X

ഖത്തറില്‍ തകര്‍ന്നുവീണ കെട്ടിടാവശിഷ്ടത്തില്‍ നിന്ന് 2 സ്ത്രീകളെ ജീവനോടെ പുറത്തെടുത്തു

ഖത്തറിലെ മന്‍സൂറ, ബിന്‍ ദിര്‍ഹം ഏരിയയില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് രണ്ട് സ്ത്രീകളെ ജീവനോടെ പുറത്തെടുത്തു. ഇക്കാര്യം വെളിപ്പെടുത്തി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം (എം.ഒ.ഐ) ട്വീറ്റ് ചെയ്തു. ഒരാളുടെ ജീവന്‍ അപഹരിച്ച സ്ഥലത്ത് നിന്നാണ് മറ്റ് രണ്ടു പേരെ ജീവനോടെ കിട്ടിയത്. ”ബിന്‍ ദിര്‍ഹം പ്രദേശത്തെ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് തിരച്ചിലിനിടയിലാണ് സുരക്ഷാ സംഘത്തിന് രണ്ട് സ്ത്രീകളെ ജീവനോടെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. ഇരുവരേയും ആവശ്യമായ വൈദ്യചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നു” ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ വിശദീകരിച്ചു. എല്ലാവിധ സജ്ജീകരണങ്ങളോടേയും അപകട സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ് സുരക്ഷാ സംഘം. തുര്‍ക്കിയിലെ ഭൂകമ്പ ബാധിത മേഖലകളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഖത്തര്‍ സുരക്ഷാ സേനയിലെ സംഘാങ്ങളാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്നതെന്ന് ഖത്തര്‍ ഇന്‍ര്‍നാഷണല്‍ സെര്‍ച്ച് ആന്റ് റസ്‌ക്യു വിഭാഗത്തിന്റെ കമാന്‍ഡര്‍ ലെഫ്റ്റനന്റ് കേണല്‍ മുബാറക് ഷെരീദ അല്‍കഅബി പറഞ്ഞു. കെട്ടിടത്തില്‍ താമസിച്ചിരുന്ന 12 കുടുംബങ്ങളെ നേരത്തെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. ആഘാതത്തില്‍ നിന്ന് മുക്തമാകാന്‍ ഇവര്‍ക്ക് ആവശ്യമായ മാനസിക പരിചരണവും കമ്മ്യൂണിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ നല്‍കി വരുന്നതായി ആഭ്യന്തരമന്ത്രാലയം പബ്ലിക് റിലേഷന്‍സ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍മുഫ്ത പറഞ്ഞു. നിസ്സാര പരിക്കുകളുള്ള 7 പേര്‍ക്ക് ചികിത്സ നല്‍കിവരുന്നു. ബുധനാഴ്ച കാലത്ത് എട്ടരയോടെ തകര്‍ന്നു വീണ സന്ദര്‍ഭത്തില്‍ കെട്ടിടത്തില്‍ അറ്റകുറ്റപ്പണികള്‍ നടന്നിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ക്ക് നിയോഗിതരായവര്‍ക്ക് ആവശ്യമായ അനുമതിയുണ്ടോയെന്നും, ഇത് അപകടത്തിന് ഒരു കാരണമായിട്ടുണ്ടോയെന്നും പരിശോധനാവിധേയമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിശദമായ അന്വേഷണത്തിന് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അപകടം നടന്നയുടന്‍ സിവില്‍ ഡിഫന്‍സ്, അല്‍ഫാസ, ട്രാഫിക് പൊലീസ് സംഘങ്ങള്‍ ആംബുലന്‍സും മറ്റ് പരിചരണ സംവിധാനങ്ങളുമായി സ്ഥലത്തെത്തിയിരുന്നു.

webdesk14: