ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഖത്തറില്‍ 284 പേര്‍ക്കു കൂടി കൊറോണ വൈറസ്(കോവിഡ്19) രോഗം സ്ഥിരീകരിച്ചു. തുടര്‍ച്ചയായ ആറാം ദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിരുന്നത് ആശ്വാസകരമായി. രാജ്യത്ത് ഇതേവരെ 193 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് 300ല്‍ താഴെയായി തുടരുന്നത്.
രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1,16,765 പേര്‍ക്കാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ന് വര്‍ധനവുണ്ടായിട്ടുണ്ട്. അതേസമയം പ്രതിദിന രോഗമുക്തരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസകരമാണ്. ഇന്ന് 315 പേര്‍ക്കു കൂടി രോഗം മാറി. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് രോഗമുക്തരുടെ എണ്ണത്തില്‍ ഇന്ന് വര്‍ധനവുണ്ടായി. ഇതുവരെ 1,13,531 പേരാണ് സുഖംപ്രാപിച്ചത്. ഇന്ന് പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം വര്‍ധിച്ചു.
നിലവില്‍ 3041 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 432 പേരാണ് ആസ്പത്രിയില്‍ ചികിത്സയിലുള്ളത്. 65 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 39 പേരെ ആസ്പത്രിയിലും നാലു പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. രാജ്യത്ത് ഇതുവരെ 5,84,123 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,001പേരെ പരിശോധനക്ക് വിധേയരാക്കി. ഇതാദ്യമായാണ് ഒരു ദിവസം ഇത്രയധികം പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നത്. എന്നിട്ടും പുതിയ രോഗികളുടെ എണ്ണം 284 മാത്രമായത് ശ്രദ്ധേയമായ നേട്ടമാണ്.