X
    Categories: MoreViews

ഉപരോധം കാലങ്ങള്‍ നീണ്ടാലും അതിജീവിക്കാനുള്ള ശേഷി ഖത്തറിനുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക്

ദോഹ: ഉപരോധം കാലങ്ങള്‍ നീണ്ടാലും അതിനെ അതിജീവിക്കാനുള്ള സാമ്പത്തികശേഷി രാജ്യത്തിനുണ്ടെന്നു ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശൈഖ് അബ്ദുളള ബിന്‍ സഈദ് അല്‍താനി പറഞ്ഞു. രാജ്യത്തിന് ആവശ്യത്തിന് കരുതല്‍ ശേഖരവും പരമാധികാര സാമ്പത്തിക ഫണ്ടും നമുക്കുണ്ട്.
ആഗോള എണ്ണ വിലയില്‍ ഇയ്യിടെ ഉണ്ടായ വര്‍ധന ഖത്തറിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എസ് ഡോളറുമായി ഖത്തറി റിയാലിന്റെ വിനിമയ നിരക്ക് സുസ്ഥിരമാ(പെഗിങ്)ക്കാനുള്ള കാരണം രാജ്യത്തിന്റെ കരുതല്‍ ശേഖരം ശക്തമായത് കൊണ്ടാണ്. ഖത്തര്‍ വിപണിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിദേശ കറന്‍സി ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ കൈവശം ഉണ്ടെന്നും ശൈഖ് അബ്ദുളള വ്യക്തമാക്കി.
റിയാലിനെ ദുര്‍ബലപ്പെടുത്താനുള്ള ഉപരോധ രാജ്യങ്ങളുടെ ശ്രമങ്ങളെ പ്പറ്റി അന്വേഷണം പുരോഗമിക്കുകയാണ്. അത് പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഉപരോധം തുടങ്ങിയ ഉടനെ ഞങ്ങള്‍ ബാങ്കുകളെയും മാര്‍കറ്റിനെയും നിരന്തരം നിരീക്ഷിച്ച് ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിരുന്നു. ഖത്തറിനെതിരെ വിദേശ സാമ്പത്തിക വിപണികളില്‍ ഉപരോധ രാജ്യങ്ങള്‍ പ്രചരിപ്പിച്ച കള്ളങ്ങളും കിംവദന്തികളും ഞങ്ങള്‍ ശക്തമായി നേരിട്ടുവെന്നും ശൈഖ് അബ്ദ്ദുല്ല പറഞ്ഞു.രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എക്‌സ്‌ചേഞ്ച് കമ്പനികള്‍ക്ക് ശക്തമായ സാമ്പത്തിക അടിത്തറയുണ്ട്. 2017 അവസാനം അവരുടെ മൂലധനം 1.9 ബില്ല്യന്‍ റിയാലായിരുന്നു. 2016 നെക്കാളും 27 ശതമാനം വളര്‍ച്ചയാണിതില്‍ ഉണ്ടായിരിക്കുന്നതെന്നും ഇനിയും മുന്നേറ്റങ്ങള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, മസ്‌റഫ് അല്‍ റയ്യാന്‍, ബര്‍വ ബാങ്ക്, ഇന്റര്‍നാഷണല്‍ ബാങ്ക് ഓഫ് ഖത്തര്‍(ഐബിക്യൂ) എന്നീ മൂന്ന് ബാങ്കുകളുടെ ലയനത്തിന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റ പിന്തുണയുണ്ടെന്നും ബാങ്കുകളുടെ ലയനം ഈ വര്‍ഷം തന്നെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ശൈഖ് അബ്ദുല്ല ബിന്‍ സഈദ് അല്‍താനി പറഞ്ഞു. ലയനം സംബന്ധിച്ച് ധനകാര്യ ഉപദേഷ്ടാക്കളുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ബാങ്കുകളുടെ ഓഹരിയുടമകളുടെ പിന്തുണ പോലെയുള്ള ഘടകങ്ങള്‍ ലയനത്തില്‍ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി, സാമ്പത്തിക വാണിജ്യ മന്ത്രാലയം, ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡ് എന്നിവയുടെ കൂട്ടായ അനുമതി ലഭിക്കുന്ന മുറക്കേ ബാങ്കുകളുടെ ലയനം സാധ്യമാകൂ.
ബാങ്കുകളുടെ ലയനം വിജയകരമാകുന്നതോടെ ഖത്തറിലെ ബാങ്കിംഗ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടമായിരിക്കുമെന്നും പുതിയ ബാങ്കിന്റെ ആസ്തി 180 ബില്യന്‍ റിയാല്‍ ആകുമെന്നും അദ്ദേഹം പറഞ്ഞു.

chandrika: