ദോഹ: ഫ്രാന്‍സിലെ ഔദ്യോഗിക സന്ദര്‍ശനം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പൂര്‍ത്തിയാക്കി. സന്ദര്‍ശനവേളയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പ്, മുതിര്‍ന്ന ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ എന്നിവരുമായി അമീര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു പ്രധാനമായും ചര്‍ച്ചകള്‍. അമീറിന്റെ സന്ദര്‍ശനവേളയില്‍ നിരവധി സഹകരണ കരാറുകളിലും രണ്ടു രാജ്യങ്ങളും ഒപ്പുവച്ചു. ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ളോറന്‍സ് പാര്‍ലിയുമായി പ്രതിരോധസഹകരണം ചര്‍ച്ച ചെയ്തു.
മോണ്ട്- ഡെ- മാര്‍സനിലെ ഖത്തരി റാഫേല്‍ വ്യോമ സൈനിക പരിശീലന കേന്ദ്രവും അമീര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങളും പരിശീലനവും വിലയിരുത്തി. ഫ്രാന്‍സില്‍ ഊഷ്മളമായ സ്വീകരണവും വരവേല്‍പ്പും നല്‍കിയതിന് അമീര്‍ ഫ്രഞ്ച് പ്രസിഡന്റിന് നന്ദി അറിയിച്ചു.
രണ്ടുരാജ്യങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തിയതിനൊപ്പം പൊതുതാല്‍പര്യമുള്ള വിഷയങ്ങളിലെ അഭിപ്രായങ്ങളും അമീറും ഫ്രഞ്ചു പ്രസിഡന്റും പങ്കുവച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.