശ്രമങ്ങള്‍ പരാജയപ്പെടുന്നതിന്റെ ഉത്തരവാദിത്വം ഖത്തറിനെന്ന് ബഹ്‌റൈന്‍

റിയാദ്: ഖത്തറും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് അമീര്‍ സ്വബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹ് നടത്തുന്ന മധ്യസ്ഥശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം ഖത്തറിന് മാത്രമായിരിക്കുമെന്ന് ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് അല്‍ഖലീഫ പറഞ്ഞു. കുവൈത്ത് നടത്തുന്ന ഒത്തുതീര്‍പ്പ് ശ്രമങ്ങളുടെ വിജയം ഖത്തര്‍ ഭരണാധികാരികളെ മാത്രമാണ് ആശ്രയിച്ചിരിക്കുന്നത്. എല്ലാവരെയും ഒരു മേശക്ക് ചുറ്റും ഇരുത്തുന്നതിന് കുവൈത്ത് അമീറിന് ഖത്തര്‍ അവസരം നല്‍കുന്നില്ല. മധ്യസ്ഥശ്രങ്ങളുടെ വിജയത്തിന്റെ ഉത്തരവാദിത്വം ഖത്തറിന് മാത്രമാണ്.

ഖത്തറിന്റെ രാഷ്ട്രീയ ശൈലി ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിച്ചത് ബഹ്‌റൈനെ ആണ്. ബഹ്‌റൈനില്‍ വിധ്വംസക ശക്തികള്‍ക്കും ഭീകര സംഘടനകള്‍ക്കും പിന്തുണ നല്‍കി ബഹ്‌റൈന് എതിരെ ഖത്തര്‍ ഗൂഢാലോചന നടത്തി. ബഹ്‌റൈനെ അപകീര്‍ത്തിപ്പെടുത്തുന്നതിന് ഖത്തര്‍ വലിയ തോതില്‍ മാധ്യമപ്രചാരണവും നടത്തി. രാഷ്ട്രീയ നിലപാടുകളില്‍ തിരുത്തലുകള്‍ വരുത്തുകയും ഗള്‍ഫ് രാജ്യങ്ങളുടെ ഒന്നാം നമ്പര്‍ ശത്രുവായ ഇറാനില്‍ നിന്ന് അകന്നുനില്‍ക്കുകയുമാണ് ഖത്തറുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ഉപാധി. ഗള്‍ഫ് രാജ്യങ്ങളില്‍ അധീശത്വം സ്ഥാപിക്കുന്നതിനാണ് ഇറാന്‍ ഗൂഢാലോചന നടത്തുന്നത്. ഇരുപത്തിയൊന്ന് വര്‍ഷമായി ഖത്തര്‍ ബഹ്‌റൈന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. 2011 ല്‍ ബഹ്‌റൈനില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തെ പിന്തുണക്കുന്ന നിലപാടാണ് ഖത്തര്‍ സ്വീകരിച്ചത്. ബഹ്‌റൈനിലെ വിധ്വംസക ശക്തികള്‍ക്കു വേണ്ടിയാണ് ഖത്തര്‍ സംസാരിച്ചത്. അല്‍ജസീറ ചാനല്‍ ബഹ്‌റൈനും ബഹ്‌റൈനികള്‍ക്കും അപകീര്‍ത്തിയുണ്ടാക്കി. ബഹ്‌റൈന് മേല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്, മനുഷ്യാവകാശത്തെ ഒരു തൊഴിലെന്നോണം കാണുന്ന ചില അന്താരാഷ്ട്ര സംഘടനകള്‍ക്ക് ഖത്തര്‍ പിന്തുണ നല്‍കുകയാണ്. ബഹ്‌റൈനില്‍ മറ്റ് നിരവധി കാര്യങ്ങളിലും ഖത്തര്‍ ഇടപെട്ടിട്ടിട്ടുണ്ടെന്ന് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് അല്‍ഖലീഫ പറഞ്ഞു.
കുവൈത്ത് അമീര്‍ നടത്തിയ മധ്യസ്ഥശ്രമങ്ങള്‍ കാര്യമായ ഫലം ചെയ്യാത്ത പശ്ചാത്തലത്തിലാണ് ബഹ്‌റൈന്റെ പുതിയ മുന്നറിയിപ്പ്. ഖത്തറുമായുള്ള ബന്ധം സഊദി അറേബ്യയും മറ്റേതാനും രാജ്യങ്ങളും വിച്ഛേദിച്ചതിന്റെ തൊട്ടടുത്ത ദിവസം ജിദ്ദയിലെത്തി സഊദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി ചര്‍ച്ച നടത്തിയ കുവൈത്ത് അമീര്‍ ബുധനാഴ്ച യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം, അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ എന്നിവരുമായും ചര്‍ച്ചകള്‍ നടത്തി. ബുധനാഴ്ച തന്നെ ദോഹയില്‍ ഹ്രസ്വസന്ദര്‍ശനം നടത്തിയ കുവൈത്ത് അമീര്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായും പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള വഴികളെ കുറിച്ച് വിശകലനം ചെയ്തു. ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതിന് പിന്നാലെ സല്‍മാന്‍ രാജാവുമായി ഫോണില്‍ ബന്ധപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ബുധനാഴ്ച അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനുമായും ഫോണില്‍ സംസാരിച്ചു. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ഖലീഫയും ബുധനാഴ്ച ജിദ്ദയിലെത്തി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷാ ഭദ്രത തകര്‍ക്കുന്നതിന് ലക്ഷ്യമിടുന്ന ഭീകര ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണയും അയല്‍ രാജ്യങ്ങളിലെ ഇടപെടലുകളും ഖത്തര്‍ അവസാനിപ്പിക്കണമെന്നതാണ് നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രധാന ഉപാധിയായി സഊദി അറേബ്യയും മറ്റ് രാജ്യങ്ങളും ആവശ്യപ്പെടുന്നത്. ഖത്തറിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥശ്രമങ്ങള്‍ നടത്തുന്നതിന് തുര്‍ക്കിയും അമേരിക്കയും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പുറത്ത് നിന്നുള്ള ആരുടെയും മധ്യസ്ഥശ്രമം ഇക്കാര്യത്തില്‍ ആവശ്യമില്ലെന്നും പ്രശ്‌നം പരിഹരിക്കുന്നതിന് ഗള്‍ഫ് സഹകരണ കൗണ്‍സിലിന് തന്നെ ശേഷിയുണ്ടെന്നും സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു.

chandrika: