X

ഖത്തര്‍ ആഘോഷിക്കുന്നത് ഗോത്ര സംഘശക്തിക്കൊപ്പം ശൈഖ് ജാസിം പോരാടി നേടിയ സ്വാതന്ത്ര്യം

അശ്റഫ് തൂണേരി

ഏതാനും ആയിരങ്ങള്‍ പേര്‍ മാത്രം താമസിച്ചിരുന്ന ഒരു മരുദേശമായിരുന്നു ഖത്തര്‍. പല ഗോത്രങ്ങളും വംശങ്ങളുമൊക്കെയായി ചെറു ദേശക്കാര്‍ തന്നെ പലതായി ചിതറികിടന്നു. മുത്തുവാരിയും മത്സ്യബന്ധനത്തിലേര്‍പ്പെട്ടും അവര്‍ ഉപജീവനം കണ്ടെത്തി. ശൈഖ് മുഹമ്മദ് ബിന്‍ താനിയായിരുന്നു ഭരണാധികാരി. 1870കളുടെ തുടക്കമായിരുന്നു ഇത്. നാലു നൂറ്റാണ്ടു കാലമാണ് ഒട്ടോമന്‍ ഭരണം ഈ പ്രദേശം കൈയ്യടക്കിവെച്ചത്. പിന്നീട് ചില അയല്‍ രാജ്യങ്ങളും തങ്ങളുടേതാണെന്ന അവകാശവാദവുമായെത്തി. ഈ അതിസങ്കീര്‍ണ്ണ സാഹചര്യത്തിലാണ് ശൈഖ് മുഹമ്മദ് ബിന്‍ താനിയുടെ വിയോഗത്തെ തുടര്‍ന്ന് 1878 ഡിസംബര്‍ 18 ന് അദ്ദേഹത്തിന്റെ പ്രിയ പുത്രന്‍ ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ താനി അധികാരത്തിലെത്തുന്നത്. ഖത്തര്‍ എന്ന രാഷ്ട്രത്തിന് ശിലയിട്ട ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ താനിയുടെ പോരാട്ടത്തിന്റെ ഓര്‍മ്മ ദിനമാണ് ഡിസംബര്‍ 18.

ഓട്ടോമന് കീഴില്‍ ഖത്തര്‍ ഭരണാധികാരിയായി തുടരുമ്പോള്‍ തന്നെ ശൈഖ് ജാസിം പലതിന്റേ പേരിലും പോരാടിയിരുന്ന വിവിധ ഗോത്രങ്ങളെ ഏകീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഒരു രാഷ്ട്ര രൂപീകരണത്തിന്റെ അടിത്തറ പാകലായിരുന്നു അത്. പക്ഷെ 1892 ഓടെ ഒട്ടോമന്‍ ഭരണാധികാരികള്‍ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ടു തുടങ്ങി. ശൈഖ് ജാസിമുമായി ഉണ്ടായ കരാറില്‍ നിന്ന് മാറി സര്‍വ്വാധികാര ശ്രമങ്ങള്‍ തുടങ്ങി. അമിതമായ നികുതി ചുമത്തി. ദോഹയിലെ അല്‍ബിദയില്‍ സൈനികരെ അധികമായി വിന്യസിച്ചു. അതോടെ ശൈഖ് ജാസിമിന് തുര്‍ക്കികളുമായി തര്‍ക്കത്തിലേര്‍പ്പെടേണ്ടി വരികയും 1892 ആഗസ്റ്റില്‍ രാജിവെക്കേണ്ടി വരികയും ചെയ്തു. തുടര്‍ന്ന് ചുങ്കം നല്‍കുന്നത് അദ്ദേഹം നിര്‍ത്തി. സാഹചര്യം ഇതോടെ കലുഷമായി.

1893 ഫെബ്രുവരിയില്‍ തുര്‍ക്കിയുടെ ബസറ ഗവര്‍ണര്‍ മുഹമ്മദ് ഹാഫിസ് പാഷ നേതൃത്വം നല്‍കിയ 300 ലധികം വരുന്ന സൈനികര്‍ ഖത്തറിലേക്ക് പടനയിച്ചു. വന്‍ ആയുധശേഖരവുമായിട്ടായിരുന്നു വരവ്. ലക്ഷ്യം ശൈഖ് ജാസിം മാത്രമായിരുന്നു. അദ്ദേഹത്തെ വധിക്കുകയോ അല്ലെങ്കില്‍ തടവിലാക്കുകയോ ചെയ്യുമെന്ന് തുര്‍ക്കി പ്രഖ്യാപിച്ചു. ശൈഖ് ജാസിമിനെതിരേയുള്ള പടയോട്ടത്തെ ചെറുക്കാന്‍ വിവിധ ചെറുഗോത്രങ്ങള്‍ തീരുമാനിച്ചു. 4,000 ത്തോളം വരുന്ന ഗോത്ര പോരാളികള്‍ അവരുടേതായ പാരമ്പര്യ ആയുധങ്ങളുമായി സജ്ജരായി. വളരെ കുറച്ച് ആയുധങ്ങള്‍ മാത്രമേ ഇവരുടെ കൈവശമുണ്ടായിരുന്നുള്ളൂ. രക്തരൂക്ഷിതമായ യുദ്ധമോ പോരാട്ടമോ ഇല്ലാതാക്കാന്‍ ചര്‍ച്ചയിലൂടെ ശൈഖ് ജാസിം ശ്രമിച്ചുനോക്കി. പക്ഷെ ഗോത്ര പോരാളികളെ പിരിച്ചുവിടാനും കീഴടങ്ങാനുമായിരുന്നു തുര്‍ക്കിയുടെ രേഖാമൂലമുള്ള ആവശ്യം. ഇത് ശൈഖ് ജാസിം നിരസിച്ചു. ദിനങ്ങളോളം ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോയ ശേഷം 1893 മാര്‍ച്ചില്‍ തുര്‍ക്കി ചര്‍ച്ചക്ക് തയ്യാറായി. ചര്‍ച്ച ചെയ്യാന്‍ തന്റെ പ്രതിനിധിയായി ശൈഖ് ജാസിം സഹോദരന്‍ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍താനിയേയും വിവിധ ഗോത്ര പ്രമുഖരായ 16 നേതാക്കളേയുമയച്ചു. പക്ഷെ ഖത്തറി നേതാക്കളെ തടവിലാക്കുകയായിരുന്നു തുര്‍ക്കി ചെയ്തത്. മോചനദ്രവ്യം നല്‍കി മോചിപ്പിക്കാന്‍ പോലും ഗവര്‍ണ്ണര്‍ പാഷ കൂട്ടാക്കിയില്ല. ഇതോടെ അഭിമാനപോരാട്ടത്തിലേക്ക് ഖത്തര്‍ നീങ്ങി. തുര്‍ക്കി സൈന്യം തുടങ്ങിയ എല്ലാ ആക്രമണങ്ങള്‍ക്കും കനത്ത വില നല്‍കേണ്ടി വന്നു. ഖത്തര്‍ ഗോത്രസൈന്യം ഓട്ടോമന്‍ സൈന്യ സംഘത്തെ മുട്ടുകുത്തിച്ചു. ഖത്തരി തടവുകാരെ ഗവര്‍ണ്ണര്‍ മുഹമ്മദ് പാഷക്ക് മോചിപ്പിക്കേണ്ടിവന്നുവെന്ന് മാത്രമല്ല ഖത്തറില്‍ നിന്ന് സുരക്ഷിതമായി പിന്‍മാറാന്‍ സൗകര്യം നല്‍കണമെന്ന് ആവശ്യപ്പെടുന്ന വിധം തലകുനിക്കേണ്ടി വന്നു. തുര്‍ക്കി സൈന്യത്തിന്റെ പകുതിയോളം കൊല്ലപ്പെട്ട ഖത്തറിലെ അല്‍വജ്ബ യുദ്ധത്തില്‍ 400-ഓളം പോരാളികള്‍ ഖത്തറിനു വേണ്ടി ധീര രക്തസാക്ഷികളായി. വന്‍വിജയം നേടിയ ഖത്തറിനു മുമ്പില്‍ അടിയറവു പറയേണ്ടി വന്ന തുര്‍ക്കി സുല്‍ത്താന്‍ അബ്ദുല്‍ഹമീദ് രണ്ടാമന്‍ ശൈഖ് ജാസിമിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുകകയും ബസ്റ ഗവര്‍ണര്‍ മുഹമ്മദ് പാഷയെ പുറത്താക്കുകയും ചെയ്തു. ഇതോടെ ശൈഖ് ജാസിം ഖത്തറില്‍ എല്ലാ ഗോത്രങ്ങളുടേയും അംഗീകാരത്തോടെ 1913ല്‍ ഖത്തര്‍ എന്ന രാഷ്ട്രം സ്ഥാപിക്കുകയുമായിരുന്നു.

ഒരു രാഷ്ട്രം എന്ന നിലയില്‍ ഇന്ന് ലോകത്തെ ശ്രദ്ധേയ സ്ഥാനം അലങ്കരിക്കുന്ന മധ്യപൂര്‍വ്വേഷ്യന്‍ അതിസമ്പന്ന രാജ്യമാണ് ഖത്തര്‍. വിസ്തൃതിയില്‍ ചെറുതായ ഈ രാജ്യം ഏഷ്യയിലാദ്യമായി 2022 ഫിഫ ലോകകപ്പ് കൂടി നടത്തുന്നതോടെ അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിക്കുകയാണ്. ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിയില്‍ ലോക നമ്പര്‍ വണ്‍ ആയ ഖത്തര്‍ എണ്ണേതര മേഖലയിലും വന്‍മുന്നേറ്റമാണ് നടത്തി വരുന്നത്. ഇപ്പോള്‍ ഫിഫ അറബ് കപ്പ് ഫൈനല്‍ മത്സരങ്ങള്‍ക്കിടയിലാണ് രാജ്യം മറ്റൊരു ദേശീയ ദിനം ആചരിക്കുന്നത്. ഗള്‍ഫ് ഉപരോധത്തെ സ്നേഹം കൊണ്ട് നിഷ്പ്രഭമാക്കിയ ഖത്തര്‍ ലോക ഫുട്ബോളിനെ നെഞ്ചേറ്റാന്‍ ഇനി മാസങ്ങള്‍ മാത്രം ബാക്കി. ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെന്ന ഊര്‍ജ്ജസ്വലനായ യുവ രാഷ്ട്രത്തലവന് കീഴില്‍ ലോക കായിക ഭൂപടത്തിന് മറ്റൊരു അറബ് ആതിഥ്യാനുഭവം സമ്മാനിക്കാന്‍ സര്‍വ്വസജ്ജമായി കാത്തിരിക്കുകയാണ് ഖത്തര്‍.

 

 

Test User: