ആര്‍ റിന്‍സ്
ദോഹ
സഊദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ തുടരുന്ന ഉപരോധം രണ്ടാംവര്‍ഷത്തിലേക്ക് കടക്കുന്നു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഉറച്ച ഭരണ നേതൃത്വത്തിന്റെ കീഴില്‍ എല്ലാ വെല്ലുവിളികളും പ്രത്യാഘാതങ്ങളും മറികടന്ന് രാജ്യം മുന്നോട്ടുകുതിക്കുന്നതാണ് പിന്നിട്ട ഒരുവര്‍ഷം കണ്ടത്.
2017 മേയ് 24ന് ഖത്തര്‍ ന്യൂസ് ഏജന്‍സി ഹാക്ക് ചെയ്യപ്പെട്ടതിന്റെ തുടര്‍ച്ചയായാണ് ഖത്തര്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്ന അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളുടെ പേരില്‍ 2017 ജൂണ്‍ അഞ്ചിന്് സഊദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. എല്ലാ ആരോപണങ്ങളെയും ഖത്തര്‍ തള്ളിക്കളഞ്ഞിരുന്നു.
നാളെ ഉപരോധത്തിന് ഒരുവര്‍ഷം പൂര്‍ത്തിയാകും. പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്തിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ശ്രമങ്ങള്‍ ഇതുവരെയും ഫലവത്തായിട്ടില്ല. ചര്‍ച്ചകള്‍ക്ക് സന്നദ്ധമല്ലെന്നാണ് ഉപരോധരാജ്യങ്ങളുടെ നിലപാട്. കുവൈത്തിന്റെ മധ്യസ്ഥതയെ ഖത്തര്‍ ആവര്‍ത്തിച്ച് പിന്തുണയ്ക്കുന്നുണ്ട്. പരസ്പര ബഹുമാനത്തിലധിഷ്ഠിതമായും രാജ്യങ്ങളുടെ പരമാധികാരം അംഗീകരിച്ചുകൊണ്ടും രാജ്യാന്തരനിയമങ്ങള്‍ക്കനുസൃതമായും ക്രിയാത്മക ചര്‍ച്ചകളിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്ന് ലോകത്തെ ശാക്തികരാജ്യങ്ങളെല്ലാം നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
രാജ്യത്തിന്റെ പരമാധികാരം പണയംവെച്ചുകൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിനും സന്നദ്ധമല്ലെന്നും പരസ്പര ബഹുമാനത്തിലധിഷ്ടതമായ ചര്‍ച്ചകള്‍ക്ക് സന്നദ്ധവുമാണെന്നാണ് ഖത്തറിന്റെ നിലപാട്. ഉപരോധം ഒരുവര്‍ഷത്തിലേക്കെത്തിയിട്ടും ഖത്തറിനെതിരെ ഉന്നയിച്ച ഒരു ആരോപണത്തിനുപോലും നേരിയ തെളിവു നല്‍കാന്‍പോലും സഊദി സഖ്യരാജ്യങ്ങള്‍ക്കായിട്ടില്ല. ഗള്‍ഫ് പ്രതിസന്ധിയില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പടെ 27ലക്ഷത്തിലധികം വരുന്ന ജനത ഒറ്റക്കെട്ടായി അമീറിനും ഖത്തറിനും പിന്നില്‍ അണിനിരക്കുകയാണ്. ഉപരോധത്തിന്റെ ആദ്യമാസങ്ങളില്‍ തമീംഅല്‍മജ്ദ് ചിത്രങ്ങള്‍ ഉള്‍പ്പടെ ദേശീയത രാജ്യമെമ്പാടും അലയടിച്ചിരുന്നു. അതിപ്പോഴും ഒരു മാറ്റവുമില്ലാതെ തുടരുന്നു. പുതിയ വിപണികള്‍ തുറന്ന് ഖത്തര്‍ ഉപരോധത്തെ പരാജയപ്പെടുത്തിക്കഴിഞ്ഞു. രാജ്യം സ്വയംപര്യാപ്തതയിലേക്ക് നടന്നടുക്കുകയാണ്. ഖത്തറിനാവശ്യമായതെല്ലം ഇവിടെ തന്നെ ഉത്പാദിപ്പിക്കുന്നു.
ഉപരോധത്തില്‍ നിന്നും സ്വയാശ്രയത്തിലേക്കുള്ള രാജ്യത്തിന്റെ വിജയകരമായ യാത്രയായിരുന്നു പിന്നിട്ട ഒരുവര്‍ഷം. വിസ നയങ്ങള്‍ ലളിതമാക്കി. മേഖലയിലെ ഏറ്റവും തുറന്ന രാജ്യമായി ഖത്തര്‍ മാറി. നിക്ഷേപ വ്യവസായ അന്തരീക്ഷം സുഗമമാക്കി. വിദേശനിക്ഷേപകര്‍ക്ക് രാജ്യത്ത് അനായാസം വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള സാഹചര്യമൊരുക്കി.
രാജ്യത്തിന്റെ വികസനപദ്ധതികള്‍ തടസങ്ങളില്ലാതെ മുന്നോട്ടുപോകുന്നു. നിരവധി റോഡുകളും അടിസ്ഥാനസൗകര്യവികസപദ്ധതികളും ഉപരോധകാലയളവില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഫിഫ ലോകകപ്പ് പദ്ധതികള്‍ തടസങ്ങളില്ലാതെ പുരോഗമിക്കുന്നു. ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തതയിലേക്ക് നീങ്ങുന്നു. ഫാമുകള്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നു. കയറ്റുമതിയും ഇറക്കുമതിയും സുഗമമായി പോകുന്നു.
കൂടുതല്‍ രാജ്യങ്ങളുമായി വാണിജ്യകരാറുകളിലേര്‍പ്പെടുന്നു. ഇത്തരത്തില്‍ ഉപരോധം നേരിയ തോതില്‍ പോലും ബാധിക്കാതെയാണ് ഖത്തറിന്റെ പ്രയാണം. ആധുനിക സാമ്പത്തിക ഘടന രൂപപ്പെടുത്തിതിലൂടെയാണ് ഉപരോധത്തെ ഫലപ്രദമായി മറികടക്കാന്‍ ഖത്തറിനായതെന്ന് സാമ്പത്തികവിദഗ്്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യാന്തര സൗകര്യങ്ങള്‍, കമ്പനികള്‍ വിമാനത്താവളം, തുറമുഖം ഉള്‍പ്പടെയുള്ള സൗകര്യങ്ങളും സേവനങ്ങളും കൃത്യമായ ആസൂത്രണത്തോടെ ഉപയോഗിക്കാന്‍ രാജ്യത്തിനായി. പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ ദോഹ സ്വീകരിച്ച മാര്‍ഗങ്ങളും തന്ത്രങ്ങളും ഖത്തരി സമൂഹത്തിന്റെ പിന്തുണയും ഉപരോധത്തെ മറികടക്കാന്‍ ഖത്തറിനെ സഹായിച്ചു. വിവിധ രാജ്യങ്ങളുമായി നേരിട്ട് ഗതഗാത വാണിജ്യ ബന്ധം സ്ഥാപിച്ചതും നാവിക വ്യോമ മാര്‍ഗങ്ങളിലൂടെ പുതിയ റൂട്ടുകള്‍ തുറന്നതും രാജ്യത്തിന്റെ സാമ്പത്തികശേഷി ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായകമായി. ഒമാന്‍, കുവൈത്ത്, തുര്‍ക്കി, ഇന്ത്യ പാകിസ്താന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളുമായി ഖത്തര്‍ നേരിട്ട് നാവികബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഹമദ് തുറമുഖത്തിന്റെ പ്രവര്‍ത്തനം നിര്‍ണായകമായി.
ഉപരോധം ബാധിക്കാതിരിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നത് തുറമുഖമാണ്. പ്രതിമാസം വിവിധ തുറമുഖങ്ങളില്‍ നിന്നായി ഒട്ടനവധി കപ്പലുകളാണ് ചരക്കുകളുമായി തുറമുഖത്തെത്തുന്നത്. 2016ല്‍ 19 ബില്യണ്‍ ഡോളറിന്റെ ഭക്ഷ്യോത്പന്നങ്ങളാണ് ഖത്തര്‍ ജിസിസിയില്‍ നിന്നും ഇറക്കുമതി ചെയ്തത്. എന്നാലിപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലധികം രാജ്യങ്ങളില്‍ നിന്നും ഭക്ഷ്യോത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രവര്‍ത്തനവും നിര്‍ണായകമാണ്. സ്വയംപര്യാപ്തതയ്ക്കാണ് ഖത്തര്‍ ഊന്നല്‍ നല്‍കുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബലദ്‌ന. പാലിനും പാലുത്പന്നങ്ങള്‍ക്കുമായി അന്യരാജ്യങ്ങളെ പ്രത്യേകിച്ചും സഊദി അറേബ്യയെ ആശ്രയിച്ചിരുന്ന ഖത്തര്‍ ഇപ്പോള്‍ ബലദ്‌ന ഫാമിലൂടെ രാജ്യത്തിനാവശ്യമായ പാലില്‍ ബഹുഭൂരിപക്ഷവും ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നു. പഴം പച്ചക്കറി ഉത്പാദനവും വര്‍ധിച്ചു.
കൂടുതല്‍ ഫാക്ടറികള്‍ പ്രവര്‍ത്തനം തുടങ്ങി. എണ്ണവാതക ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ദേശീയ ഉത്പന്നങ്ങളെ സംരക്ഷിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു. രാജ്യത്തിന്റെ സാമ്പത്തികമേഖലയെ പ്രത്യേകിച്ചും റിയാലിനെ തകര്‍ക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുത്തി. രാജ്യത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതകളുടെ പിന്‍ബലത്തില്‍ തുറന്നുകാട്ടി. ഉപരോധം രണ്ടാംവര്‍ഷത്തിലേക്ക് കടക്കവെ ഖത്തര്‍ കൂടുതല്‍ ശക്തമാകുകയാണ്. പ്രതിസന്ധി പരിഹരിക്കാന്‍ ഉപരോധ രാജ്യങ്ങള്‍ മുന്നോട്ടുവച്ച ഉപാധികളുടെ പൊള്ളത്തരങ്ങളും തുറന്നുകാട്ടപ്പെട്ടു. അല്‍ജസീറ പൂട്ടണം, തുര്‍ക്കി സൈനിക താവളം മാറ്റണം എന്നതുള്‍പ്പടെ ബാലിശമായ ആവശ്യങ്ങള്‍ ലോകരാജ്യങ്ങളും ശക്തമായി എതിര്‍ത്തു. ഉപരോധ രാജ്യങ്ങള്‍ ആഗ്രഹിച്ചത് അല്‍ഉദൈദ് സൈനികതാവളം ദോഹയില്‍ നിന്നും മാറ്റണമെന്നായിരുന്നു. എന്നാല്‍ താവളം സ്ഥിരമാക്കുന്നതിനുള്ള പദ്ധതികള്‍ ഖത്തറും അമേരിക്കയും ഈ ജനുവരിയില്‍ പ്രഖ്യാപിച്ചു.
ഉപരോധരാജ്യങ്ങള്‍ ആവശ്യപ്പെട്ടത് അല്‍ജസീറ അടച്ചുപൂട്ടണമെന്നായിരുന്നു. എന്നാലിപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാഴ്ചക്കാര്‍ക്ക് അല്‍ജസീറ ലഭ്യമാണ്.ഒന്നാം നമ്പര്‍ അറബിക് ചാനലായിട്ടുണ്ട് അല്‍ജസീറ 140ലധികം രാജ്യങ്ങളിലെ ദശലക്ഷക്കണക്കിനു പേരിലേക്കാണ് ചാനല്‍ എത്തുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി എഴുപത് ബ്യൂറോകളാണ് ചാനലിനുള്ളത്. മിഡില്‍ഈസ്റ്റില്‍ അഭിപ്രായസ്വാതന്ത്ര്യത്തിനായുള്ള സ്വതന്ത്രപ്ലാറ്റ്‌ഫോമാണ് അല്‍ജസീറ. ഉപരോധത്തിനിടയിലും രാജ്യം കൈവരിക്കുന്ന വളര്‍ച്ചാപുരോഗതിയെ രാജ്യാന്തര ഏജന്‍സികള്‍ പ്രശംസിച്ചു.
അതേസമയം ഉപരോധരാജ്യങ്ങള്‍ പ്രത്യേകിച്ചും സഊദി അറേബ്യയും യുഎഇയും കനത്ത പ്രതിസന്ധിയും നഷ്ടവും അഭിമുഖീകരിക്കുന്നതായും രാജ്യാന്തര നയതന്ത്രവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഖത്തറിന്റെ സമ്പദ്ഘടനയെ തര്‍ക്കുകയും സര്‍ക്കാരിനെ കീഴ്‌പ്പെടുത്തുകയും രാജ്യത്തിന്റെ പരമാധികാരം അടിയറവയ്പ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഉപരോധം.
എന്നാല്‍ ഇതൊന്നും നടപ്പായില്ലെന്ന് മാത്രമല്ല ഉപരോധരാജ്യങ്ങളുടെ പൊള്ളത്തരവും യഥാര്‍ഥമുഖവും തുറന്നുകാട്ടപ്പെടുകയും ചെയ്തു. ഉപരോധം ഖത്തറില്‍ നേരിയ പ്രത്യാഘാതങ്ങള്‍ മാത്രമാണ് സൃഷ്ടിച്ചത്. രാജ്യത്തിന്റെ വലിയ കരുതല്‍ നിക്ഷേപം ഉപരോധത്തെ പ്രതിരോധിക്കാന്‍ സഹായകമായതായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.