ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഖത്തറിനെതിരായ ഉപരോധം നിഷ്ഫലമെന്ന് തെളിഞ്ഞതായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. മാസങ്ങളായി നീണ്ടുനില്‍ക്കുന്ന പ്രതിസന്ധി മേഖലയുടെ സുരക്ഷാ- സാമ്പത്തിക കാഴ്ചപ്പാടുകളെ ദുര്‍ബലപ്പെടുത്തുകയാണെന്നും അമീര്‍ വ്യക്തമാക്കി. സുരക്ഷാ സഹകരണത്തില്‍ യൂറോപ്യന്‍ യൂണിയനെ കണ്ണാടിയാക്കണം. പുരോഗതിക്കും പുനരുദ്ധാരണത്തിനും യൂറോപ്യന്‍ യൂണിയന്‍ മാതൃകയാണ്.
തര്‍ക്കങ്ങളില്‍ നിന്നും സഹകരണത്തിലേക്കു മാറിയാല്‍ ഓരോരുത്തര്‍ക്കും സുരക്ഷാ രംഗത്ത് കൂടുതല്‍ ഉത്തരവാദിത്തം നിര്‍വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ജര്‍മനിയില്‍ 54-ാമത് മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അമീര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സഊദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ കഴിഞ്ഞവര്‍ഷം ജൂലൈ അഞ്ചിനാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തത്. ഖത്തര്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ചായികുന്നു കര, നാവിക, വ്യോമ ഉപരോധം നടപ്പാക്കിയത്.എന്നാല്‍ ദോഹ ആവര്‍ത്തിച്ച് ഈ ആരോപണങ്ങള്‍ തള്ളിക്കളയുകയും നിഷേധിക്കുകയുംചെയ്തു. ആരോപണങ്ങള്‍ക്ക് തെളിവുകള്‍ ആവശ്യപ്പെടുകയും ചെയ്തു. തങ്ങളുടെ അയല്‍ക്കാര്‍ നിര്‍മിച്ചിരിക്കുന്ന നിഷ്ഫലമായ പ്രതിസന്ധിയാണിതെന്ന് മ്യൂണിച്ച് സമ്മേളനത്തില്‍ അമീര്‍ ചൂണ്ടിക്കാട്ടി. ഞങ്ങളുടെ ജനങ്ങളുടെ മേല്‍ ചുമത്തിയിരിക്കുന്ന അനധികൃതവും ആക്രമണാത്മകവുമായ നടപടികളുടെ പ്രത്യാഘാതങ്ങള്‍ നിര്‍വീര്യമാക്കിയതിലൂടെ ഖത്തര്‍ അതിന്റെ പരമാധികാരം പരിപാലിക്കുകയാണ്- അമീര്‍ പറഞ്ഞു.
ആ അക്രമണാത്മക അഭിനേതാക്കള്‍ തങ്ങളുടെ ശാക്തികളികളാലും വിഭാഗീയ സംഘട്ടനങ്ങളാലും ചെറിയ രാജ്യങ്ങളെ കാലാളുകളായി ഉപയോഗിക്കുകയാണ്. ഉപരോധത്തിനെതിരായി ഖത്തര്‍ പുതിയ രാജ്യാന്തര വ്യാപാര പാതകള്‍ വികസിപ്പിക്കുകയും സാമ്പത്തിക വൈവിധ്യം ത്വരിതപ്പെടുത്തുകയും ചെയ്തു. നിരര്‍ഥകമായ ഉപരോധമാണ് രാജ്യം നേരിടുന്നത്. ഉപരോധ രാജ്യങ്ങളില്‍ ചിലത് മേഖലയില്‍ പ്രധാന്യമുള്ളവരാണ്.
നിയമവിരുദ്ധമായ നടപടികള്‍ ഖത്തര്‍ ജനതക്കു മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഒരു ചെറിയ രാജ്യത്തിന് എങ്ങനെ തങ്ങളുടെ നയതന്ത്ര നിലപാടും സാമ്പത്തിക നയതന്ത്രജ്ഞതയും ഉപയോഗിക്കാമെന്ന് പരാജയപ്പെട്ട ഈ ഉപരോധത്തിലൂടെ തെളിഞ്ഞു. അറബ് രാജ്യങ്ങള്‍ മാനുഷീക പ്രവര്‍ത്തന രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയും ഒന്നിച്ചു നില്‍ക്കുകയും ആവശ്യമാണ്. വിശുദ്ധ നഗരങ്ങളിലേക്ക് എല്ലാ വിശ്വാസികള്‍ക്കും പ്രവേശം ലഭിക്കണം. അത് തടയുന്നത് ചരിത്രത്തെ അശുദ്ധമാക്കലാണ്.
ഉപരോധം ഖത്തറിന് ചെറിയ കാലത്തെ സ്വാധീനം മാത്രമേ സൃഷ്ടിച്ചിരുന്നുള്ളു- അമീര്‍ വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയന്‍ മാതൃകയിലുള്ള സുരക്ഷാ ഉടമ്പടിയും കെട്ടുറപ്പും മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കു ആവശ്യമാണ്. രാജ്യങ്ങള്‍ക്കിടയിലെ ഭിന്നതകള്‍ മാറ്റിവെച്ച് സുരക്ഷാ കാര്യത്തില്‍ സംയോജിത നിലപാട് സ്വീകരിക്കണം. സുരക്ഷാ കെട്ടുറപ്പ് കൈവരിക്കുന്നതില്‍ രാജ്യത്തിന്റെ ഉത്കണ്ഠകള്‍ക്കു മേല്‍ നയതന്ത്ര സമ്മര്‍ദം പുലര്‍ത്താന്‍ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മധ്യ പൗരസ്ത്യ ദേശത്തെ സംബന്ധിച്ച് വിപുലമായ സുരക്ഷ കൈവരിക്കേണ്ട സമയമാണിത്. ഖത്തര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ മുന്‍കാല ചരിത്ര മറന്ന് സുരക്ഷയില്‍ ഒന്നിക്കണം. അടിസ്ഥാന സുരക്ഷാ നിയമങ്ങള്‍ക്കും നടപടികള്‍ക്കും വേണ്ടി ധാരണയിലെത്താന്‍ സാധിക്കണം. കുറഞ്ഞ പക്ഷം മിനിമം സുരക്ഷയെങ്കിലും ഉറപ്പു വരുത്താനാകുന്നത് സമാധാനവും സമൃദ്ധിയും ഉണ്ടാക്കും. ഇതൊരു ആഗ്രഹ പദ്ധതി മാത്രമാകരുതെന്നും അമീര്‍ പറഞ്ഞു.