അശ്‌റഫ് തൂണേരി
ദോഹ: ഏഴാമത് സെൻട്രൽ മുനിസിപ്പൽ കൗൺസിലിലേക്ക് ഖത്തറിലെ 29 മണ്ഡലങ്ങളിൽ നിന്നും പ്രതിനിധികൾ തെരെഞ്ഞെടുക്കപ്പെട്ടു. അൽകഅബാൻ, അൽഖുവൈരിയ്യ എന്നീ 2 മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ എതിരില്ലാതെയാണ് വിജയം വരിച്ചത്. മറ്റിടങ്ങളിൽ വാശിയേറിയ തെരഞ്ഞെടുപ്പ് നടന്നു. നാല് വനിതകൾ ഉൾപ്പെടെ 102 സ്ഥാനാർഥികളാണ് 29 മണ്ഡലങ്ങളിലേക്ക് മത്സര രംഗത്തുണ്ടായിരുന്നത്.
ജാസിം നജ്ഉം അൽഖുലൈഫി (ഉനൈസ), ജാസിം അലി ജാബിർ അൽസുറൂർ (ദഫ്ന), മുഹമ്മദ് റാഷിദ് അൽഖുബൈസി (ദുഹയിൽ), ബദർ സുൽത്താൻ അൽറുമൈഹി (ഖലീഫ അൽജനൂബിയ്യ), മുഹമ്മദ് സാലേം അൽമർറി (ശുഐബിയ്യ ഖലീഫ), അബ്ദുള്ള ഗാനം അൽഗാനം (അസീസിയ), ഫഹദ് അബ്ദുല്ല അൽമുല്ല (മുൻതസ), വലീദ് മുഹമ്മദ് അൽഇമാദി (മാതാർ അൽ അതീഖ്), ഹസ്സൻ അലി അൽ ഇസ്ഹാഖ് (അഷമ്മാമ), അബ്ദുറഹ്മാൻ അബ്ദുല്ല അൽഖുലൈഫി (അൽമാമൂറ), മുഹമ്മദ് മാന ഖുവാർ (അബൂഹമൂർ), മുഹമ്മദ് അലി അൽ അത്ബ (മുഐദർ), അബ്ദുല്ല മുഹമ്മദ് അൽനാബിത് (അബൂ സിദ്ര), മുഹമ്മദ് ഹമൂദ് അൽശാഫി (അൽറയ്യാൻ അൽജദീദ്), മുബാറക് അൽസാലിം (അസ്സഅവി), മുഹമ്മദ് സാലിഹ് അൽഹാജിരി (ബനീഹാജിർ), അബ്ദുല്ല ഖാലിദ് അൽയാഫി (അൽഖർതിയാത്ത്), ഹമദ് ഖാലിദ് അൽഖുബൈസി (അസ്സഹാമ), ഫഹദ് മുഹമ്മദ് അൽബുറൈദി (ഉംസലാൽ മുഹമ്മദ്), സഈദ് അലി അൽമർറി (അൽവഖ്‌റ), നായിഫ് അലി അൽ അഹ്ബാബി (അൽകരാനാ), ഫഹദ് സാലിം അൽമർറി (റൗദ റാഷിദ്), മുഹമ്മദ് അൽഹാജിരി (അശ്ശഹാനിയ), അലി അൽമൻസൂരി (അൽജുമൈലിയ), അബ്ദുല്ല ഇബ്രാഹിം അൽമുറയ്ഖി (അൽഖോർ), ഹസ്സൻ അബൂജംഹൂർ അൽമുഹന്നദി (അദുഹൈറ), റാഷിദ് അൽകഅബി (അൽകഅബാൻ), നാസർ ഖലീഫ അൽഖുവാരി (അൽഖുവൈരിയ്യ), മുഹമ്മദ് അബ്ദുല്ല അൽ സആദ (അശ്ശമാൽ) എന്നിവരാണ് വിജയിച്ചത്.
അടുത്ത നാലു വർഷമാണ് സെൻട്രൽ മുനിസിപ്പൽ കൗൺസിലിലെ അംഗങ്ങളുടെ കാലാവധി.
34,527 പേരാണ് വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്തത്. ഇവരിൽ 40.7 ശതമാനം പേർ വോട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ചു മണിവരെ നീണ്ട വോട്ടെടുപ്പിൽ വിവിധ മണ്ഡലങ്ങളിലെ പോളിങ് സ്റ്റേഷനിലെത്തിയാണ് വോട്ടർമാർ തങ്ങളുടെ പ്രതിനിധികൾക്കായി വോട്ടു ചെയ്തത്. 29 മണ്ഡലങ്ങളിൽ 27 ഇടങ്ങളിലാണ് രാവിലെ മുതൽ വോട്ടെടുപ്പ് നടന്നത്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് അഞ്ചു മണിയോടെ പൂർത്തിയായി. തുടർന്ന് ആരംഭിച്ച വോട്ടെണ്ണൽ രാത്രി ഒമ്പതോടെ പൂർത്തിയായി.
വോട്ടെടുപ്പ് നടപടികൾ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നേതൃത്വത്തിലുള്ള ഉന്നത സമിതി യോഗം വിലയിരുത്തി.
വോട്ടെടുപ്പിൽ ജനങ്ങളുടെ സജീവമായ പങ്കാളിത്തത്തെ ആഭ്യന്തര സഹമന്ത്രി ശൈഖ് അബ്ദുൽ അസീസ് ബിൻ ഫൈസൽ ആൽഥാനി അഭിനന്ദിച്ചു. നിയോജക മണ്ഡലം സന്ദർശിച്ച മന്ത്രി വോട്ടെടുപ്പ് ക്രമങ്ങളും വിലയിരുത്തി.