X
    Categories: gulfNews

ഖത്തര്‍ അമീര്‍ ജിസിസി ഉച്ചകോടിയില്‍

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : 41 ാമത് ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമിം ബിന്‍ ഹമദ് അല്‍ താനി സഊദിയുടെ ചരിത്ര നഗരമായ അല്‍ ഉലയിലെത്തി. 43 മാസത്തെ ഇടവേളക്ക് ശേഷം സഊദിയിലെത്തുന്ന അമീറിനെ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സ്വീകരിച്ചു. മന്ത്രിമാരടങ്ങുന്ന സംഘം അമീറിനോടൊപ്പമുണ്ട്.

ഉപരോധം പിന്‍വലിച്ച് സഊദിയില്‍ നിന്ന് ഖത്തറിലേക്കുള്ള കര നാവിക വ്യോമ അതിര്‍ത്തി തുറന്നയുടനെ സഊദിയിലെത്തിയ ഖത്തര്‍ ഭരണാധികാരിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജിസിസി രാജ്യങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം ഉച്ചകോടിയിലുണ്ടാകും. ഇതുമായി ബന്ധപ്പെട്ട സുപ്രധാനമായ കരാറിലും സഊദിയെ കൂടാതെ യു എ ഇ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളും ഒപ്പ് വെച്ചേക്കും.

ഉച്ചകോടിയില്‍ പൂര്‍ണ്ണ ഐക്യം പുലരുമെന്നും മേഖലയിലെ വെല്ലുവിളികള്‍ ഒറ്റകെട്ടായി ഏറ്റെടുക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജിസിസി രാജ്യങ്ങളുടെ സ്ഥിരതയും സുരക്ഷയും ഊട്ടിയുറപ്പിക്കുന്നതിലും സര്‍വ മേഖലകളിലും സംയുക്ത പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിലും അംഗ രാജ്യങ്ങള്‍ക്കിടയില്‍ സഹകരണവും സമന്വയവും വര്‍ധിപ്പിക്കുന്നതിലും ഉച്ചകോടി നിര്‍ണ്ണായക തീരുമാനങ്ങളെടുക്കും.

 

Test User: