ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം രണ്ടാംവര്‍ഷത്തിലേക്ക് കടക്കവെ ഖത്തര്‍ കൂടുതല്‍ ശക്തമായതായി ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍സ് ഓഫീസ്(ജിസിഒ). ഖത്തറിനെതിരായ ഉപരോധരാജ്യങ്ങളുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതായും ജിസിഒ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശങ്ങളില്‍വ്യക്തമാക്കുന്നു.
കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിനാണ് സഊദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഉപരോധ രാജ്യങ്ങള്‍ ആഗ്രഹിച്ചത് അല്‍ഉദൈദ് സൈനികതാവളം ദോഹയില്‍ നിന്നും മാറ്റണമെന്നായിരുന്നു. എന്നാല്‍ താവളം സ്ഥിരമാക്കുന്നതിനുള്ള പദ്ധതികള്‍ ഖത്തറും അമേരിക്കയും ഈ ജനുവരിയില്‍ പ്രഖ്യാപിച്ചു- ട്വിറ്ററിലെ ഒരു സന്ദേശം വ്യക്തമാക്കുന്നു.
ഖത്തര്‍ മുന്നോട്ട്, ഖത്തര്‍ ശക്തം തുടങ്ങിയ ഹാഷ്ടാഗുകളിലായിരുന്നു സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തത്. അമേരിക്കയുടെ സുപ്രധാന സൈനിക താവളത്തിന് ഖത്തര്‍ ആതിഥ്യം നല്‍കുന്നതിന്റെ ഗ്രാഫിക് ഇമേജും സന്ദേശത്തോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. അല്‍ഉദൈദ് സൈനികതാവളത്തില്‍ 11,000ലധികം സൈനികരാണുള്ളത്.
നിയമവിരുദ്ധ ഉപരോധത്തിനിടയിലും ഖത്തര്‍ രാജ്യാന്തര സഖ്യകക്ഷികളുമായി സുരക്ഷാപങ്കാളിത്തം ശക്തിപ്പെടുത്തിയതായി മറ്റൊരു ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നു. തീവ്രവാദത്തിനുള്ള ധനസഹായം പ്രതിരോധിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഖത്തറും അമേരിക്കയും ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഇതേ ലക്ഷ്യം മുന്‍നിര്‍ത്തി ഫ്രാന്‍സുമായി കഴിഞ്ഞ ഡിസംബറിലും ധാരണയായിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ആഗോളസുരക്ഷയുടെയും സമാധാനത്തിന്റെയും പ്രതിബദ്ധതയുടെ ഭാഗമായി ഖത്തര്‍ നാറ്റോയുമായി സുരക്ഷാകരാറില്‍ ഒപ്പുവച്ചു.
ഉപരോധരാജ്യങ്ങള്‍ ആവശ്യപ്പെട്ടത് അല്‍ജസീറ അടച്ചുപൂട്ടണമെന്നായിരുന്നു. എന്നാലിപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാഴ്ചക്കാര്‍ക്ക് അല്‍ജസീറ ലഭ്യമാണെന്ന് മറ്റൊരു ട്വീറ്റില്‍ ജിസിഒ ചൂണ്ടിക്കാട്ടി.
ഒന്നാം നമ്പര്‍ അറബിക് ചാനലാണ് അല്‍ജസീറയെന്ന് വ്യക്തമാക്കുന്ന ഗ്രാഫിക് ഇമേജും പോസ്റ്റ് ചെയ്തിട്ടുണ്ട്. 140ലധികം രാജ്യങ്ങളിലെ ദശലക്ഷക്കണക്കിനു പേരിലേക്കാണ് ചാനല്‍ എത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി എഴുപത് ബ്യൂറോകളാണ് ചാനലിനുള്ളത്. മിഡില്‍ഈസ്റ്റില്‍ അഭിപ്രായസ്വാതന്ത്ര്യത്തിനായുള്ള സ്വതന്ത്രപ്ലാറ്റ്‌ഫോമാണ് അല്‍ജസീറയെന്നും ട്വിറ്ററില്‍ വ്യക്തമാക്കുന്നു. ഉപരോധ രാജ്യങ്ങളുടെ കഴിഞ്ഞ ഒരുവര്‍ഷത്തെ ഖത്തറിനെതിരെയുള്ള എല്ലാ നീക്കങ്ങളും പരാജയപ്പെട്ടതായി മറ്റൊരു ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നു.